Top
23
Tuesday, January 2018
About UsE-Paper

ലോക കേരളസഭയ്ക്ക് സെക്രട്ടറിയറ്റും 7 സ്റ്റാന്‍ഡിങ് കമ്മിറ്റിയും

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ലോക കേരളസഭയുടെ തുടര്‍ നടപടികള്‍ പ്രായോഗികമാക്കാനും സജീവമാക്കാനും സെക്രട്ടറിയറ്റും ഏഴ് സ്റ്റാന്‍ഡിങ് കമ്മിറ്റിയും രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രഥമ സമ്മേളനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനും നിര്‍ദേശങ്ങള്‍ പരിശോധിക്കാനും എല്ലാ മേഖലയിലും കൃത്യമായ ഇടപെടല്‍ വേണം. പദ്ധതികള്‍ തയ്യാറാക്കാന്‍ ലോക കേരളസഭതന്നെ മുന്‍കൈ എടുക്കുന്ന സാഹചര്യം ഉണ്ടാകണം. ഇതിനാണ് സെക്രട്ടറിയറ്റ് രൂപീകരിക്കുന്നത്. 

ഏഴ് മേഖലയിലായാണ് സമ്മേളനം ചര്‍ച്ച നടത്തിയത്്. ഈ മേഖലകളിലെല്ലാം ലോക കേരളസഭ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിക്കും. അവര്‍ക്ക് അതത് മേഖലകളില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകളും കൂടിയാലോചനകളും നടത്താം. ആറ് മാസത്തിനകം വ്യക്തമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കണം. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ഇത്തരം ശുപാര്‍ശകള്‍ സര്‍ക്കാര്‍ ഗൌരവമായി പരിഗണിക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. നോര്‍ക്ക ഇക്കാര്യത്തില്‍ പ്രത്യേകമായ മോണിറ്ററിങ് സംവിധാനം കൊണ്ടുവരും.

 

വിദ്യാഭ്യാസനവീകരണത്തിന് പ്രവാസിസമൂഹത്തിന്റെ പിന്തുണ

തിരുവനന്തപുരം > സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയുടെ നവീകരണത്തിന് പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രവാസിസമൂഹം. പ്രായോഗിക ജ്ഞാനവും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നതാകണം വിദ്യാഭ്യാസം. നൈപുണ്യവികസനത്തിലും പ്രത്യേക പരിഗണന നല്‍കണമെന്നും ഇതുസംബന്ധിച്ച ഉപസമിതി നിര്‍ദേശിച്ചു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്് അധ്യക്ഷനായി. വിവര വിസ്ഫോടനത്തിന്റെ കാലഘട്ടത്തില്‍ പുതിയ തൊഴിലുകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കിയാല്‍ കൂടുതല്‍ അവസരം നേടാന്‍ പ്രയാസമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിപണിയുടെയും തൊഴില്‍ സാധ്യതയുടെയും പരിഗണനകള്‍ക്കനുസരിച്ച സിലബസ് വേണമെന്ന് ചര്‍ച്ചയില്‍ അംഗങ്ങള്‍ പറഞ്ഞു. കായിക പരിശീലനവും നീന്തല്‍ ഉള്‍പ്പെടെയുള്ളവയും പാഠ്യപദ്ധതിയില്‍ വരണം. വ്യക്തി-സാമൂഹ്യ-ആരോഗ്യ വിദ്യാഭ്യാസങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍നിന്നേ തുടങ്ങണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈബ്രറി സമ്പ്രദായം വിപുലീകരിക്കുകയും ഇ-റീഡര്‍ സൌകര്യം വ്യാപിപ്പിക്കുകയും ചെയ്യണം. കുട്ടികള്‍ക്ക് കൌണ്‍സലിങ് സൌകര്യം ഉറപ്പാക്കണം. കേരളത്തിലെ പല കോഴ്സിനും വിദേശത്ത് അംഗീകാരമില്ലാത്തതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണം.
എംപിമാരായ സി പി നാരായണന്‍, പി കെ ബിജു, എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, കെ രാജന്‍, പി സി ജോര്‍ജ്, മുഹമ്മദ് മുഹ്സിന്‍ എന്നിവര്‍ സംസാരിച്ചു.