ad
Deshabhimani

മത്സ്യത്തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം വേണം: ഗവര്‍ണര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 18, 2017, 06:04 PM | 0 min read


കൊച്ചി > സമുദ്രവും മത്സ്യസമ്പത്തും പരിപോഷിക്കുന്നതിനോടൊപ്പം സംരക്ഷിക്കുന്നതിന് ഉതകുന്ന ഗവേണഷങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടല്‍സംരക്ഷണത്തിന്റെ പരമ്പരാഗതമായ അറിവുകള്‍ ഗവേഷകര്‍ ഉപയോഗപ്പെടുത്തണം. മത്സ്യസമ്പത്തിന്റെ കുറവ് സാധാരണക്കാരായ  മത്സ്യത്തൊഴിലാളികളുടെ ജീവിതം തകിടം മറിക്കുമ്പോള്‍ അവര്‍ക്കുകൂടി ഗുണംചെയ്യുന്നരീതിയില്‍ നിയമനിര്‍മാണം രാജ്യത്ത് നടപ്പാകണമെന്നും അദ്ദേഹം പറഞ്ഞു.
അമിതവണ്ണവും കൊളസ്ട്രോളും കുറയ്ക്കുന്നതിന് വേണ്ടി സിഎംഎഫ്ആര്‍ഐ കടല്‍പായലില്‍നിന്ന് നിര്‍മിച്ച മരുന്ന്, മീനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി നിര്‍മിച്ച മൊബൈല്‍ ആപ് എന്നിവയും ചടങ്ങില്‍ ഗവര്‍ണര്‍ പുറത്തിറക്കി. സിഎംഎഫ്ആര്‍ഐയുടെ പഠനറിപ്പോര്‍ട്ടുകളും ഗവര്‍ണര്‍ പ്രകാശനം ചെയ്തു.

കാലാവസ്ഥാവ്യതിയാനം കാരണം മത്സ്യമേഖലയ്ക്കുണ്ടായ പ്രത്യാഘാതം വിശദമായി മനസ്സിലാക്കുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ പഠനം നടത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരുവര്‍ഷത്തെ  പ്ളാറ്റിനം ജൂബിലി ആഘോഷപരിപാടികള്‍ സമാപിക്കുന്നതോടെ ഗവേഷണഫലം പുറത്തുവിടും. ചൂരമത്സ്യം കൂടുകൃഷി വഴി ഉല്‍പ്പാദിപ്പിക്കുന്നതിന് ശ്രമം ആരംഭിക്കും. ചൂര മത്സ്യത്തിന്റെ വിത്തുല്‍പ്പാദനവും പ്രജനന സാങ്കേതിക വിദ്യകളും സിഎംഎഫ്ആര്‍ഐ വികസിപ്പിക്കും. ദേശീയ സമുദ്രകൃഷി നയം (നാഷണല്‍ മാരികള്‍ച്ചര്‍ പോളിസി) രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മാര്‍ഗ്ഗ നിര്‍ദേശം സമര്‍പ്പിക്കും. കടലിലെ ഉപരിതല മത്സ്യസമ്പത്ത് പരിപാലനവുമായി ബന്ധപ്പെട്ട് ഉപഗ്രഹ സഹായത്തോടെയുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ (ഐസിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ കെ ജെന അധ്യക്ഷനായി. എംപിഇഡിഎ ചെയര്‍മാന്‍ ഡോ. എ ജയതിലക് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home