24 September Monday

പമ്പയിൽ ജലനിരപ്പുയർന്നു; വെള്ളം താഴുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

പത്തനംതിട്ട> ആനത്തോട് കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാൽ പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്.

കക്കി ഡാമിന്റെ 4 ഷട്ടറുകൾ 30 സെ.മി തുറന്നിരിക്കുന്നു. ഇന്നലെ ഒരു ഘട്ടത്തിൽ 3 അടി വരെ ഷട്ടറുകൾ ഉയർത്തേണ്ടി വന്നിരുന്നു. കക്കിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ ജലനിരപ്പ് 980.9 മീറ്റർ.
 കൊച്ചു പമ്പ ഡാമിന്റെ 4 ഷട്ടറുകൾ 30 സെമി തുറന്നിരിക്കുന്നു. കൊച്ചു പമ്പയിൽ നീരൊഴുക്ക് കൂടുതലായതിനാൽ ഇന്നലെ തുറന്നിരുന്ന 3, 4, 5 ഷട്ടറുകൾക്കു പുറമേ ഷട്ടർ 2 കൂടി ഇന്ന് തുറന്നു. 985.75 മീറ്റർ ആണ് ഇവിടുത്തെ ജലനിരപ്പ് .

ഈ സാഹചര്യത്തില്‍ നദി കടന്ന് അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സാധിക്കില്ല. ജലനിരപ്പ‌് താഴുന്നത‌് വരെ ഭക്തർ  ശബരിമലയിലേക്കുള്ള യാത്ര  ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ‌്, തിരുവിതാംകൂർ ദേവസ്വം ബോർഡ്  പ്രസിഡന്റ‌് എ പത്മകുമാർ എന്നിവർ അഭ്യർഥിച്ചു.അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് ത്രിവേണിയിൽ പോലീസ്, ഫയർ ഫോഴ്സ്, റവന്യം ഉദ്യോഗസ്ഥരെ കളക്ടർ നിയോഗിച്ചിട്ടുണ്ട്.

പമ്പയിലെ പാലത്തിന്റെ മുകളിലൂടെ വെള്ളം ഒഴുകിയതിനാൽ പാലത്തിന് ഗുരുതരമായ ബലക്ഷയമുള്ളതായി സംശയമുണ്ട‌്. ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തിൽ പമ്പയിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രി മാത്യു ടി തോമസിന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. തുടർന്ന‌് മന്ത്രിയും കലക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പമ്പ സന്ദർശിച്ചു.  പമ്പ മണൽപ്പുറത്ത് 50 മീറ്ററോളം വിസ്തൃതിയിൽ ശക്തമായ ഒഴുക്കാണ്. മണൽപ്പുറത്ത് പല സ്ഥലത്തും വൻകുഴികൾ രൂപപ്പെട്ടു.  തീർഥാടകരെ കടത്തിവിടുന്നത് അത്യന്തം അപകടകരമാണ‌്.

പമ്പയിലെ കടകളും മണ്ഡപവും വെള്ളത്തിനടിയിലാണ‌്.  മുന്നറിയിപ്പ‌് അവഗണിച്ച‌് എത്തുന്നവരെ പമ്പയിൽ പൊലീസ‌് തടയും. വാട്ടർഅതോറിറ്റിയുടെ പമ്പുകൾ വെള്ളത്തിനടിയിലായതുമൂലം പമ്പാ മണൽപ്പുറത്ത് ജലവിതരണം തടസപ്പെട്ടു.പത്തനംതിട്ടയിൽ മഴയുടെ തോതിനും മാറ്റമില്ല. പമ്പയില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചും വടം കെട്ടിയും അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്ക്  സ്ഥിതിഗതികള്‍ കൈമാറാന്‍ സജ്ജമാണ്. മുന്നറിയിപ്പ് അവഗണിച്ച് പമ്പയില്‍ എത്തുന്നവരെ തിരിച്ചയക്കാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

പമ്പ ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ട്   കഴിയുന്നവർക്ക് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസിൽ നിന്ന് ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. ദേവസ്വം ജീവനക്കാർ, വാട്ടർ അതോറിറ്റി, കെ എസ് ഇ ബി ജീവനക്കാർ, കടകളിലെ ജീവനക്കാർ എന്നിവർ ഉൾപ്പെടെ 22 പേരാണ് ഉള്ളത്. ദേവസ്വം ബോർഡിന്റെയും വാട്ടർ അതോറിറ്റിയുടെയും ടാങ്കിൽ കുടിവെള്ളം ഉണ്ട്. കടകളിലെ ജീവനക്കാർ സ്വന്തം നിലയിൽ ഭക്ഷണം തയാറാക്കുകയാണ്.

പമ്പ പോലീസ് മെസിനു സമീപമുള്ള ദേവസ്വം മരാമത്ത് കോംപ്ലക്സിലെ ഡോർമെറ്റിയിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം വൈദ്യസഹായ കേന്ദ്രം തുടങ്ങി. അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള മെഡിക്കൽ ടീമിനെ ഇവിടെ നിയോഗിച്ചു.  50 പോലീസുകാർ ഇന്ന് പമ്പയിൽ എത്തും. പോലീസ്, ദേവസ്വം ഉദ്യോഗസ്ഥരുടെ ഭക്ഷണം ദേവസ്വം ബോർഡ് ലഭ്യമാക്കുന്നതിന് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.


 

പ്രധാന വാർത്തകൾ
Top