22 October Monday

റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് സഹായഹസ്തമായി 'കനിവ്'

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

കൊച്ചി > റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് കനിവായി 'കനിവി'ന്റെ സഹായഹസ്തം. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനും അടിയന്തരശുശ്രൂഷ നല്‍കാനും പരിശീലനം നേടിയ കനിവ് ആക്ഷന്‍ ഫോഴ്സിന്റെ 1000 അംഗങ്ങളാണ് ജില്ലയില്‍ സുരക്ഷ ഒരുക്കുന്നത്. അംഗങ്ങളുടെ പാസിങ്ഔട്ടും സര്‍ട്ടിഫിക്കറ്റ്വിതരണവും രാജേന്ദ്രമൈതാനിയില്‍ നടന്നു. നടന്‍ ജയസൂര്യ സര്‍ട്ടിഫിക്കറ്റ്വിതരണം നിര്‍വഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് അധ്യക്ഷനായി.

ജില്ലയില്‍ 1000 ചുമട്ടുതൊഴിലാളികള്‍ക്കാണ് വിവിധ ആശുപത്രികളില്‍ പരിശീലനം നല്‍കിയത്. ഇതില്‍ 500 പേരുടെ പാസിങ്ഔട്ട് നേരത്തേ കഴിഞ്ഞു. ചുമട്ടുതൊഴിലാളികള്‍ ജീവന്‍രക്ഷകരായി മാറുകയാണെന്ന് പി രാജീവ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സിറ്റി ചുമട് തൊഴിലാളികള്‍ അവരുടെ അധ്വാനത്തില്‍നിന്നുള്ള വിഹിതം സ്വരൂപിച്ച് ജനറല്‍ ആശുപത്രിക്ക് ട്രോമാ കെയര്‍ ആംബുലന്‍സ് വാങ്ങിനല്‍കി. സമാനതകളില്ലാത്ത പ്രവര്‍ത്തനമാണിത്. രാഷ്ട്രീയപരിഗണനയില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതാണെന്ന് പി രാജീവ് പറഞ്ഞു.  

ഏറ്റവും നന്മയുള്ള കാര്യമാണ് കനിവ് ചെയ്യുന്നതെന്നും  പ്രവര്‍ത്തനത്തില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്നും സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്ത നടന്‍ ജയസൂര്യ പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട്, പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റാണ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നല്‍കിയത്.
കനിവിന്റെ ടീഷര്‍ട്ട് ജയസൂര്യക്ക് പി രാജീവ് സമ്മാനിച്ചു. കനിവ് ആക്ഷന്‍ ഫോഴ്സ് സെക്രട്ടറി കെ എം അഷ്റഫ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആര്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. കെ ജെ ജേക്കബ്, സി കെ മണിശങ്കര്‍, കെ കെ ശിവന്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണം വിതരണംചെയ്യുന്ന പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രധാന വാർത്തകൾ
Top