17 November Saturday

കരകയറ്റിയ കരങ്ങൾക്ക‌് നാടിന്റെ സ‌്നേഹാദരം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടയിൽ മരിച്ച അനിൽകുമാറിന്റെ മകൻ അജിത്‌കുമാറിനെ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി എ സി മൊയ്‌തീൻ ആദരിക്കുന്നു. എം എ ബേബി, എം സി ജോസഫൈൻ, കെ എം സുധാകരൻ, എം കെ സാനു, സി എൻ മോഹനൻ എന്നിവർ സമീപം


കൊച്ചി
പ്രളയത്തിന്റെ കൈയിൽനിന്ന‌് മനുഷ്യജീവനുകളെ ഹൃദയത്തോട‌ുചേർത്ത‌് പിടിച്ചുയർത്തിയ കരങ്ങൾക്ക‌് നാടിന്റെ സ‌്നേഹാദരം. പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്കും സന്നദ്ധപ്രവർത്തകർക്കും വളന്റിയർമാർക്കും സ‌്നേഹാദരങ്ങൾ നൽകിയ ചടങ്ങ‌് പുതുകേരള നിർമ്മിതിക്ക‌് ആവേശം പകരുന്നതുകൂടിയായി. സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റിയാണ‌് രക്ഷാപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ‌് സംഘടിപ്പിച്ചത‌്. നവകേരള നിർമ്മിതിക്കായുള്ള സഹായങ്ങൾകൂടി പ്രവഹിച്ചതോടെ ആദരണച്ചടങ്ങ‌് കൂട്ടായ‌്മയുടെ പുതുസന്ദേശം പകരുന്നതായി. പ്രളയത്തിൽ ജീവൻ പൊലിഞ്ഞവരുടെ സ‌്മരണകൾക്കുമുന്നിൽ ആദരാഞ‌്ജലികളർപ്പിച്ച‌് ആരംഭിച്ച സമ്മേളനം സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി ഉദ‌്ഘാടനംചെയ‌്തു.

എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. പ്രളയം അതിരൂക്ഷമായ ദിവസങ്ങളിൽ സ്വന്തം ജീവൻപോലും മറന്ന‌് രക്ഷാപ്രവർത്തനം നടത്തിയവർ മനുഷ്യത്വത്തിന്റെ മഹാസന്ദേശമാണ‌് പകർന്നതെയന്ന‌് സി എൻ മോഹനൻ പറഞ്ഞു. ആദ്യദിവസങ്ങളിൽ രക്ഷാപ്രവർത്തനം, തുടർന്നുള്ള ദിവസങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം, പിന്നീട‌് പുനരധിവാസ പ്രവർത്തനം എന്നിങ്ങനെ മനുഷ്യവിഭവശേഷി മുഴുവൻ ഉപയോഗപ്പെടുത്താനായി. പുനരധിവാസപ്രവർത്തനങ്ങൾക്കായി മാത്രം ജില്ലയിലേക്ക‌് അന്യജില്ലകളിൽനിന്നെത്തിയത‌് 56,000 ചെറുപ്പക്കാരാണ‌്.  ജാതിയും മതവും കക്ഷി രാഷ‌്ട്രീയവും പ്രായഭേദവുമില്ലാതെ ആശ്വാസവുമായെത്തിയവർ ഈ നാടിന്റെ കാവൽക്കാരാണ‌്.   അവരെ ആദരിക്കുന്നതിലൂടെ മനുഷ്യത്വത്തെയാണ‌് നാം ആദരിക്കുന്നതെന്ന‌് അദ്ദേഹം പറഞ്ഞു.

ജോൺ ഫെർണാണ്ടസ‌് ‌ എംഎൽഎ സ്വാഗതം പറഞ്ഞു. എസ‌് ശർമ എംഎൽഎ അനുശോചനപ്രമേയം അവതരിപ്പിച്ചു. മന്ത്രി എ സി മൊയ‌്തീൻ, പ്രൊഫ. എം കെ സാനു എന്നിവർ സംസാരിച്ചു. പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പ്രവർത്തകരെ പൊന്നാടയണിയിച്ച‌് ആദരിച്ചു. ഇവർക്ക‌് സിപിഐ എം ജില്ലാകമ്മിറ്റി നൽകുന്ന  സർട്ടിഫിക്കറ്റുകൾ മന്ത്രി എ സി മൊയ‌്തീൻ വിതരണംചെയ‌്തു. കളമശേരിയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഓട്ടോറിക്ഷാത്തൊഴിലാളി അനിൽകുമാറിന്റെ മകൻ അജിത‌്കുമാറിനെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ച‌് ആദരിച്ചു. അനിൽകുമാർ ഇടപ്പള്ളി സഹകരണബാങ്കിൽനിന്നെടുത്ത വായ‌്പ എഴുതിത്തള്ളിയതായി മന്ത്രി സദസ്സിനെ അറിയിച്ചു. 
മുതിർന്ന സിപിഐ എം നേതാക്കളായ എം എം ലോറൻസ‌്, കെ എം സുധാരകൻ, കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌്, ജിസിഡിഎ ചെയർമാൻ വി സലീം, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ ജെ ജേക്കബ‌്, എം പി പത്രോസ‌്, ടി കെ  മോഹനൻ, എൻ സി മോഹനൻ, കെ എൻ ഉണ്ണിക്കൃഷ‌്ണൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
Top