എം ജെ സാക്ഷാത്കരിച്ചത് പിറവത്തിന്റെ ഐടി സ്വപ്നം

പിറവം > കേരളത്തിനാകെ മാതൃകയായ സംസ്ഥാനത്തെ ആദ്യ ഗ്രാമീണ ഐടി പാര്‍ക്കായ കാക്കൂര്‍ ടെക്നോ ലോഡ്ജ് ഉള്‍പ്പെടെ മണ്ഡലത്തിലെ വിവിധ മേഖലകളിലെ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന് ഊഷ്മള വരവേല്‍പ്പ്.
എം ജെ ജേക്കബിന്റെ വികസന കാഴ്ചപ്പാടിന്റെ മികച്ച ഉദാഹരണമാണ് കാക്കൂരില്‍ പ്രവര്‍ത്തിക്കുന്ന പിറവം ടെക്നോ ലോഡ്ജ്. പ്രവര്‍ത്തനം നിലച്ച പാമ്പാക്കുട ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രിയുടെ കെട്ടിടം നിരവധി നൂലാമാലകളെ ഒഴിവാക്കി നവീകരിച്ച് ഐടി പാര്‍ക്ക് ആക്കുകയായിരുന്നു. അന്നത്തെ ഖാദിബോര്‍ഡ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എം ടി പൌലോസ് ഉള്‍പ്പെടെയുള്ളവരും നാട്ടുകാരും എം ജെയുടെ വികസനക്കാഴ്ചപ്പാടിന് പിന്തുണയുമായി ഉണ്ടായിരുന്നു. സംസ്ഥാന ഐടി വകുപ്പിന്റെ സഹകരണത്തോടെ താമസിയാതെ നാടിന്റെ അഭിമാന സ്ഥാപനമായി ടെക്നോലോഡ്ജ് മാറി. 24 മണിക്കൂര്‍ വൈദ്യുതി, അതിവേഗ ഇന്റര്‍നെറ്റ് തുടങ്ങി വലിയ ഐടി പാര്‍ക്കുകള്‍ക്ക് സമാനമായ സൌകര്യങ്ങളോടെ കുറഞ്ഞ ചെലവില്‍ ഐടി വ്യവസായം തുടങ്ങാനുള്ള ഇടമാണ് ലക്ഷ്യംവച്ചത്. ചുരുങ്ങിയ കാലംകൊണ്ട് ഇവ പൂര്‍ത്തീകരിക്കാന്‍ എം ജെക്ക് കഴിഞ്ഞു.
പഠിച്ചിറങ്ങിയ നിരവധി യുവതീയുവാക്കള്‍ വിവിധ പദ്ധതികളുമായി ഇവിടെ എത്തുന്നു. 10,000 രൂപമാത്രം മുതല്‍മുടക്കി തുടങ്ങി ഇപ്പോള്‍ ലക്ഷങ്ങളുടെ ബിസിനസ് നടത്തുന്ന കമ്പനികള്‍ ഇവിടെയുണ്ട്. എം ജെയുടെ വികസനഅജന്‍ഡയെ 2010ല്‍ കളിയാക്കിയവര്‍പോലും ഇന്ന് ടെക്നോ ലോഡ്ജിനെ അംഗീകരിക്കുന്നു. കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഉള്‍പ്പെടെ 30ല്‍ അധികം കമ്പനികളിലായി ഇരുന്നൂറിലേറെ യുവതിയുവാക്കള്‍ ജോലിചെയ്യുന്ന സ്ഥാപനമായി ഇത്് മാറി.
മാനേജിങ് ഡയറക്ടര്‍ ബൈജു നെടുങ്കേരി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എം ജെക്ക് ആശംസ നേര്‍ന്നു. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനാണ് എം ജെയുടെ ശ്രമം. പാമ്പാക്കുട പഞ്ചായത്തിലെ അയ്യന്താനം ഭാഗം, ഓണക്കൂര്‍, കൂത്താട്ടുകുളം അമ്പലംഭാഗം, ബിപിസി കോളേജ്, ഇടയാര്‍, എടക്കാട്ടുവയല്‍ പഞ്ചായത്തിലെ വിവിധ ‘ഭാഗങ്ങള്‍ ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എം ജെ ജേക്കബ് വ്യാഴാഴ്ച പര്യടനം നടത്തി.










0 comments