ad
Deshabhimani

നെല്ലെടുപ്പ് ഊര്‍ജിതം; സംഭരണം 32,000 ടണ്‍ കവിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2017, 08:00 PM | 0 min read

കോട്ടയം > സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിളവു ലഭിക്കുന്ന പുഞ്ചകൃഷിയുടെ വിളവെടുപ്പും നെല്ലുസംഭരണവും ജില്ലയില്‍ ഊര്‍ജിതം. കോട്ടയം, ചങ്ങനാശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലാണ് നെല്ല് സംഭരണം പുരോഗമിക്കുന്നത്. കര്‍ഷകര്‍ക്ക് നെല്ലുവില യഥാസമയം നല്‍കാനുള്ള ക്രമീകരണവും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.

സപ്ളൈകോ 32,353 ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. പല പാടശേഖരങ്ങളിലും മികച്ച വിളവുള്ളതിനാല്‍ 50,000 ടണ്‍ സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷ. ചങ്ങനാശേരി 585 ടണ്‍, കോട്ടയം 19,128 ടണ്‍, മീനച്ചില്‍ 138.35 ടണ്‍, വൈക്കം 12,500 ടണ്‍ എന്നിങ്ങനെയാണ് സംഭരിച്ചത്. ജനുവരി ഒടുവിലാണ് ജില്ലയില്‍ പുഞ്ചകൃഷിയുടെ വിളവെടുപ്പിന് തുടക്കമായത്. ഈ സീസണി ല്‍ കൃഷി ചെയ്യുന്ന പാടശേഖരങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ മെയ് വരെ വിളവെടുപ്പ് നീളും. ചങ്ങനാശേരി-2948, കാഞ്ഞിരപ്പള്ളി-അഞ്ച്, കോട്ടയം-13307, മീനച്ചില്‍-163, വൈക്കം 6503 എന്നീ ക്രമത്തില്‍ 22,926 കര്‍ഷകര്‍ സപ്ളൈക്കോയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നെല്ല് സംഭരിക്കാന്‍ സ്വകാര്യമില്ലുകളുമായാണ് സപ്ളൈകോയുടെ കരാര്‍. സംഭരിക്കുന്ന നെല്ല് അരിയാക്കി മില്ലുകളില്‍ നിന്ന് തിരികെ വാങ്ങും. ചങ്ങനാശേരിയില്‍ മൂന്നും കോട്ടയത്ത് 27, മീനച്ചിലില്‍ 6, വൈക്കത്ത് 30 മില്ലുകള്‍ക്കാണ് സംഭരണ ചുമതല.

ഇതുവരെ 59,28,44,782 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.  കോട്ടയം താലൂക്കില്‍ 39,47,84,347 രൂപയും മീനച്ചിലില്‍ 5,33,835 രൂപയും വൈക്കത്ത് 19,75,26,600 രൂപയും വിതരണം  ചെയ്തു. ചങ്ങനാശേരി താലൂക്കില്‍ നെല്ലുവില കൊടുത്തുതുടങ്ങിയിട്ടില്ല. മാര്‍ച്ച് 15 വരെയുള്ള കണക്കില്‍ 13,56,74,910 രൂപയാണ് അവശേഷിക്കുന്നത്. സംസ്ഥാന ബജറ്റില്‍ 700 കോടിരൂപ നെല്ല്സംഭരണത്തിന് വകയിരുത്തിയിട്ടുള്ളതിനാല്‍ കാലതാമസമില്ലാതെ മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് ലഭ്യമാകും.

ജില്ലയില്‍ ഏതാനും ദിവസങ്ങളായി വേനല്‍മഴ ശക്തമായി തുടരുന്നത് കര്‍ഷകര്‍ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കനത്തമഴയില്‍ കൊയ്യാറായ നെല്‍ക്കതിരുകള്‍ പാടത്തേക്ക് വീണു. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊയ്ത്ത്യന്ത്രം ഇറക്കാനും കഴിയില്ല. ഈ സാഹചര്യമുണ്ടായാല്‍ ആളുകളെ ഇറക്കി കൊയ്യേണ്ടിവരും. കൊയ്യുന്ന കറ്റ കളങ്ങളിലെത്തിക്കുവാനും മെതിച്ച് നെല്ലാക്കിയെടുക്കുവാനും കൂടുതല്‍ മനുഷ്യധ്വാനവും വലിയതോതില്‍ കൂലിച്ചെലവും വേണം.  ഇത് കൃഷി ലാഭകരമല്ലാത്ത അവസ്ഥ സൃഷ്ടിക്കുമെന്നാണ് കര്‍ഷകരുടെ ഭയപ്പാട്.

ഇടതുപക്ഷ സര്‍ക്കാരിന്റെ ശക്തമായ നടപടികളെ തുടര്‍ന്നാണ് സംസ്ഥാനത്ത് നെല്‍കൃഷി വീണ്ടും സജീവമാകുന്നത്. നവകേരള മിഷന്റെ ഭാഗമായുള്ള ഹരിതകേരളം പദ്ധതിയിലൂടെ തരിശുനിലങ്ങളിലും കൃഷി നടപ്പാക്കുവാനാണ് തീരുമാനം. ജില്ലയില്‍ മെത്രാന്‍കായലടക്കം അഞ്ഞൂറിലേറെ ഏക്കറില്‍ നെല്‍കൃഷി പുനഃരാരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home