15 November Thursday
മുല്ലപ്പെരിയാറിൽ 141.3

ഇടുക്കി@ 2401.68 അടി; ഒഴുക്കുന്നത്‌ 15 ലക്ഷം ലിറ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ഇടുക്കി > കനത്ത മഴയിൽ ഇടുക്കിയിലെ  ജലനിരപ്പ‌് വീണ്ടും ഉയർന്നു. വെള്ളിയാഴ്‌ച ജലനിരപ്പ്‌ 2401.68 അടിയായി. പദ്ധതി മേഖലകളിലെല്ലാം കനത്തമഴ പെയ്‌തതാണ്‌ ജലനിരപ്പ്‌ ഉയരാനിടയായത്‌. മുല്ലപ്പെരിയാറിൽനിന്നുള്ള 23064 ഘനയടി വെള്ളവും ഇടുക്കിയിലെത്തുന്നു. സെക്കൻഡിൽ സംഭരണിയിലേക്ക്‌ ഒഴുകിയെത്തുന്നത്‌ 14.22 ലക്ഷം ലിറ്ററാണ്‌.

ഇടുക്കിയിലേക്ക്‌ ഒഴുകുന്ന പത്തോളം പുഴകളും നൂറുകണക്കിന്‌ അരുവികളും ജലസമൃദ്ധമായതിനാൽ ജലം ഉയർന്നുതന്നെ നിൽക്കുകയാണ്‌. ഏകദേശം 15 ലക്ഷം ലിറ്റർ ഒഴുക്കിവിടുന്നുണ്ട്‌. മൂലമറ്റത്ത്‌ പരമാവധി വൈദ്യുതോൽപ്പാദനം നടക്കുന്നു. നിലവിൽ അഞ്ചു ഷട്ടറുകളികളിലൂടെയും വെള്ളം പുറത്തേക്ക്‌ ഒഴുക്കിവിടുന്നു. സംഭരണിയുടെ ആകെശേഷി 2403 അടിയാണ‌്.

എന്നാൽ, ഇടുക്കിയിൽ 2408 അടിവരെ  വെള്ളം ശേഖരിച്ചുനിർത്താനാവും. ഇപ്പോഴും ചെറുതോണി പാലത്തിന്‌ മുകളിലൂടെ വെള്ളം ഒഴുകുന്നുണ്ട്‌. മുല്ലപ്പെരിയാർ പദ്ധതി മേഖലയിൽ 93 മി. മീറ്ററും തേക്കടിയിൽ 78 മി.മീറ്ററും മഴ പെയ്‌തു. സെക്കൻഡിൽ 25400 ഘനയടി ഒഴുകിയെത്തുമ്പോൾ തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌ 2336 ഘനയടിയാണ്‌.  ഇതാണ്‌ പരമാവധി കൊണ്ടുപോകാൻ കഴിയുന്നത്‌. തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളം കഴിഞ്ഞ്‌ 23064 ഘനയടി ഇടുക്കിയിലേക്ക്‌ ഒഴുകുന്നുണ്ട്‌.

പ്രധാന വാർത്തകൾ
Top