22 November Thursday

പാർലമെന്റിൽ ഒറ്റക്കെട്ടായി നീങ്ങാൻ പ്രതിപക്ഷം

എം പ്രശാന്ത്Updated: Tuesday Jul 17, 2018

ന്യൂഡൽഹി  > രാജ്യത്ത് ദളിത്‐ ആദിവാസി‐ ന്യൂനപക്ഷ വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്ന് പ്രതിപക്ഷപാർടികളുടെ കൂട്ടായ്മ. ഗോസംരക്ഷണത്തിന്റെയും മറ്റും പേരിലുള്ള ആൾക്കൂട്ടക്കൊലകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഇരുസഭയിലും ഉന്നയിക്കാൻ തിങ്കളാഴ്ച ചേർന്ന പ്രതിപക്ഷ പാർടികളുടെ യോഗം തീരുമാനിച്ചു. എസ്സി‐എസ്ടി വിഭാഗങ്ങളുടെ സംവരണ വിഷയം, കാർഷിക പ്രതിസന്ധി, വിലക്കയറ്റം തുടങ്ങി പാർലമെന്റിൽ ഉയർത്തേണ്ട വിഷയങ്ങൾ ചർച്ച ചെ്‌തു.

രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്  ഉടൻ നടത്തണമെന്ന ആവശ്യവും മുന്നോട്ടുവയ്ക്കും. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയായി ആര് മത്സരിക്കണമെന്നത് ചർച്ചചെയ്തില്ല. തൃണമൂലിന്റെ സുകേന്ദുശേഖർ റോയിയുടെ പേര് ഉയർന്നുവന്നിരുന്നെങ്കിലും ഇടതുപക്ഷ പാർടികളുടെ  എതിർപ്പ് കണക്കിലെടുത്ത് പിൻവാങ്ങി.തിങ്കളാഴ്ച പാർലമെന്റ് മന്ദിരത്തിൽ ചേർന്ന പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ 13 പാർടികളുടെ പ്രതിനിധികൾ പങ്കെടുത്തു. സിപിഐ എം, സിപിഐ, കോൺഗ്രസ്, എസ്പി, തൃണമൂൽ, എൻസിപി, ഡിഎംകെ, ആർജെഡി, മുസ്ലിംലീഗ്, കേരള കോൺഗ്രസ് തുടങ്ങിയ കക്ഷികൾ യോഗത്തിനെത്തി. വർഷകാല സമ്മേളനത്തിനു മുന്നോടിയായി ചൊവ്വാഴ്ച സ്പീക്കർ സുമിത്ര മഹാജൻ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് വർഷകാല സമ്മേളനത്തിന് തുടക്കം.

പ്രധാന വാർത്തകൾ
Top