16 July Monday

വ്യാജ അപ്പീല്‍: മുഖ്യ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

തൃശൂര്‍ > സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ ബാലാവകാശ കമീഷന്റെ വ്യാജ അപ്പീല്‍ തയ്യാറാക്കിയ കേസില്‍ മുഖ്യപ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍പോയ തിരുവനന്തപുരം വട്ടപ്പാറ ചില്ലിക്കാട്ടില്‍ സതികുമാറിനെ (47) കണ്ടെത്താനാണ് നോട്ടീസ് പുറപ്പെടുവിച്ചത്. വ്യാജ അപ്പീല്‍ സംഘടിപ്പിച്ചുനല്‍കുന്നതിന്റെ മുഖ്യസൂത്രധാരനാണ് സതികുമാറെന്നും ഇയാളെ ചോദ്യം ചെയ്താലേ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജ പറഞ്ഞു.

കലോത്സവത്തില്‍ പങ്കെടുക്കാന്‍ ബാലാവകാശ കമീഷന്റെ പേരിലുള്ള പത്ത് വ്യാജ അപ്പീലുകള്‍ ഹാജരാക്കിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ രണ്ടുപേരെ അറസ്റ്റ്ചെയ്തിരുന്നു. പിടിയിലായ കോഴിക്കോട് സ്വദേശി ജോബി, തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്കുമാര്‍ എന്നിവര്‍ റിമാന്‍ഡിലാണ്. ഇരുവരും  സതികുമാറിന്റെ ഇടനിലക്കാരാണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് ടെയ്ലറായ സതികുമാറിന്റെ രണ്ടു മക്കള്‍ കലോത്സവത്തില്‍ മത്സരാര്‍ഥികളായിരുന്നു. ഇവര്‍ ലോകായുക്തയുടെ അപ്പീലിലൂടെയാണ് മത്സരിച്ചത്. ഇവര്‍ക്കുവേണ്ടി ആദ്യം ബാലാവകാശ കമീഷന്റെ വ്യാജ ഉത്തരവാണ് സതികുമാര്‍ സംഘടിപ്പിച്ചതെന്ന് സൂചനയുണ്ട്. കലോത്സവം തുടങ്ങിയപ്പോള്‍ത്തന്നെ വ്യാജ അപ്പീലുകളെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ ഇയാള്‍ ലോകായുക്തയുടെ അപ്പീല്‍ നേടുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍, ബുധനാഴ്ച കലോത്സവം സമാപിച്ചിട്ടും വ്യാഴാഴ്ച ഇയാള്‍ തൃശൂരിലെത്തിയിട്ടുണ്ട്. ഇത് എന്തിനാണെന്ന് അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. കേസില്‍ ഇനിയും പ്രതികള്‍ ഉള്‍പ്പെടാനാണ് സാധ്യതയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

പ്രധാന വാർത്തകൾ
Top