12 December Wednesday

പമ്പ‌് ജീവനക്കാരന‌് മർദനം; ആർഎസ‌്എസ‌് നേതാവും കൂട്ടാളിയും റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

കൂത്താട്ടുകുളം > ടൗണിൽ ചന്തത്തോടിന് സമീപമുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പിലെ ജീവനക്കാരനെ മർദിച്ച കേസിൽ ഒളിവിലായിരുന്ന ആർഎസ്എസ് നേതാവും കൂട്ടാളിയും പൊലീസിൽ കീഴടങ്ങി. ബിഎംഎസ് മേഖലാ പ്രസിഡന്റും ആർഎസ്എസ് നേതാവുമായ പുത്തൻപുരയിൽ  രാജു കൃഷ്ണൻ (41), രണ്ടാം പ്രതി കൂത്താട്ടുകുളം മേനാമറ്റത്തിൽ എം വി മനോജ്‌ (43)എന്നിവരാണ് തിങ്കളാഴ്ച രാത്രി കൂത്താട്ടുകുളം പൊലീസ് സ‌്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് പ്രതികളെ മജിസ്‌ട്രട്ടിന്റെ മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആയുധം കാണിച്ചുള്ള ഭീഷണിപ്പെടുത്തൽ, മനഃപൂർവമല്ലാത്ത വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

പമ്പ് ജീവനക്കാരൻ വഴിത്തല കൊച്ചുപറമ്പിൽ അമൽ ദിവാകരനെ കഴിഞ്ഞ ബുധനാഴ്ചയാണ് രാജുവും കൂട്ടാളികളും ചേർന്ന് മർദിച്ചത്. പെട്രോൾ നിറയ‌്ക്കുന്ന നോസിൽ ഉപയോഗിച്ച് അമലിന്റെ തലയിൽ രാജു അടിച്ചു. നഗരത്തിൽ ഓട്ടോ ഓടിക്കുന്ന രാജുവിന്റെ ഓട്ടോറിക്ഷയിൽ ഡീസൽ നിറയ‌്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു ആക്രമണം.
ആക്രമണത്തിനുശേഷം പ്രതികൾ ഒളിവിൽപ്പോയി. പൊലീസ് തെരച്ചിൽ ശക്തമാക്കുകയും സൈബർ വിഭാഗം നിരീക്ഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് പ്രതികൾ കീഴടങ്ങിയത്. കേസുമായി മുന്നോട്ട് പോയാൽ കേന്ദ്ര ഭരണമുപയോഗിച്ച് പമ്പ് പൂട്ടിക്കുമെന്ന ഭീഷണിയുമായി പ്രാദേശിക ബിജെപി നേതാക്കളും രംഗത്തെത്തി. മർദനത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം മേഖലയിലെ പമ്പുകൾ അടച്ചിട്ട് വ്യാപാരികൾ സമരം നടത്തുകയും ചെയ‌്തിരുന്നു

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top