18 August Saturday

ഭാരതിക്കും മകൾക്കും കനിവ‌് ഭവനം ഒരുങ്ങി ; താക്കോൽദാനം 17ന്

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018



വൈറ്റില
കാറ്റിലും മഴയിലും ആടിയുലയുന്ന, ഏതുനിമിഷവും നിലംപതിക്കാവുന്ന അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിൽ ഭയാശങ്കകളോടെ ജീവിച്ചുവന്ന പൊന്നുരുന്നി സൻമാർഗം ലെയ‌്ൻ എളംമ്പലാശേരിയിൽ ഭാരതിക്കും ഡിഗ്രി വിദ്യാർഥിയായ മകൾ ശാരിക്കും കനിവിന്റെ കരുതലായി തലചായ‌്ക്കാൻ അടച്ചുറപ്പുള്ള സുരക്ഷിതഭവനം ഒരുങ്ങി.

22‐ാം പാർടി കോൺഗ്രസിന്റെ ഭാഗമായി സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റി നിർമിച്ചു നൽകുന്ന നാല് വീടുകളിൽ മൂന്നാമത്തെ വീടിന്റെ നിർമാണമാണ്  പൂർത്തീകരിച്ചത്. വീടിന്റെ താക്കോൽദാനം 17ന്  പകൽ 2.30ന് പൊന്നുരുന്നി എസ് പി യോഗം ശതാബ്ദി ഹാളിൽ  മന്ത്രി എം എം മണി നിർവഹിക്കും. കുടുംബ ഓഹരിയായി കിട്ടിയ  നാലു സെന്റ് ഭൂമിയിൽ ചോർന്നൊലിക്കുന്ന ഒറ്റമുറിവീട്ടിലാണ‌്, ഭർത്താവ് നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട  ഭാരതിയും മകളും താമസിക്കുന്നത്. അടുത്തുള്ള വീടുകളിൽ വീട്ടുജോലി ചെയ്താണ‌് കുടുംബം കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ഭാരതിക്കും  കുടുംബത്തിനും താങ്ങാകാൻ സിപിഐ എം തീരുമാനിച്ചത്.  ഹാൾ, അടുക്കള, സിറ്റൗട്ട്, രണ്ട് കിടപ്പുമുറി, ബാത്റൂമടക്കം 630 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ്  നിർമിച്ചത്. കൗൺസിലർ പി എസ് ഷൈൻ ചെയർമാനും പി ബി വത്സലൻ കൺവീനറുമായുള്ള സമിതിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വംവഹിച്ചത്. നാട്ടുകാരുടെയും പാർടി അംഗങ്ങളുടെയും ബന്ധുക്കളുടെയും സഹായത്താലാണ‌് നിർമാണം പൂർത്തീകരിച്ചത‌്.  സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവ്, സി എൻ മോഹനൻ, സി എം ദിനേശ് മണി, സി കെ മണിശങ്കർ, ഡോ. സച്ചിദാനന്ദ കമ്മത്ത് എന്നിവർ താക്കോൽദാനചടങ്ങിൽ പങ്കെടുക്കും.
 

പ്രധാന വാർത്തകൾ
Top