ad
Deshabhimani

നാടിന്റെ വികസനത്തിന് ഒന്നിക്കണം: പിണറായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 16, 2016, 08:41 PM | 0 min read

കാഞ്ഞങ്ങാട് > നാടിന്റെ വികസനത്തിനായി ഒന്നിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ കേരളം വലിയ പിന്നോട്ടടിയാണ് നേരിടുന്നത്. ഒട്ടേറെ നേട്ടമുണ്ടാക്കിയ നമ്മള്‍ ഇന്ന് ഒന്നിനും മാതൃകയല്ലാതായി. നാടിനോട് പ്രതിബദ്ധതയില്ലാത്തവര്‍ അധികാരത്തില്‍ വന്നതിന്റെ കെടുതിയാണ് അനുഭവിക്കുന്നത്. നവകേരള മാര്‍ച്ചിന് ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി. 

രാവിലെ കണ്ടവരെല്ലാം പറഞ്ഞത് കാസര്‍കോടിന്റെ വികസനത്തെക്കുറിച്ചാണ്. കാസര്‍കോടിന്റെ വികസനമെന്നത് മലബാറിന്റെ വികസനമാണ്. ഇക്കാര്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഉന്നയിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. പലപ്പോഴായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരുകള്‍  വന്നപ്പോള്‍ പലതും ചെയ്തിട്ടുണ്ട്. എന്നാല്‍, പൂര്‍ണമായില്ല. യുഡിഎഫ് വരുമ്പോള്‍ എല്‍ഡിഎഫ് തുടങ്ങിയതൊന്നും മുന്നോട്ടുകൊണ്ടുപോകാന്‍ തയ്യാറാകില്ല. നാടിനെ പൂര്‍ണമായും തകര്‍ത്താകും അവര്‍ ഇറങ്ങിപ്പോകുക. പിന്നീടു വരുന്ന ഇടതു സര്‍ക്കാരിന് യുഡിഎഫ് തകര്‍ത്ത കേരളത്തെ രക്ഷപ്പെടുത്തിയെടുക്കുന്നത് വലിയ പരിശ്രമമാകും. അതിനിടയില്‍ മലബാറിന്റെ വികസനത്തിലേക്ക് പൂര്‍ണമായും ശ്രദ്ധിക്കാന്‍ കഴിയാതെ വരും. എന്നിരുന്നാലും ഇടതുപക്ഷ സര്‍ക്കാരുകള്‍ വരുന്ന സന്ദര്‍ഭത്തില്‍മാത്രമാണ് ഇവിടെ വികസനം വരുന്നത്.

നാലരവര്‍ഷത്തെ യുഡിഎഫ് ഭരണം സര്‍വമേഖലയെയും തകര്‍ത്തു. ലോക മാതൃകയായ ആരോഗ്യമേഖല പാടേ തകര്‍ന്നു. ഡോക്ടര്‍മാരും മരുന്നും ഇല്ല. നേഴ്സുമാരുടെ ആയിരക്കണക്കിനുതസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ കിട്ടാത്ത അവസ്ഥ. ആശുപത്രികളെ സൂപ്പര്‍ സ്പെഷ്യാലിറ്റികളാക്കി എല്ലാവര്‍ക്കും വിദഗ്ധചികിത്സ ഉറപ്പുവരുത്തണമെന്നാണ് സിപിഐ എമ്മിന്റെ കാഴ്ചപ്പാട്. കാര്‍ഷികമേഖലയും വിദ്യാഭ്യാസമേഖലയും വലിയ പ്രതിസന്ധിയിലാണ്.

കാസര്‍കോടിനോട് യുഡിഎഫ് സര്‍ക്കാര്‍ വലിയ അവഗണനയാണ് കാട്ടുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരോട് നീതി പുലര്‍ത്തുന്നില്ല. ഇവരുടെ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് തുടങ്ങുമെന്നു പറഞ്ഞ് തറക്കല്ലിട്ടിട്ട് രണ്ടുവര്‍ഷമായി. ലിറ്റര്‍കണക്കിന് എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ട പ്രദേശങ്ങള്‍ കാസര്‍കോട്ടുണ്ട്. ഇതുമൂലം നഷ്ടമായ മണ്ണിന്റെ ജൈവാവസ്ഥ വീണ്ടെടുക്കാന്‍ കഴിയണം. കോണ്‍ഗ്രസിനും ബിജെപിക്കും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഒരേ നിലപാടാണ്. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്കൊപ്പമാണ് ഇരുകൂട്ടരും.

ദേശീയപാതയുടെ സ്ഥിതി പരിതാപകരമാണ്. സാധാരണ റോഡിനുണ്ടാകേണ്ട സൌകര്യംപോലുമില്ല. സ്ഥലം ഉണ്ടെങ്കിലും റോഡ് വികസനത്തിന് നടപടിയില്ല. ഇതിനെല്ലാം പരിഹാരമായി കേരള പഠന കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആശയമാണ് നവകേരള മാര്‍ച്ചില്‍ ജനങ്ങളുമായി ചര്‍ച്ചചെയ്യുന്നത്– പിണറായി പറഞ്ഞു.

ഐടി മേഖലയിലെ പുരോഗതിക്ക് തുടര്‍ച്ചയുണ്ടായില്ല
കാസര്‍കോട് > ഐടി മേഖലയില്‍ നേരത്തെയുണ്ടായ പുരോഗതിക്ക് തുടര്‍ച്ചയുണ്ടായില്ല എന്നത് ഗൌരവമായി കാണണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെല്‍ട്രോണും ടെക്നോപാര്‍ക്കുമടക്കമുള്ള പദ്ധതികള്‍ ഇടത് ഭരണകാലത്താണ് തുടങ്ങിയത്. അതിന് എത്രത്തോളം മികച്ചരീതിയിലുള്ള തുടര്‍ച്ചയുണ്ടായി എന്ന കാര്യമാണ് പരിശോധിക്കേണ്ടത്. ഐടി മേഖലയിലെ സംസ്ഥാനത്തിന്റെ പിന്നോട്ടടിക്ക് കാരണം, കംപ്യൂട്ടറിനോടുള്ള ആദ്യകാലത്തെ ചിലരുടെ എതിര്‍പ്പല്ല. കംപ്യൂട്ടറിനെ തുടക്കത്തില്‍ ചിലര്‍ എതിര്‍ത്തത്, അന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭയംകൊണ്ടാണ്. അങ്ങനെയല്ലെന്ന് അറിഞ്ഞശേഷം അവര്‍ അതുമായി നല്ലരീതിയില്‍ സഹകരിച്ചു. 

കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ഐടി വികസനം പ്രധാനമാണ്.  ഐടി രംഗത്ത് ഇന്ന് ഒരു പുരോഗതിയും ഉണ്ടാകുന്നില്ല. ഈ രംഗത്ത് അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടിന്റെയോ കര്‍ണാടകത്തിന്റെയോ അടുത്തെത്താന്‍പോലും നമുക്ക് കഴിയുന്നില്ല. ഐടി വികസനത്തില്‍ കേരളത്തിന്റെ പിന്നില്‍ നിന്നവരാണ് ഇപ്പോള്‍ നമ്മേക്കാള്‍ ഏറെ മുന്നില്‍. ഇതിന് ഉത്തരവാദി ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. സംസ്ഥാനത്ത് പശ്ചാത്തലസൌകര്യം വേണ്ടപോലെ ഒരുക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. പശ്ചാത്തലസൌകര്യം വികസിപ്പിക്കാതെ പുതിയ സംരംഭങ്ങള്‍ വരില്ല. ഇതിനായി ഒന്നുംചെയ്യാതെയാണ് സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത്.

സിപിഐ എമ്മിന്  ഇവന്റ് മാനേജ്മെന്റിന്റെ ആവശ്യമില്ല
കാഞ്ഞങ്ങാട് > നവകേരള മാര്‍ച്ച് നടത്താന്‍ സിപിഐ എമ്മിന് ഇവന്റ് മാനേജ്മെന്റിന്റെ ആവശ്യമില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വി എം സുധീരന്‍ ഇത്തരം ജല്‍പ്പനം നടത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. മാര്‍ച്ച് നടത്താനുള്ള കരുത്ത് പാര്‍ടിക്കുണ്ട്. ഏത് പരിപാടിയും സംഘടിപ്പിക്കാന്‍ ശേഷിയുള്ള പാര്‍ടിയാണ് ഇതെന്ന് രാഷ്ട്രീയ എതിരാളികളും പറയുന്നതാണ്. മാനസികനില തെറ്റിയതുകൊണ്ടാകാം സുധീരന്‍ ഇങ്ങനെ പറയുന്നത്. അതിനുള്ള കാരണം നവകേരള മാര്‍ച്ചിനെ സ്വീകരിക്കാന്‍ തടിച്ചുകൂടുന്ന ജനങ്ങളാണ്.

ജനങ്ങള്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ഒപ്പമാണ്. നാടുമുടിക്കുന്ന യുഡിഎഫിന്റെ ദുര്‍ഭരണത്തില്‍നിന്ന് എത്രയുംവേഗം രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കും. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം ചെയ്തികൊണ്ടാണ് ജനം യുഡിഎഫിനെ  കൈവിട്ടതെന്ന് മനസ്സിലാക്കണം– പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home