21 May Monday

ദീപശിഖാ പ്രയാണം ഇന്ന് തുടങ്ങും; പതാക ജാഥ 17ന്

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


തിരുവനന്തപുരം/കാസർകോട് > ഫെബ്രുവരി 22 മുതൽ 25 വരെ തൃശ്ശൂരിൽ നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരം വയലാറിൽ നിന്നും പതാക കയ്യൂരിൽ നിന്നും പ്രയാണം തുടങ്ങും. കേരളത്തിലെ 577 രക്തസാക്ഷി സ്മൃതി കുടീരങ്ങളിൽ നിന്നും ദീപശിഖാ റാലികൾ ആരംഭിക്കും. തിരുവനന്തപുരത്ത് ദീപശിഖാ റാലി  പാറശ്ശാല  ആനാവൂരിലെ സ. നാരായണൻനായർ സ്മാരകത്തിൽ നിന്ന് വ്യാഴാഴ്ച രാവിലെ 9ന് പ്രയാണം തുടങ്ങും. സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി നയിക്കുന്ന റാലി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച രാവിലെ കാസർകോട് പൈവെളികയിൽ നിന്നാരംഭിയ്ക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം പൈവെളിക രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ നിർവഹിക്കും. രക്തസാക്ഷി കുടീരങ്ങളിൽനിന്നുള്ള പ്ലക്കാർഡുകളും പതാകയും വഹിച്ചായിരിക്കും അത്‌ലറ്റുകൾ നീങ്ങുക.
സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുമായുള്ള ജാഥ 17ന് പകൽ ഒന്നിന് കയ്യൂർ രക്തസാക്ഷി സ്മാരകത്തിൽനിന്ന് പ്രയാണം തുടങ്ങും. സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദൻ ലീഡറായ ജാഥ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ദീപശിഖാറാലിക്കൊപ്പം പ്രയാണം തുടരുന്ന ജാഥ വൈകിട്ട് ആറിന് കാലിക്കടവിലെത്തും. 6.30ന് കരിവെള്ളൂരിൽവച്ച് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.

സംസ്ഥാനസെക്രട്ടറിയറ്റയംഗം ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തിൽ വയലാറിൽ നിന്നും ഫെബ്രുവരി 19 ന് ആരംഭിയ്ക്കുന്ന കൊടിമര ജാഥ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും.

പ്രധാന വാർത്തകൾ
Top