23 October Tuesday

ആര്‍ ബ്ളോക്ക് : ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പദ്ധതി നടത്തിപ്പിലെ വീഴ്ച

വി കെ വേണുഗോപാല്‍Updated: Tuesday Nov 14, 2017

 മങ്കൊമ്പ് > ആര്‍ ബ്ളോക്കിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പദ്ധതി നടത്തിപ്പിലെ വീഴ്ച. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടെ 31 വീടുകളാണുള്ളത്. ഇന്ന് ഈ വീടുകളെല്ലാംതന്നെ വെള്ളത്തിലാണ്. 1450 ഏക്കറുള്ള ആര്‍ ബ്ളോക്കിന് ചുറ്റും ബണ്ടുനിര്‍മിച്ചു കല്ലുകെട്ടിയതിനാല്‍ പുറത്തുനിന്നും ഇവിടെ വെള്ളം കയറില്ല. ശക്തമായ മഴപെയ്യുമ്പോള്‍ മാത്രമാണ് ആര്‍ ബ്ളോക്കിനുള്ളില്‍ വെള്ളം കയറാറുള്ളൂ. ഈ വെള്ളം വറ്റിക്കുന്നതിനായി 21 മോട്ടോറുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. എന്നാല്‍ കാലാകാലങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് ഈ മോട്ടോറുകള്‍ പലതും പ്രവര്‍ത്തനരഹിതമായി.

ഇതുമൂലം 2014ല്‍ ആര്‍ ബ്ളോക്ക് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. അന്ന് ആര്‍ ബ്ളോക്കിന്റെ അവസ്ഥ മനസ്സിലാക്കി കലക്ടര്‍ എന്‍ പത്മകുമാര്‍ കുട്ടനാട് പാക്കേജിലും ആര്‍കെവൈ പദ്ധതിയിലുമായി ആര്‍ ബ്ളോക്കിന്റെ വികസനത്തിനായി 16 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് അനുവദിച്ചത്.

എന്നാല്‍ അനുവദിച്ച പ്രവൃത്തികള്‍ പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്നാണ് മാസങ്ങളായി ഇവിടം വെള്ളത്തില്‍ മുങ്ങാന്‍ കാരണമായത്. ഇവിടെ സ്ഥാപിച്ച 60 വര്‍ഷം പഴക്കമുള്ള പമ്പില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ തകരാറായും വെള്ളത്തില്‍ മുങ്ങിയും കിടക്കുകയാണ്. ഒരുവര്‍ഷംമുമ്പ് സര്‍ക്കാര്‍ ആര്‍ ബ്ളോക്കിന്റെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു. ഇദ്ദേഹം ഇവിടെ പോയതല്ലാതെ ഒന്നും ചെയ്തില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. ആര്‍ ബ്ളോക്കിലേക്ക് അനുവദിച്ച കോടിക്കണക്കിനു രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനുപിന്നില്‍ ഇവിടുത്തെ പാടശേഖരത്തിന്റെ ഭാരവാഹികളും കരാറുകാരും ഉദ്യോഗസ്ഥരുമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കുട്ടനാട് പാക്കേജില്‍ ആറുകോടി 73 ലക്ഷം രൂപയും ആര്‍കെവിവൈ പദ്ധതിയില്‍ 10,42,80,118 രൂപയുമാണ് വിവിധ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചത്. ആര്‍ ബ്ളോക്കിന്റെ പുറംബണ്ട് 11 കിലോമീറ്റര്‍ നീളം മൂന്നുമീറ്റര്‍ വീതിയില്‍ കട്ടയും ഗ്രാവലും ഉപയോഗിച്ചു ഉയര്‍ത്തുന്നതിന് രണ്ടുകോടി 37 ലക്ഷം രൂപയും നിലവിലെ കല്ലുകെട്ടുകള്‍ പൊളിഞ്ഞഭാഗം കല്ലുകെട്ടുന്നതിന് 68 ലക്ഷവും ആര്‍ ബ്ളോക്കിനെ എട്ടായി ഭാഗിച്ചു പുറത്തെ ജലനിരപ്പിനു സമമായി ഡിവൈഡിങ് ബണ്ടുകള്‍ മൂന്നുമീറ്റര്‍ വീതിയില്‍ നിര്‍മിച്ചു കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനു മൂന്നുകോടി 60 ലക്ഷം രൂപയും അനുവദിച്ചു.

ആര്‍കെവിവൈയില്‍ ഉള്‍പ്പെടുത്തിയത് പഴയതും നിലവിലുള്ളതുമായ മോട്ടോര്‍ പമ്പുകള്‍ മാറ്റി പുതിയ 23 മോട്ടോര്‍പമ്പുകള്‍ വാങ്ങുന്നതിന് 5,29,15,818 രൂപയും നിലവിലുള്ള മോട്ടോര്‍ ചാലുകള്‍ ആഴംകൂട്ടാന്‍ 1,93,39,000 രൂപയും മോട്ടോര്‍ ഷെഡ് മെയിന്റനന്‍സ് ചെയ്യുന്നതിന് 57,75,000, മോട്ടോര്‍തറ ഉയര്‍ത്തി നിര്‍മിക്കുന്നതിന് 75 ലക്ഷവും പുതിയ പമ്പുസെറ്റുകള്‍ സ്ഥാപിക്കുന്നതിന് 51 ലക്ഷവുമാണ് അനുവദിച്ചിരുന്നത്. ആര്‍കെവിവൈ പദ്ധതികള്‍ ഇവിടുത്തെ പാടശേഖരസമിതി ഭാരവാഹികളാണ് ചെയ്തത്. ഇതിന്റെ 10 ശതമാനം പ്രവര്‍ത്തികള്‍പോലും ചെയ്യാതെ ഒരുകോടി 86 ലക്ഷം രൂപ പാടശേഖരഭാരവാഹികളും ഉദ്യോഗസ്ഥരും ചേര്‍ന്നു തട്ടിയെടുത്തു.

ഇതിനെതിരെ പ്രദേശവാസികള്‍ മുഖ്യമന്ത്രി, കലക്ടര്‍, വിജിലന്‍സിലും പരാതി നല്‍കിയിരിക്കുകയാണ്. പാക്കേജില്‍പെടുത്തിയ കല്ലുകെട്ട് നിര്‍മാണം 70 ശതമാനവും 11 കിലോമീറ്റര്‍ ബണ്ടുനിര്‍മാണം കട്ട ഇറക്കി ബണ്ടുയര്‍ത്തി. മറ്റൊന്നും ചെയ്തിട്ടില്ല. ഇതും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. പാടശേഖരസമിതി ഭാരവാഹികള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. ഈ വിഷയങ്ങളെല്ലാം ആര്‍ ബ്ളോക്ക് സന്ദര്‍ശിക്കുന്ന കൃഷിമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുകയാണ് ആര്‍ ബ്ളോക്കിലെ താമസക്കാര്‍.

എന്നാല്‍ ഇപ്പോഴത്തെ വെള്ളപ്പൊക്കത്തില്‍നിന്നും ഒഴിവാകണമെങ്കില്‍ അടിയന്തരമായി അഞ്ച് പെട്ടിയും പറയും സ്ഥാപിച്ചു വെള്ളം വറ്റിച്ചാല്‍ മാത്രമേ കഴിയൂ. മാസങ്ങളോളം വെള്ളംപൊങ്ങിയ നിലയില്‍ കഴിയുന്ന ഇവിടുത്തെ ആളുകള്‍ക്ക് പകര്‍ച്ചവ്യാധി അടക്കമുള്ള രോഗങ്ങള്‍ പിടിപെട്ട അവസ്ഥയില്‍ വെള്ളം വറ്റിക്കുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
 

പ്രധാന വാർത്തകൾ
Top