25 May Friday
പ്രദർശനം തുടങ്ങി

അഴീക്കോടന്റെ രക്തംവീണ മണ്ണിൽ, ഒരു ചിത്ര സാക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ അഴീക്കോടൻ രാഘവൻ കുത്തേറ്റുമരിച്ചുകിടക്കുന്ന ചിത്രം കെ രാധാകൃഷ്ണൻ കാണുന്നു


തൃശൂർ > അഴീക്കോടൻ രാഘവന്റെ ചുടുരക്തം വീണുകുതിർന്ന ചെട്ടിയങ്ങാടി തെരുവിൽ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രം ഉൾക്കൊള്ളിച്ചുള്ള ചിത്രപ്രദർശനത്തിന് തുടക്കം. 22മുതൽ 25വരെ തൃശൂരിൽ നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് അഴീക്കോടൻ കുത്തേറ്റ് വീണ പാതയോരത്തോടുചേർന്ന് പ്രത്യേകമായി ഒരുക്കിയ കുടിലിൽ പ്രദർശനം തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ പത്തിന് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്രവേശനകവാടത്തിൽ കുഞ്ഞിനെ ഉയർത്തിപ്പിടിച്ചുള്ള തൊഴിലാളിയുടെ ശിൽപ്പം ഏവരെയും വരവേൽക്കുന്നു. 1917 ഒക്ടോബർ വിപ്ലവത്തെക്കുറിച്ചുള്ള സചിത്ര കുറിപ്പോടെയാണ് പ്രദർശനം തുടങ്ങുന്നത്. കാൺപുർ ഗൂഢാലോചനാക്കേസിൽ പ്രതിചേർക്കപ്പെട്ട പാർടി നേതാക്കളുടെ ചിത്രങ്ങളും ലഘുവിവരണങ്ങളും പ്രദർശനത്തിലുണ്ട്. 

1929ൽ മീററ്റ് ഗൂഢാലോചനാക്കേസിൽ പ്രതിചേർക്കപ്പെട്ട രാജ്യത്തെ 31 കമ്യൂണിസ്റ്റ് നേതാക്കളെ അറസ്റ്റുചെയ്ത ചിത്രം, വിവരണം, 1929ൽ പൂർണസ്വരാജ്, 1932ൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരണയോഗം, കമ്യൂണിസ്റ്റ് പാർടി, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളും ഗാന്ധിജി, നെഹ്‌റു തുടങ്ങിയവരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.

1943ൽ മുംബൈയിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടി ഒന്നാം കോൺഗ്രസിനെക്കുറിച്ചും പ്രതിപാദിക്കുന്നു. 1948ൽ കൊൽക്കൊത്തയിൽ നടന്ന രണ്ടാം പാർടി കോൺഗ്രസിന്റെ സചിത്ര വിവരണങ്ങളുമുണ്ട്. 1957ൽ കേരളത്തിൽ കമ്യുണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതും, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസബിൽ, പൊലീസ്‌നയം, ഭരണപരിഷ്‌കരണം, സംവരണത്തിൽ വർഗസമീപനം തുടങ്ങി സർക്കാർ നടപ്പാക്കിയ പ്രധാന തീരുമാനങ്ങളും പ്രദർശനത്തിൽ ശ്രദ്ധനേടുന്നു.
1961ൽ വിജയവാഡ പാർടി കോൺഗ്രസിൽ ഡാങ്കേ, സുന്ദരയ്യ, ഇ എം എസ് എന്നിവർ അവതരിപ്പിച്ച രേഖകളെക്കുറിച്ചും ഈ മൂന്നു രേഖകളും കോൺഗ്രസ് തള്ളിക്കളഞ്ഞ് സമാപനയോഗത്തിൽ പാർടി സെക്രട്ടറി അജയ്‌ഘോഷ് നടത്തിയ പ്രസംഗം ഔദ്യോഗിക പ്രമേയമായി കണക്കാക്കിയത് സംബന്ധിച്ച വിവരണങ്ങളും പ്രദർശനത്തിൽ കാണാം. 1964ൽ ഏഴാം പാർടി കോൺഗ്രസിന്റെ ഭാഗമായി ഇരുവിഭാഗങ്ങളും കൽക്കൊത്ത, മുംെബെ എന്നിവിടങ്ങളിൽ നടത്തിയ സമ്മേളന വിവരണങ്ങളും പ്രദർശനത്തിലുണ്ട്.

1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം, 1977ൽ രാജ്യത്ത് ആദ്യമായി കോൺഗ്രസിതര സർക്കാർ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിൽവന്നത് സംബന്ധിച്ച വിവരണങ്ങളും പ്രദർശനത്തിൽ കാണാം. ആദ്യനാളിൽതന്നെ പ്രദർശനം കാണാൻ നൂറുകണക്കിനാളുകൾ ചെട്ടിയങ്ങാടിയിലെത്തി. പ്രദർശനം 26ന് സമാപിക്കും.

കൊടിമരംവയലാറിൽ നിന്നും പതാക കയ്യൂരിൽ നിന്നും
തിരുവനന്തപുരം > തൃശൂരിൽ ഫെബ്രുവരി 22 മുതൽ 25 വരെ നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കൊടിമരം വയലാറിൽ നിന്നും, പതാക കയ്യൂരിൽ നിന്നും  കൊണ്ടു പോകും. ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തിൽ വയലാറിൽ നിന്നും ഫെബ്രുവരി 19ന് ആരംഭിയ്ക്കുന്ന കൊടിമര ജാഥ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 16 ന്  പതാക എം വി ഗോവിന്ദന് കൈമാറി കയ്യൂരിൽ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. 16 ന് രാവിലെ കാസർകോട് പൈവെളികയിൽ നിന്നാരംഭിയ്ക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം പി കരുണാകരൻ നിർവ്വഹിക്കും. ദീപശിഖാ പ്രയാണത്തിന്റെ തിരുവനന്തപുരം പാറശ്ശാലയിലെ ഉദ്ഘാടനം ഫെബ്രുവരി 15 ന്  വൈക്കം വിശ്വൻ നിർവ്വഹിക്കും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top