19 September Wednesday

ഇന്ധനനീക്കം നിലച്ചു; ക്ഷാമം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

കൊച്ചി
പ്രളയത്തിനൊപ്പം  ഇന്ധനക്ഷാമവും രൂക്ഷം. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന ക്ഷാമം വെള്ളിയാഴ‌്ചയോടെയാണ‌് രൂക്ഷമായത‌്. എച്ച‌്പിസി, ഐഒസി, ബിപിസിഎൽ എന്നിവയുടെ പ്ലാന്റുകളിൽ നിന്നുള്ള ഇന്ധനനീക്കം നിലച്ചതാണ് പ്രതിസന്ധിക്കു കാരണം.  എച്ച‌്പിസിക്കു മംഗലാപുരത്തുനിന്നാണ‌് വടക്കൻ ജില്ലകളിൽ ഇന്ധനമെത്തിക്കുന്നത‌്. ബിപിസിഎല്ലിന‌് അമ്പലമുകളിൽ പ്ലാന്റുണ്ട‌്.

പാലക്കാടുമുതൽ തിരുവനന്തപുരംവരെയുള്ള പമ്പുകളിലേക്ക് സ്റ്റോക്ക‌് എത്തിക്കുന്നത് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇരുമ്പനം ഡിപ്പോയിൽനിന്നാണ്.  രണ്ടുദിവസമായി ഗതാഗതതടസ്സമുള്ളതിനാൽ ചരക്കുനീക്കം പൂർണമായി നിലച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒട്ടുമിക്ക പമ്പുകളും വെള്ളം കയറിയതിനാൽ അടച്ചു. മിക്ക പമ്പുകളിലും സ്റ്റോക്ക് തീർന്നു. ക്ഷാമം മുന്നിൽക്കണ്ട് ആളുകൾ ഇന്ധനം വാങ്ങി ശേഖരിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

ഇന്ധനക്ഷാമം രൂക്ഷമാണെന്ന വാർത്ത പ്രചരിച്ചതോടെ വെള്ളിയാഴ‌്ച മിക്ക പമ്പുകൾക്കുമുന്നിലും വാഹനങ്ങളുടെ നീണ്ടനിരയായി. സ്റ്റോക്ക‌് തീർന്ന പമ്പുകൾ നേരത്തെ അടച്ചു. സ്റ്റോക്കുള്ള പമ്പുകൾ തേടി കൂടുതൽ പേരെത്തുന്നതോടെ ഉള്ള ഇന്ധനവും ഉടൻ തീരുമെന്ന‌് ഇന്ധനവ്യാപാരികൾ പറഞ്ഞു.

പത്തനംതിട്ട, തൃശൂർ ജില്ലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക‌് ഇന്ധനവിതരണത്തിന‌് മുൻതൂക്കം നൽകേണ്ടതിനാൽ പൊതുജനത്തിന‌ുള്ള വിതരണത്തിന‌് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. ആംബുലൻസ് പോലുള്ള അവശ്യ സർവീസുകൾക്കുമാത്രം ഇന്ധനം നൽകിയാൽമതിയെന്ന നിർദേശവും  ലഭിച്ചതായി വ്യാപാരികൾ അറിയിച്ചു.

റോഡുകളിൽനിന്നും വെള്ളം ഇറങ്ങാതെ ഇന്ധനം നിറച്ച ടാങ്കറുകളുമായി പോകുന്നത് അപകടകരമാണെന്നതിനാൽ ടാങ്കറുകൾ ഇന്ധനം നിറയ‌്ക്കാൻ തയ്യാറാകാത്ത അവസ്ഥയുമുണ്ട്. അതേസമയം, നിലവിലെ സാഹചര്യം ഉടൻ മാറുമെന്നും ചരക്കുനീക്കം ഉടൻതന്നെ പുനരാരംഭിക്കുമെന്നും കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top