19 July Thursday

മറയൂർ ചന്ദനക്കാട്ടിൽ തീപിടിത്തം ; 200 ഏക്കറോളം വനം കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018


മറയൂർ > കേരളത്തിന്റെ പൈതൃക സമ്പത്തായ മറയൂരിലെ ചന്ദനക്കാടുകളിൽ തീപടർന്ന് വൻ നാശം. വിഷു ദിവസം രാവിലെ പത്തിന് മറയൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള മാട്മന്ത വാച്ച്ടവർ ഭാഗത്താണ് തീ പടർന്നത്. ചെറു ചന്ദനമരങ്ങൾ ഉൾപ്പെടെ നിരവധി മരങ്ങൾ കത്തിനശിച്ചു. മറയൂർ ചന്ദന ഡിവിഷൻ ഓഫീസിൽ നിന്നും ഒരുകിലോ മീറ്റർ മാത്രം അകലെയാണ് തീപ്പിടിത്തം. ചന്ദന മരങ്ങൾ ധാരാളമുള്ള ഭാഗത്തേക്ക് തീ കയറാതിരിക്കാൻ വനപാലകർ ഫയർലൈനിൽ കൗണ്ടർ ഫയർ നൽകി സുരക്ഷിതമാക്കി. നൂറ് ഹെക്ടറോളം സ്ഥലത്ത് തീ പടർന്നതായാണ് വിവരം. മറയൂർ ചന്ദന റിസർവിൽ ചന്ദന മരങ്ങൾ കുറവുള്ള ഭാഗത്താണ് തീ പടർന്നത്. തിങ്ങി വളരുന്ന ഭാഗത്തേക്ക് തീ പടരാതിരിക്കാൻ വനപാലകരും വന സംരക്ഷണ സമിതി പ്രവർത്തകരും കഠിന പരിശ്രമം നടത്തി.

മലമുകളിലേക്ക് തീ കത്തിക്കയറികൊണ്ടിരിക്കകുന്നതിനിടെ അപ്രതീക്ഷിതമായി മഴപെയ്തതോടെ അതിർത്തിയായ ഇരവികുളം ദേശീയ ഉദ്യാനത്തിലേക്ക് കടക്കുന്നതിന് മുമ്പ് തീ അണഞ്ഞു. 

ചന്ദനക്കാട്ടിലെ ഇരുനൂറ് ഏക്കറോളം വനമേഖല കത്തി നശിച്ചതായാണ് ഏകദേശ കണക്ക്. കാട് കഠിനമായി വരണ്ട് കിടക്കുന്നതിനാൽ തീ നിയന്ത്രിക്കുന്നത് വനപാലകരെ സംബന്ധിച്ചിടത്തോളം വളരെ അപകടം നിറഞ്ഞ ജോലിയായിരുന്നു. 20 അടിയോളം ഉയർന്ന കാട്ടുതീയിൽ നിന്ന് റെയിഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വനപാലകരുടെ ശാസ്ത്രീയവും ജീവൻ പണയപ്പെടുത്തി നടത്തിയ സാഹസിക പ്രവർത്തനവുമാണ് കോടികൾ വിലവരുന്ന ചന്ദനക്കാടുകൾ സംരക്ഷിക്കാൻ കഴിഞ്ഞത്.

മറയൂർ റെയിഞ്ച് ഓഫീസർ ജോബ് ജെ നെരിയാംപറമ്പിൽ, ഡെപ്യൂട്ടി റെയിഞ്ചർ നിസാം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിനീഷ് എം, ഷിബുകുട്ടൻ, സജി എന്നിവരും നെല്ലിപ്പെട്ട് കൂടി വന സംരക്ഷണ സമിതി പ്രവവർത്തകരും മറയൂർ ഗ്രാമം വനസംരക്ഷണ സമിതി പ്രവർത്തകരും നാച്ചിവയൽ, മറയൂർ ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ട്രൈബൽ വാച്ചർമാരും അടങ്ങുന്ന  അൻപതോളം വരുന്ന സംഘമാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്.  ചന്ദന മരങ്ങൾ ഇടതിങ്ങി വളരുന്ന വന ഭാഗം സുരക്ഷിതമാക്കിയതായി റെയിഞ്ച് ഓഫീസർ പറഞ്ഞു.

പ്രധാന വാർത്തകൾ
Top