20 September Thursday

കോണ്‍ഗ്രസിന്റെ വക്കാലത്തുമായി ഫെനി ബാലകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

തിരുവനന്തപുരം > സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് തങ്ങള്‍ക്കെതിരായതോടെ കമീഷനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആളെയിറക്കി കോണ്‍ഗ്രസിന്റെ കളി. സരിത എസ് നായരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ ഇറക്കിയാണ് കമീഷനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ച പ്രകാരം ആരോപണവിധേയര്‍ക്ക് വക്കാലത്തുമായി ശനിയാഴ്ച ഫെനി ബാലകൃഷ്ണന്‍ തിരുവനന്തപുരം പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനം നടത്തി.

ശിവരാജന്‍ കമീഷന്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ഫെനി ആരോപിച്ചു. സരിതയെ വിസ്തരിക്കാന്‍ തന്നെ കമീഷന്‍ അനുവദിച്ചില്ലെന്നായിരുന്നു ആരോപണം. എന്നാല്‍, ഫെനി സോളാര്‍ കേസില്‍ സാക്ഷി മാത്രമാണ്. സാക്ഷിക്ക് ക്രോസ് വിസ്താരം നടത്താനാകില്ല. അതേസമയം, സരിതയുടെ കത്തില്‍ പേര് പരാമര്‍ശിച്ചവര്‍ക്കൊക്കെ അവരെ വിസ്തരിക്കാന്‍ അവസരം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ വക്കീലായിരുന്ന എസ് ശ്രീകുമാര്‍ ഏഴര മണിക്കൂറോളമാണ് സരിതയെ ക്രോസ് വിസ്താരം നടത്തിയത്.

പത്തനംതിട്ട ജയിലില്‍ വച്ച് സരിത എഴുതിയത് 21 പേജുള്ള കത്താണെന്നും അതില്‍ ലൈംഗികപീഡന ആരോപണങ്ങള്‍ ഇല്ലെന്നും ഫെനി പറഞ്ഞു. കത്ത് 21 പേജല്ല, 21 ഷീറ്റാണ് എന്നാണ് വസ്തുത. മൊത്തം 42 പേജ്. ഇതില്‍ 25 പേജില്‍ കത്തും 17 പേജില്‍ കുറിപ്പുകളുമാണ് ഉണ്ടായിരുന്നത്.

പ്രധാന വാർത്തകൾ
Top