ബിനാലെയിലെ 'പറയിപെറ്റ പന്തിരുകുലം' സ്കൂള്‍ഡയറിയുടെ പുറംചട്ട

കൊച്ചി > കൊച്ചി-മുസിരിസ് ബിനാലെയിലെ പ്രധാന ആകര്‍ഷണമായ 'പറയിപെറ്റ പന്തിരുകുലം' എന്ന ഭീമന്‍ ചുവര്‍ചിത്രം സ്കൂള്‍ പുറത്തിറക്കുന്ന ഡയറിയുടെ പുറംചട്ടയാക്കുന്നു. 15 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ ഉയരവുമുള്ള പി കെ സദാനന്ദന്റെ ഈ ചുവര്‍ചിത്രത്തിലെ നാറാണത്തു ഭ്രാന്തന്റെ കഥപറയുന്ന ഭാഗം മലപ്പുറത്തെ എയ്ഡഡ് മാപ്പിള അപ്പര്‍ പ്രൈമറി സ്കൂള്‍ അധികൃതരാണ് സ്കൂള്‍ ഡയറിയുടെ പുറംചട്ടയാക്കുന്നത്. രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാതെ പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചാണ്് സദാനന്ദന്‍ ചുവര്‍ചിത്രം ഒരുക്കിയത്.
പറയിപെറ്റ പന്തിരുകുലത്തിലെ 12 കഥകളില്‍നിന്നാണ് നാറാണത്തു ഭ്രാന്തന്റെ കഥ തെരഞ്ഞെടുത്തത്. സ്കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇത് വിതരണംചെയ്യും. പുറംചട്ടയില്‍ ചുവര്‍ചിത്രവും അകത്തെ പുറത്തില്‍ പി കെ സദാനന്ദനെക്കുറിച്ചുള്ള ലഘുകുറിപ്പും അവസാന പുറത്തില്‍ സദാനന്ദന്റെ ബിനാലെ പ്രദര്‍ശനവും ഉള്‍പ്പെടുത്തി. നാറാണത്തു ഭ്രാന്തന്റെ കഥതന്നെ കുട്ടികള്‍ക്കായി ഉള്‍പ്പെടുത്താന്‍ പ്രത്യേക കാരണമുണ്ടെന്ന് സദാനന്ദന്‍ പറഞ്ഞു. കഥയിലെ മറ്റു കഥാപാത്രങ്ങളില്‍നിന്ന് അദ്ദേഹം വേറിട്ടുനില്‍ക്കുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന മറ്റൊരു കഥാപാത്രമില്ല. സമൂഹത്തെ നാറാണത്ത് ഭ്രാന്തന് ഭയമില്ലായിരുന്നു. അദ്ദേഹത്തിന്റെ തത്വചിന്തകള്‍ കുട്ടികള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ബിനാലെ ഫൌണ്ടേഷന്‍ സംരംഭമായ ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ ഭാഗമായാണ് സ്കൂള്‍ ഡയറിയുടെ പുറംചട്ടയില്‍ ബിനാലെ ചിത്രം എത്തുന്നത്. വിവിധ തലങ്ങളിലുള്ള ലളിതകലാ അധ്യയനമാണ് ഫൌണ്ടേഷന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നെന്ന് സെക്രട്ടറി റിയാസ് കോമു പറഞ്ഞു. കലയെക്കുറിച്ചും അതിന്റെ പരിശീലനത്തെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്താനുള്ള മികച്ച മാര്‍ഗമാണ് കവര്‍ചിത്രം എന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ അധികൃതര്‍ ഈ ആശയവുമായി സമീപിച്ചപ്പോള്‍ തങ്ങള്‍ ആവേശഭരിതരായി എന്ന്് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ തലവന്‍ മനു ജോസ് പറഞ്ഞു. കലാസൃഷ്ടികളെ ഡയറിയുടെ പുറംചട്ടയാക്കി മാറ്റാനുള്ള തീരുമാനം ആദ്യമെടുത്തത് എഎംയുപി സ്കൂളാണെന്ന് പ്രധാനാധ്യാപകന്‍ ടി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലയെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പരിപാടികള്‍ സ്കൂളില്‍ സംഘടിപ്പിക്കുന്നു. ഒന്നുമുതല്‍ ഏഴുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഡയറി നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







0 comments