Top
17
Sunday, December 2017
About UsE-Paper

നേവിയുടെ ക്വട്ടേഷനില്‍ കപ്പല്‍ശാലയ്ക്ക് വിലക്ക്: 6000 കോടിയുടെ അഴിമതി

Sunday Nov 12, 2017
ഡി ദിലീപ്

കൊച്ചി > നാവികസേനയ്ക്കുവേണ്ടി നിര്‍മിക്കുന്ന 20,000 കോടിയുടെ നാല് ലാന്‍ഡിങ് പ്ളാറ്റ്ഫോം ഡോക്കുകളുടെ (എല്‍പിഡി) ക്വട്ടേഷനില്‍നിന്ന് കൊച്ചി കപ്പല്‍ശാലയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയത് 6000 കോടിയുടെ അഴിമതിക്ക് കളമൊരുക്കാന്‍. എല്‍ആന്‍ഡ് ടി, റിലയന്‍സ് എന്നിവയെ മാത്രം ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ക്വട്ടേഷന്‍ ക്ഷണിക്കാന്‍ തീരുമാനിച്ചത്.

നാവികസേനയ്ക്കുവേണ്ടിത്തന്നെ നിര്‍മിക്കുന്ന സര്‍വേഷിപ്, ഡൈവിങ് സപ്പോര്‍ട്ട് വെസല്‍ (ഡിഎസ്വി) എന്നിവയുടെ ക്വട്ടേഷനുകളില്‍ പൊതുമേഖലാ കപ്പല്‍ശാലകളുടെ കുറഞ്ഞതുകയും എല്‍ ആന്‍ഡ് ടി, റിലയന്‍സ് എന്നിവയുടെ തുകയും തമ്മില്‍ 30 മുതല്‍ 50 ശതമാനംവരെ വ്യത്യാസമുണ്ടായിരുന്നു. എല്ലാ ടെന്‍ഡറിലും ഉയര്‍ന്ന തുക മാത്രം ക്വോട്ട്ചെയ്യുന്ന എല്‍ ആന്‍ഡ് ടിയെയും റിലയന്‍സിനെയും മാത്രം ഉള്‍പ്പെടുത്തിയത് എല്‍പിഡിയുടെ ക്വട്ടേഷനിലും 6000 കോടി രൂപമുതല്‍ 10,000 കോടിവരെ കേന്ദ്രസര്‍ക്കാരിന് നഷ്ടമുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

നാവികസേനയ്ക്ക് നിര്‍മിക്കുന്ന സര്‍വേഷിപ്പിന് 519 കോടി രൂപയാണ് പൊതുമേലാസ്ഥാപനമായ ഗാര്‍ഡന്‍ റീച്ച് ഷിപ്യാര്‍ഡ് കോട്ട്ചെയ്തത്. എന്നാല്‍ എല്‍ ആന്‍ഡ് ടി നല്‍കിയതാകട്ടെ 742 കോടി രൂപയും. 223 കോടിയുടെ വ്യത്യാസം. ഡിഎസ്വിക്കുവേണ്ടി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡ് 1010 കോടി രൂപ ക്വട്ടേഷന്‍ നല്‍കിയപ്പോള്‍ എല്‍ ആന്‍ഡ് ടി നല്‍കിയത് 1584 കോടി രൂപയും. വ്യത്യാസം 574 കോടി രൂപ. കൊച്ചി കപ്പല്‍ശാല സര്‍വേഷിപ്പിന് 573 കോടിയും ഡിഎസ്വിക്ക് 1188 കോടിയുമാണ് ക്വട്ടേഷന്‍ നല്‍കിയത്.

ഈ നിര്‍മാണകരാറും കിട്ടാതായതോടെയാണ് റിലയന്‍സ് നാല് ലാന്‍ഡിങ് പ്ളാറ്റ്ഫോം ഡോക്കുകളുടെ കരാറിനായി പിടിമുറുക്കിയത്. പൊതുമേഖലാ കപ്പല്‍നിര്‍മാണശാലകളെ പങ്കെടുപ്പിച്ചാല്‍ മത്സരിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് കേന്ദ്രസര്‍ക്കാരിനെ ഇടപെടുവിച്ച് ഇവയെ ഒഴിവാക്കിയത്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ നിര്‍മിച്ച കൊച്ചി കപ്പല്‍ശാലയെയടക്കം ഒഴിവാക്കി കപ്പല്‍നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത, വാണിജ്യകണ്ണുകളോടെ മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോര്‍പറേറ്റ് കമ്പനികളായ എല്‍ ആന്‍ഡ് ടിയെയും റിലയന്‍സിനെയും ഉള്‍പ്പെടുത്തിയത് അഴിമതി ലക്ഷ്യമിട്ടാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണ്. ഈ അഴിമതിനീക്കത്തില്‍നിന്നു പിന്മാറി എല്‍പിഡികളുടെ നിര്‍മാണകരാര്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ളോയീസ് ഫെഡറേഷന്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.

2011ലാണ് നാവികസേനയ്ക്കായി 220 മീറ്റര്‍ നീളവും 20,000 ടണ്‍ കേവുഭാരവുമുള്ള നാല് എല്‍പിഡി വെസലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതില്‍ രണ്ടെണ്ണം ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിന് നല്‍കി. ബാക്കി രണ്ടെണ്ണം ടെന്‍ഡര്‍ചെയ്യാനും തീരുമാനിച്ചു. എന്നാല്‍ അന്നും കൊച്ചി കപ്പല്‍ശാലയെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍നിന്നുപോലും ഒഴിവാക്കി. വിമാനവാഹിനി കപ്പല്‍ (ഐഎസി) നിര്‍മാണം നടക്കുന്നതിനാല്‍ എല്‍പിഡി നിര്‍മിക്കാന്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് ശേഷിയുണ്ടാവില്ലെന്നായിരുന്നു കണ്ടെത്തല്‍.

2013ല്‍ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് ജീവനക്കാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സമിതിയെ നിയോഗിച്ചു. എല്‍പിഡിയുടെ നിര്‍മാണം കൊച്ചി കപ്പല്‍ശാലയ്ക്ക് നേരിട്ട് നല്‍കുകയോ, അല്ലെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുപ്പിക്കുകയോ വേണമെന്ന് സമിതി നിര്‍ദേശിച്ചു. തുടര്‍ന്നു വന്ന ബിജെപി സര്‍ക്കാര്‍ ടെന്‍ഡറിന്റെ നിബന്ധന മാറ്റാനാകില്ലെന്ന ന്യായംപറഞ്ഞ് കൊച്ചി കപ്പല്‍ശാലയെ വീണ്ടും ഒഴിവാക്കി.