ad
Deshabhimani

രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ പൊലീസ് നിഷ്പക്ഷനിലപാട് സ്വീകരിക്കും: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 14, 2017, 07:13 PM | 0 min read


തിരുവനന്തപുരം > രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ പൊലീസ് നിഷ്പക്ഷസമീപനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്രമം അടിച്ചമര്‍ത്തുന്നതിനൊപ്പം നിയമപരമായ നടപടികളും കുറ്റമറ്റതാക്കും. പള്ളിതര്‍ക്കംപോലുള്ള പ്രശ്നങ്ങളിലും മാന്യമായ നിലപാടാകും സ്വീകരിക്കുക. സ്ഥിരമായി ലീഗ് ജയിക്കാറുള്ള മണ്ഡലത്തില്‍ ഇക്കുറി എല്‍ഡിഎഫ് ജയിച്ചതിലെ അസഹിഷ്ണുതയാണ് താനൂരിലെ അക്രമസംഭവങ്ങള്‍ക്കു പുറകിലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

താനൂരില്‍ വീടുകള്‍ക്കും മറ്റും നേരെ പൊലീസ് അക്രമം നടത്തുന്നുവെന്ന് ആരോപിച്ച് ലീഗ് അംഗം എന്‍ ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ മേഖലയിലാണ് ആക്രമണം. മുസ്ളിംലീഗ് സ്ഥിരം കൈവശംവയ്ക്കുന്ന ഈ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ വി അബ്ദുള്‍ റഹ്മാന്‍ ജയിച്ചത് ചിലര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല. ഇതിലുള്ള അസഹിഷ്ണുതയുടെ സൃഷ്ടിയാണ് ഇപ്പോഴത്തെ ആക്രമണം. തെരഞ്ഞെടുപ്പുസമയത്ത് ഇപ്പോള്‍ നിയമസഭാംഗമായ വി അബ്ദുള്‍ റഹ്മാന്‍തന്നെ ലീഗുകാരുടെ ആക്രമണത്തിന് ഇരയായി. സിപിഐ എം പ്രവര്‍ത്തകനായ നൌഫലിന്റെ തലയിലെ ചുവപ്പുകെട്ട് ലീഗുകാര്‍ അഴിപ്പിച്ചതാണ് സംഘര്‍ഷത്തിനു കാരണം. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഏതാനും വീടുകളും തൊഴിലുപകരണങ്ങളും നശിച്ചിട്ടുണ്ട്. പൊലീസ് വാഹനവും പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യവാഹനവും നശിപ്പിച്ചു. തിരൂര്‍, താനൂര്‍ സിഐമാര്‍ക്കും താനൂര്‍ എസ്ഐക്കും പരിക്കേറ്റു. തിരൂര്‍ സിഐയുടെ പരിക്ക് ഗുരുതരമാണ്. ഉത്തരമേഖലാ ഡിജിപി, മലപ്പുറം എസ്പി എന്നിവരുടെ നേതൃത്വത്തില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.  അക്രമങ്ങള്‍ നടന്ന സ്ഥലത്ത് പൊലീസിന്റെ പ്രത്യേക കണ്‍ട്രോള്‍റൂം തുറക്കുമെന്നും കൂടുതല്‍ പൊലീസുകാരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കര്‍ക്കെതിരായ മോശം പെരുമാറ്റം നിയന്ത്രിക്കണം
തിരുവനന്തപുരം > സ്പീക്കര്‍ക്കുനേരെ യുഡിഎഫ് അംഗങ്ങള്‍ സഭയില്‍ മോശമായി പെരുമാറിയതിനെ മുഖ്യമന്ത്രി അപലപിച്ചു. സ്പീക്കര്‍ക്ക് നേരെ ഉയര്‍ത്തുന്ന വെല്ലുവിളി പുതിയൊരു പ്രവണതയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷനേതാവ് ലക്ഷ്മണരേഖയെന്തെന്ന് അംഗങ്ങള്‍ക്ക് പറുഞ്ഞുകൊടുക്കണം. സ്പീക്കറെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നു പറയുമ്പോള്‍ ദുശ്ശാസനചിരിയോടെയാണ് അപ്പുറത്തുള്ളവര്‍ അത് കേള്‍ക്കുന്നത്. ഇത് പാര്‍ലമെന്ററിമര്യാദയല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ലീഗിലെ എന്‍  ഷംസുദ്ദീന്റെ പ്രസംഗത്തിനുശേഷം താനൂര്‍ എംഎല്‍എ വി അബ്ദുള്‍ റഹ്മാന്‍ യഥാര്‍ഥ സംഭവം വിശദീകരിച്ചതോടെ നില്‍ക്കക്കള്ളിയില്ലാതായ യുഡിഎഫ് അംഗങ്ങള്‍  സ്പീക്കര്‍ക്കെതിരെ മുദ്രവാക്യം വിളിച്ചതോടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home