21 June Thursday

ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ 'ഓപ്പറേഷന്‍ തണ്ടര്‍'

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

ആലപ്പുഴ > ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍  'ഓപ്പറേഷന്‍ തണ്ടര്‍' എന്ന പേരില്‍ ദ്രുതകര്‍മ പദ്ധതി ജില്ലാ പൊലീസ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി മുഴുവന്‍ ക്വട്ടേഷന്‍ സംഘങ്ങളെയും  അംഗങ്ങളെയും ഇവരെ സഹായിക്കുന്നവരെയും ഒളിത്താവളങ്ങളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ജില്ലാ പൊലീസ് ചീഫ് എസ് സുരേന്ദ്രന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തനങ്ങള്‍. വിവിധ കാറ്റഗറിയായി തിരിച്ചാണ് ഗുണ്ടകളെ അമര്‍ച്ച ചെയ്യുക. പിടിയിലാകുന്ന ഗുണ്ടകള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പ്രൊസിക്യൂഷന്‍ നടപടികള്‍ അടക്കം ശക്തമാക്കും. 

ജില്ലയില്‍ അടുത്തിടെ ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ജനങ്ങളില്‍ ഭീതിയുളവാക്കി പൊതുജന ജീവിതത്തിന്റെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്ത് ശക്തമായ നിയമനടപടിയിലൂടെ പൊതുജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ജില്ലയിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരും ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നവരും ഒന്നില്‍ക്കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുമായ എല്ലാവരുടെയും വിശദവിവരം ശേഖരിക്കും. ഇവരില്‍ സ്ഥിരം അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവര്‍, അവസരം കിട്ടുമ്പോള്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ തിരിക്കും. ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രമിനല്‍ കേസുകളുടെ വിവരങ്ങള്‍, കൂട്ടുപ്രതികള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ എന്നിവയും ശേഖരിക്കും.

എല്ലാ ക്രിമിനല്‍ സ്വഭാവമുള്ളവരുടെയും പൊലീസിന് ആവശ്യമായ വിവരങ്ങളും രഹസ്യമായി പൊലീസ് ശേഖരിക്കും. ഇവരുടെ സാധാരണ ഒത്തുകൂടല്‍ സ്ഥലങ്ങളെക്കുറിച്ചും കൂട്ടത്തിലുള്ളവരെക്കുറിച്ചും രഹസ്യാന്വേഷണം നടത്തി നിരീക്ഷണം ഏര്‍പ്പെടുത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല ടീമിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രത്യേക സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനത്തിലും സൈബര്‍ സെല്ലിന്റെ സഹായത്തിലും 24 മണിക്കൂറും പട്രോള്‍ ഡ്യൂട്ടി ചെയ്യത്തക്ക വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഏതെങ്കിലും പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും. അക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള മുന്‍കരുതല്‍ അറസ്റ്റും  മറ്റ് മുന്കരുതല്‍ നടപടികളും സ്വീകരിക്കും. ഗുണ്ടാ നിയമപ്രകാരം തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇത്തരത്തിലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാന്‍ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥരും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകമായി രൂപീകരിച്ച ആന്റി ഗുണ്ടാ സ്ക്വഡിനെയും രഹസ്യാന്വേഷണ വിഭാഗത്തേയും ഉപയോഗിച്ച് നിരന്തരമായി നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ ജില്ലാ തലത്തില്‍ അറിയിക്കാനും ഏകോപിപ്പിക്കാനും സംവിധാനം ഉണ്ട്. 

അനധികൃതമായി പണം ലഭിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയും. അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ അതിക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെ കര്‍ശന നടപടിയുണ്ടാകും. ഇതിന് മുമ്പത്തെ അക്രമകേസുകളില്‍ അറസ്റ്റ് ചെയ്യാനുള്ള പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.

കൊലപാത കേസുകള്‍, വധശ്രമകേസുകള്‍ തുടങ്ങിയവയുടെ വിചാരണ നേരത്തെനടത്തുന്നതിന്  കോടതിയുമായി ആലോചിച്ച് നടപടി സ്വീകരിക്കും. ഗുരുതരമായ കേസുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും ശിക്ഷലഭിക്കാതെ വിട്ടുപോയിട്ടുള്ള കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കും. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ ജനങ്ങളുടെ സഹകരണം നേടുന്നതിനുവേണ്ടി  റെസിഡന്റ്സ്് അസോസിയേഷനുകളുമായി കൂടിയാലോചന നടത്തുന്നത് ഉള്‍പ്പെടെ പദ്ധതി ആവിഷ്ക്കരിക്കും.

ക്രിമിനല്‍ സ്വഭാവമില്ലാത്ത പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് പത്താം ക്ളാസ് തോറ്റവരെ പ്രത്യേക ട്യൂഷന്‍ നല്‍കി പഠനം പൂര്‍ത്തീകരിക്കാനും സൌജന്യ പിഎസ്സി കോച്ചിങ് ക്ളാസുകള്‍ സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കും. ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായസഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top