12 December Wednesday

ശ്രീധരൻപിള്ളയ്‌ക്കെതിരെ ദേശീയ നേതൃത്വത്തിന‌് പരാതി ; നാണക്കേടുണ്ടാക്കിയെന്ന‌് ഒരുവിഭാഗം നേതാക്കൾ

സ്വന്തം ലേഖകൻUpdated: Monday Nov 12, 2018

പി എസ‌് ശ്രീധരൻപിള്ളയുടെ അബദ്ധ പ്രസ‌്താവനകൾ നാണക്കേടുണ്ടാക്കിയെന്ന‌് ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായം. ശബരിമല വിഷയത്തിൽ തന്ത്രി വിളിച്ചോ ഇല്ലയോ എന്നതിൽ ഉരുണ്ടുകളിക്കുന്ന പിള്ളയുടെ നിലപാട‌് പൊതുസമൂഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും ബിജെപിയുടെ വിശ്വാസ്യതയ‌്ക്ക‌് മങ്ങലേൽപ്പിച്ചുവെന്നാണ‌് വിലയിരുത്തൽ. ഇതുസംബന്ധിച്ച‌്ബി ജെപി ദേശീയ നേതൃത്വത്തിന‌് നേതാക്കൾ പരാതി നൽകി.

10 വർഷമായി നേതൃത്വത്തിൽനിന്ന‌് വിട്ടുനിൽക്കുന്ന ശ്രീധരൻപിള്ള പ്രസിഡന്റായശേഷം നിലമറന്ന‌് സംസാരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ‌്. യുവമോർച്ച സംസ്ഥാന സമിതി യോഗത്തിൽ സ്വയം പുകഴ‌്ത്തി ശ്രീധരൻപിള്ള അബദ്ധത്തിൽ ചാടുകയായിരുന്നുവെന്ന‌് നേതാക്കൾ കുറ്റപ്പെടുത്തുന്നു.  അഭിഭാഷകജോലിയും പ്രസിഡന്റ‌് പദവും കൂട്ടിക്കുഴച്ച‌് അഭിപ്രായം പറയുന്നത‌് നിർത്തിയില്ലെങ്കിൽ ഇനിയും കുഴപ്പത്തിൽ ചാടുമെന്ന മുന്നറിയിപ്പും പിള്ളയ‌്ക്ക‌് നേതാക്കൾ നൽകുന്നു. ഏത‌് വിഷയം അവതരിപ്പിക്കുമ്പോഴും അഭിഭാഷകന്റെ റോൾ ഒരുവശത്തും  പാർടി പ്രസിഡന്റിന്റെ റോൾ മറുവശത്തും അനാവശ്യമായി ഉപയോഗിക്കുന്നതിനെതിരെയാണ‌് വിമർശനം.

ബിജെപി പ്രസിഡന്റ‌് പദത്തിൽ കണ്ണുനട്ടിരുന്ന നേതാക്കൾ ശ്രീധരൻപിള്ളയുടെ പ്രസംഗത്തെ പരസ്യമായി അനുകൂലിക്കാൻ തയാറായിട്ടില്ല. വർഗീയത ഇളക്കിവിട്ട‌് നേട്ടംകൊയ്യാമെന്ന കണക്കുകൂട്ടലിൽ തുടങ്ങിയ ശബരിമല സമരം ശ്രീധരൻ പിള്ളയിൽ തട്ടി തകരുകയാണെന്ന‌് ദേശീയ നേതൃത്വത്തിനും അഭിപ്രായമുണ്ട‌്. സ്വയം കുഴിച്ച കുഴിയിൽ പിള്ള വീഴുകയാണെന്ന‌് അദ്ദേഹത്തോട‌് അടുപ്പമുള്ളവർപോലും പറയുന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമാരും ശ്രീധരൻപിള്ളയുടെ അമിതാവേശത്തിലും സ്വയം പുകഴ‌്ത്തലിലും അസംതൃപ‌്തരാണ‌്.

ആർഎസ‌്എസ‌് പ്രീതിക്കായി അഭിപ്രായം ഒരുമുഴം മുമ്പേ പയറ്റുന്നതാണ‌് ശ്രീധരൻപിള്ളയ‌്ക്ക‌് വിനയാകുന്നത‌്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ നിലപാടെടുക്കുന്നത‌് അഭിഭാഷകനെന്ന നിലയിൽ തിരിച്ചടിയാകുമെന്ന ഭയവുമുണ്ട്‌. ഇത‌് മറച്ചുപിടിക്കാനാണ‌് പ്രസ‌്താവനകളുമായി കളം നിറയാനുള്ള നീക്കം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top