19 June Tuesday

ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017


കൊച്ചി > നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ചതന്നെ അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗം ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അടിയന്തരപ്രാധാന്യമുള്ള കേസല്ല ഇതെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ പറഞ്ഞു.

കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് വ്യാഴാഴ്ച വാദംകേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ദിലീപിനുവേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ തിങ്കളാഴ്ച രാവിലെയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ദിലീപിനെതിരെ തെളിവുകളൊന്നുമില്ലെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിയില്‍പറയുന്നു. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. അതിനാല്‍ ദിലീപിന് ജാമ്യം നല്‍കണമെന്നാണ് ജാമ്യാപേക്ഷയിലെ വാദം. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.

  അതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് എംഎല്‍എമാരുടെ മൊഴിയെടുത്തു. കെ അന്‍വര്‍ സാദത്ത്, മുകേഷ് എന്നിവരുടെ മൊഴിയാണ് അന്വേഷണസംഘം എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍വച്ച് ശേഖരിച്ചത്. പി ടി തോമസ് എംഎല്‍എയുടെ മൊഴിയെടുക്കല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.

ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായുള്ള ബന്ധത്തിലാണ് അന്‍വര്‍ സാദത്തിന്റെ മൊഴിയെടുത്തത്. അന്‍വര്‍ സാദത്ത് ദിലീപുമായി ദീര്‍ഘമായി ഫോണില്‍ സംസാരിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നേരത്തെ സുഹൃത്തുക്കളാണെന്ന മറുപടിമാത്രമാണ് അന്‍വര്‍ നല്‍കിയത്. ദിലീപുമായി ഫോണ്‍ ചെയ്യാനുണ്ടായ സാഹചര്യം അന്വേഷണസംഘത്തെ അറിയിച്ചെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്.

നടിക്കുനേരെ അക്രമം നടന്ന സംഭവത്തിന് തൊട്ടടുത്ത ദിവസംമുതലുള്ള ഫോണ്‍സംഭാഷണങ്ങളെപ്പറ്റി അന്വേഷണോദ്യോഗസ്ഥര്‍ ചോദിച്ചു. ദിലീപിന്റെ വീട്ടിലും പോയിരുന്നു. ജയ്ഹിന്ദ് ചാനലുമായി ബന്ധപ്പെട്ടാണ് ദിലീപുമൊന്നിച്ച് വിദേശത്ത് പോയത്. ദിലീപുമായി സാമ്പത്തിക  ഇടപാടില്ലെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നും പൊലീസിനെ അറിയിച്ചതായും അന്‍വര്‍ സാദത്ത് പറഞ്ഞു.

പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് മുകേഷിനോട് ചോദിച്ചത്. സുനി ഒരുവര്‍ഷം തന്റെ ഡ്രൈവറായിരുന്നുവെന്നും ആ ബന്ധമാണ് തനിക്കുള്ളതെന്നും മുകേഷ് മൊഴിനല്‍കി.

അതിനിടെ, സ്പീക്കറുടെ അനുമതിയില്ലാതെയാണ് എംഎല്‍എ ഹോസ്റ്റലില്‍വച്ച് മൊഴിയെടുത്തതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഇക്കാര്യം നിയമസഭാ സെക്രട്ടറി പൊലീസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, എംഎല്‍എമാര്‍ പറഞ്ഞതനുസരിച്ച് ഹോസ്റ്റലില്‍നിന്ന് മൊഴിയെടുത്തതെന്ന് പൊലീസ് മറുപടി നല്‍കി.

കലക്ടര്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി
തൃശൂര്‍ > നടന്‍ ദിലീപ് ചാലക്കുടിയില്‍ ഡി സിനിമാസ് എന്ന തിയറ്റര്‍ സമുച്ചയം സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമി കൈയേറി വ്യാജ രേഖകള്‍ സൃഷ്ടിച്ചാണെന്ന പരാതിയെപ്പറ്റി തൃശൂര്‍ കലക്ടര്‍ ഡോ. എ കൌശികന്‍ പ്രാഥമിക റിപ്പോര്‍ട്ട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് നല്‍കി. പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കൂടുതല്‍ രേഖകളുടെ വിശദപരിശോധന ആവശ്യമായതിനാല്‍ കുറെക്കൂടി സമയം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈയേറിയെന്നു പറയുന്ന സ്ഥലം മുമ്പ് വലിയമ്മ തമ്പുരാന്‍ കോവിലകം എസ്റ്റേറ്റ് ഭൂമിയില്‍പെട്ടതാണ്. 35 സെന്റ്, 82 സെന്റ് എന്നിങ്ങനെ രണ്ട് ആധാരങ്ങളിലുള്ള ഭൂമിയാണ് ദിലീപിന്റെ ഉടമസ്ഥതയില്‍ ഇപ്പോഴുള്ളത്. ഈ സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്നും തിരിച്ചുപിടിക്കണമെന്നും കാണിച്ച് അഡ്വ. കെ സി സന്തോഷാണ് പരാതി നല്‍കിയത്. 2014ല്‍ റവന്യൂ വകുപ്പിനും പരാതി നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തൃശൂര്‍ കലക്ടറായിരുന്ന എം എസ് ജയ രണ്ടുതവണ ഹിയറിങ് നടത്തി ദിലീപിന്റെ ഉടമസ്ഥാവകാശം ശരിവച്ച് റിപ്പോര്‍ട്ട് നല്‍കി. 2015ല്‍ ലാന്‍ഡ് റവന്യൂ കമീഷണറുടെ നിര്‍ദേശപ്രകാരം റവന്യൂ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തി കലക്ടറുടെ റിപ്പോര്‍ട്ട് തള്ളി വിശദമായ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചു. ചാലക്കുടിയിലെ ഭൂമി സംബന്ധിച്ച് ബോര്‍ഡില്‍നിന്ന് റിപ്പോര്‍ട്ട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

ഡി സിനിമാസ്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ
 ചാലക്കുടി > നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയറ്റര്‍ കെട്ടിടം നിര്‍മിച്ച സ്ഥലം കൈയേറിയതാണെന്ന പരാതിയില്‍ സമഗ്ര അന്വേഷണത്തിന് വിജിലന്‍സിന് ശുപാര്‍ശ ചെയ്യാന്‍ ചാലക്കുടി നഗരസഭാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു.

അനധികൃതകൈയേറ്റം, വ്യാജരേഖ ചമയ്ക്കല്‍, കേരള മുനിസിപ്പല്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ യുഡിഎഫ് ഭരണസമിതി വഴിവിട്ട് നടത്തിയ ധനസമാഹരണം എന്നിവയെ സംബന്ധിച്ച്  അന്വേഷിക്കണമെന്നാണ് കൌണ്‍സില്‍ ആവശ്യപ്പെട്ടത്.

ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ പി എം ശ്രീധരന്‍, ജിജന്‍ മത്തായി, വി സി ഗണേശന്‍, വി ജെ ജോജി, ശശി കെ കോട്ടായി, കെ എം ഹരിനാരായണന്‍, ബിജി സദാനന്ദന്‍, ബീന ഡേവിസ് എന്നിവര്‍  സംസാരിച്ചു.
ഡി സിനിമാസ് സംബന്ധിച്ച വിഷയം ചര്‍ച്ചയാകുമെന്ന് ഭയന്ന് പ്രതിപക്ഷത്തെ യുഡിഎഫ് അംഗങ്ങള്‍ വാക്കൌട്ട് നടത്തി.

പ്രധാന വാർത്തകൾ
Top