ad
Deshabhimani

ലാവ് ലിന്‍: ആദ്യകരാര്‍ ജി കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 15, 2017, 07:17 PM | 0 min read



കൊച്ചി > ലാവ്ലിന്‍ കമ്പനിയുമായി ആദ്യകരാര്‍ ഒപ്പുവച്ചത് ജി കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണെന്നും സിബിഐ അന്വേഷണഘട്ടത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ മുഖേന ഇക്കാര്യം അറിയിച്ചത്. 

കേസില്‍ പിണറായിക്കെതിരെ  സിബിഐ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതകളുടെയും രേഖകളുടെയും പിന്‍ബലം ഇല്ലാത്തതുമാണ്. ഗൂഢാലോചനയ്ക്ക് ഒരു തെളിവുമില്ല. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവ്ലിന്‍ കമ്പനി സാമ്പത്തികസഹായം നല്‍കുന്നതിന് ധാരണാപത്രത്തിലോ കരാറിലോ വ്യവസ്ഥ ഉണ്ടായിരുന്നില്ല. സാമ്പത്തികസഹായ വാഗ്ദാനത്തിന് കരാറുമായി ബന്ധമില്ല. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിലാണ് കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തലശേരിയില്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് വാഗ്ദാനം നല്‍കിയത്.

1995 ആഗസ്ത് 10നാണ് വൈദ്യുതി ബോര്‍ഡ് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നത്. 1996 ഫെബ്രുവരി 24ന് മൂന്ന് പ്രത്യേക കരാറുകളും ഒപ്പുവച്ചു. കുറ്റ്യാടി വൈദ്യുതി പദ്ധതിക്കായി ബോര്‍ഡ് നേരത്തെ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഇടുക്കി പദ്ധതിയടക്കമുള്ള പദ്ധതികള്‍ക്കായി കനേഡിയന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്റായിരുന്നു ലാവ്ലിന്‍ കമ്പനിയെന്നും വിശദീകരണപത്രികയില്‍ പറഞ്ഞു.

തുടര്‍വാദം നാളെ
കൊച്ചി > ലാവ്ലിന്‍കേസില്‍ സിബിഐയുടെ  റിവിഷന്‍ ഹര്‍ജിയില്‍ തുടര്‍വാദം വെള്ളിയാഴ്ചത്തേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരിഷ് സാല്‍വെ വെള്ളിയാഴ്ച ഹാജരാകുമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി ഉബൈദ് കേസ്വാദം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home