23 October Tuesday
ഉദ്ഘാടനം കോടിയേരി

ജില്ലാ സമ്മേളനം 16നു തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സിറ്റി ചുമട് ലോക്കല്‍ കമ്മിറ്റി മേനക ജങ്ഷനില്‍ സ്ഥാപിച്ച കെട്ടുവള്ളത്തിന്റെ മാതൃക

കൊച്ചി > ജില്ലയിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തും ശേഷിയും വര്‍ധിപ്പിക്കാനുതകുന്ന ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കുമായി സിപിഐ എം ജില്ലാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും. സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളനവേദിയായ ഫിഡല്‍ കാസ്ട്രോ നഗറില്‍ (മറൈന്‍ ഡ്രൈവ്) 15ന് വൈകിട്ട് ആറിന് സ്വാഗതസംഘം ചെയര്‍മാന്‍ സി എന്‍ മോഹനന്‍ പതാക ഉയര്‍ത്തുമെന്ന് ജില്ലാ സെക്രട്ടറി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പതാക, കൊടിമര, ദീപശിഖാ റാലികള്‍ 14ന് ആരംഭിക്കും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് 15ന് വൈകിട്ട് മറൈന്‍ഡ്രൈവില്‍ സംഗമിക്കും. പതാകജാഥ 13ന് വീൈട്ട് 5ന് സംസ്ഥാനകമ്മിറ്റി അംഗം കെ എം സുധാകരന്‍ പാമ്പാക്കുടയില്‍ ഉദ്ഘാടനംചെയ്യും. പി ആര്‍ മുരളീധരനാണ് ക്യാപ്റ്റന്‍. കൊടിമരജാഥ കൊച്ചിയില്‍ സംസ്ഥാനകമ്മിറ്റി അംഗം സി എം ദിനേശ്മണി ഉദ്ഘാടനംചെയ്യും. എം സി സുരേന്ദ്രന്‍ നയിക്കും. ദീപശിഖാ ജാഥ എ ജി വേലായുധന്‍ സ്മൃതിമണ്ഡപത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ് ശര്‍മ എംഎല്‍എ ഉദ്ഘാടനംചെയ്യും. സി കെ മണിശങ്കറാണ് ക്യാപ്റ്റന്‍.

പ്രതിനിധിസമ്മേളനം 16ന് രാവിലെ 9.30ന് വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ (എറണാകുളം ടൌണ്‍ഹാള്‍) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. ജില്ലയിലെ 20 ഏരിയകളില്‍നിന്ന് 354 പ്രതിനിധികളും 43 ജില്ലാകമ്മിറ്റി അംഗങ്ങളും ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും ജില്ലയിലെ സംസ്ഥാനകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സ് പതാക ഉയര്‍ത്തും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ പാര്‍ടിയെക്കുറിച്ചുള്ള ചരിത്ര-ചിത്ര പ്രദര്‍ശനം പപ്പന്‍ചേട്ടന്‍ സ്മാരകഹാളിലെ സി വി ഔസേഫ് നഗറില്‍ ശനിയാഴ്ച രാവിലെ 10ന് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. 

ജനുവരി 17ന് ടൌണ്‍ഹാളിനു മുന്‍വശത്തുള്ള ഗൌരി ലങ്കേഷ് നഗറില്‍ വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം നടക്കും. കവിത ലങ്കേഷ് ഉദ്ഘാടനംചെയ്യും. പ്രൊഫ. എം കെ സാനു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാര്‍, പ്രൊഫ. കെ ജി പൌലോസ്, ഡോ. സുനില്‍ പി ഇളയിടം എന്നിവര്‍ പങ്കടുക്കും.
18ന് വൈകിട്ട് നാലിന് പൊതുപ്രകടനം ആരംഭിക്കും. ചുവപ്പുസേനാ പരേഡ് ഒഴിവാക്കിയിട്ടുണ്ട്. ഗതാഗതപ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും രാജീവ് പറഞ്ഞു. രാജേന്ദ്ര മൈതാനത്തുനിന്നും ചാത്തിയാത്ത് ജങ്ഷനില്‍നിന്നുമാണ് പ്രകടനം ആരംഭിക്കുക. മറൈന്‍ ഡ്രൈവിലെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ സി എന്‍ മോഹനന്‍, സി കെ മണിശങ്കര്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

കരുത്തോടെ സമ്മേളനത്തിലേക്ക്
കൊച്ചി >  പതറാത്ത പോരാട്ടങ്ങള്‍, സചേതനമായ ഇടപെടലുകള്‍, കരുത്തുറ്റ സംഘടന, വ്യാപകമായ ആശയപ്രചാരണം, വര്‍ധിച്ച ജനകീയ പിന്തുണ.. ജില്ലയിലെ തൊഴിലാളിവര്‍ഗ പൊതു വിപ്ളവപ്രസ്ഥാനം സമ്മേളനത്തിലേക്കെത്തുന്നത് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി.

ചിട്ടയും കൂട്ടായതുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയ പിന്തുണ വര്‍ധിപ്പിക്കാന്‍കഴിഞ്ഞതാണ് പ്രധാന നേട്ടം. മുന്‍ സമ്മേളനകാലയളവില്‍ ജില്ലയിലാകെ രണ്ട് അസംബ്ളിമണ്ഡലങ്ങള്‍ മാത്രമായിരുന്നു എല്‍ഡിഎഫിനുണ്ടായിരുന്നത്. ഇക്കുറി അത് അഞ്ചാക്കി ഉയര്‍ത്താന്‍കഴിഞ്ഞു. കഴിഞ്ഞതവണ ഏഴു പഞ്ചായത്താണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. ഇക്കുറി അത് 39 ആയി. കഴിഞ്ഞതവണ ഒരു മുനിസിപ്പാലിറ്റിയിലാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അഞ്ചായി. ബ്ളോക്ക് പഞ്ചായത്തുകളുടെ എണ്ണവും ഒന്നില്‍നിന്ന് അഞ്ചാക്കി. കഴിഞ്ഞതവണ ജില്ലാപഞ്ചായത്തില്‍ മൂന്നു സീറ്റിലൊതുങ്ങിയെങ്കില്‍ അത് 11ആക്കി ഉയര്‍ത്താനായി. കൊച്ചി കോര്‍പറേഷനിലെ അംഗബലവും 24ല്‍നിന്ന് 30 ആയി വര്‍ധിപ്പിച്ചു. വളര്‍ച്ചയേറെ ഉണ്ടെങ്കിലും നിലവിലുള്ള ദൌര്‍ബല്യങ്ങള്‍ പരിഹരിച്ച് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ആര്‍ജിക്കാനുള്ള കര്‍മപദ്ധതികള്‍ക്ക് സമ്മേളനം രൂപംനല്‍കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.

സംഘടനാരംഗത്തും ഏറെ മുന്നേറ്റമുണ്ടാക്കാന്‍ സിപിഐ എമ്മിന് കഴിഞ്ഞു. പാര്‍ടി അംഗങ്ങളുടെ എണ്ണം 6672 വര്‍ധിച്ചു. കഴിഞ്ഞ സമ്മേളനം നടക്കുമ്പോള്‍ 12.34 ശതമാനമായിരുന്നു സ്ത്രീകളുടെ അംഗത്വമെങ്കില്‍ ഇപ്പോഴത് 13.84 ശതമാനമായി. 25 വയസ്സിനു താഴെയുള്ളവരുടെ അനുപാതം 3.99ല്‍നിന്ന് 7.66 ആയി വര്‍ധിച്ചു. വര്‍ഗ-ബഹുജന സംഘടനകളിലെ അംഗങ്ങളുടെ എണ്ണവും അരലക്ഷത്തിലേറെ വര്‍ധിച്ചു.

ജൈവകൃഷിയിലെ ഇടപെടലിനെത്തുടര്‍ന്ന് നെല്ല്, പച്ചക്കറി, ഉല്‍പ്പാദനത്തില്‍ വലിയ മുറ്റേമുണ്ടായി. ഇപ്പോള്‍ സംയോജിതകൃഷിക്ക് നേതൃത്വം നല്‍കുന്നു.
അറുന്നൂറോളം പാലിയേറ്റീവ് വളന്റിയര്‍മാര്‍ പരിശീലനം നേടി. കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് രൂപംനല്‍കി. കനിവ് ആക്ഷന്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ആയിരത്തോളം വളന്റിയര്‍മാര്‍ക്ക് ട്രോമാ കെയര്‍ പരിശീലനം നല്‍കി. ചുമട്ടുതൊഴിലാളികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. പാരിസ്ഥിക സംരക്ഷണത്തിന്റെ ഭാഗമായി ഇരുപതിലധികം ജലസ്രോതസ്സുകള്‍ ശുചീകരിച്ചു. ഒരുലക്ഷത്തോളം മഴക്കുഴികള്‍ നിര്‍മിച്ചു. 3000ത്തോളം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചു. പെരിയാറിനൊരു ഇല്ലിത്തണല്‍ എന്ന പേരില്‍ ജനകീയ പരിസ്ഥിതിപരിപാടിക്ക് നേതൃത്വം നല്‍കി.

സമ്മേളനത്തിന്റെ ഭാഗമായി 30 ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇതുകൂടാതെ പത്തോളം വീടുകള്‍ വിവിധ ബ്രാഞ്ചുകള്‍ ഇക്കാലയളവില്‍ നിര്‍മിച്ചുനല്‍കി. ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ ഭാഗമായി 13 വീടുകള്‍ നിര്‍മിച്ചുനല്‍കി.

തീരദേശ മത്സ്യത്തൊഴിലാളികള്‍, കിഴക്കന്‍ മേഖലകളിലെ കര്‍ഷകര്‍ എന്നിവരുടെ വിപുലമായ കണ്‍വന്‍ഷനുകള്‍ ചേര്‍ന്ന് പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കി. കപ്പല്‍ശാല, ഫാക്ട്, എച്ച്ഒസി, ടിസിഎസ്, കയറ്റുമതിമേഖല എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭരംഗത്ത് നിലയുറപ്പിക്കാനും സിപിഐ എമ്മിനു കഴിഞ്ഞു.

ചരിത്ര ചിത്രപ്രദര്‍ശനം ഇന്നു തുടങ്ങും
കൊച്ചി > ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വാര്‍ത്തകളും രേഖകളുമായി ചരിത്ര ചിത്രപ്രദര്‍ശനം. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സി വി ഔസേഫ്നഗര്‍ (പപ്പന്‍ ചേട്ടന്‍ സ്മാരക ഹാളിലാണ് പ്രദര്‍ശനം. ശനിയാഴ്ച രാവിലെ 10ന് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. പി രാജീവ്, സി എന്‍ മോഹനന്‍ എന്നിവര്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് കവിയരങ്ങും കൈകൊട്ടിക്കളിയും ഉണ്ടാകും.

 

പ്രധാന വാർത്തകൾ
Top