19 October Friday

ആലപ്പുഴയുടെ കനാല്‍കരകളില്‍ മ്യൂസിയംശൃംഖല തീര്‍ക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

ആലപ്പുഴ > നഗരത്തിലെ കനാലുകള്‍ വൃത്തിയാക്കി പുനരുജ്ജീവിപ്പിച്ച് ഇരുകരകളിലും ആലപ്പുഴയുടെ പാരമ്പര്യം വിളിച്ചോതുന്ന മ്യൂസിയംശൃംഖല പടുത്തുയര്‍ത്തുമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഗുജറാത്തി പൈതൃക ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കയറിന്റെയും ട്രേഡ് യൂണിയന്റെയും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും വ്യവസായത്തിന്റെയും പാരമ്പര്യങ്ങളെ വരച്ചുകാട്ടുന്ന മ്യൂസിയങ്ങളുടെ ശൃംഖലയില്‍ കയറിന്റെയും ഗുജറാത്തി മ്യൂസിയത്തിന്റെയും മ്യൂസിയം ഒരുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കും. ഒപ്പം റോഡുവികസനംകൂടി ആകുമ്പോള്‍ ഇന്നുള്ളതിന്റെ പതിന്മടങ്ങ് വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന കേന്ദ്രമായി ആലപ്പുഴ മാറും. ഇതുവഴി ആലപ്പുഴയുടെ ചരിത്രത്തിന്റെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ കാണാനാകും.

രണ്ടരലക്ഷം ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ആലപ്പുഴയില്‍ കായല്‍ സഞ്ചാരംകഴിഞ്ഞാല്‍ മറ്റൊരു കാഴ്ചയോ കൌതുകങ്ങളോ നല്‍കാനാകുന്നില്ല. സംഘടിത ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഉദയവും വ്യവസായവികേന്ദ്രീകരണവും കണ്ട ഒരു നല്ല കാലമുണ്ടായിരുന്നു ആലപ്പുഴയ്ക്ക്. തുറമുഖ നഗരമെന്ന പഴയകാല പ്രൌഢിയും പോയ്മറഞ്ഞു. ഈ ഘട്ടത്തിലാണ് ചരിത്രനഗരത്തിന് പുതിയൊരു ജന്മമെന്ന ചോദ്യം ഉയര്‍ന്നുവന്നത്. ആലപ്പുഴയുടെ പുനര്‍ജന്മത്തിന് വേണ്ടിയുള്ള സമഗ്രമായ പരിപാടികളാണ് നടപ്പാക്കുന്നത്.

സമ്മോഹനമായ സ്മരണകള്‍ വച്ചുപുലര്‍ത്തുന്ന ഗുജറാത്തികളുടെ ഇഷ്ടഭൂമിയായ ആലപ്പുഴയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ കോര്‍ത്തിണക്കി ഒരു ചരിത്രസ്മരണിക തീര്‍ക്കുകയാണ് ലക്ഷ്യം. ഈ പരിശ്രമത്തിന് എല്ലാവരുടെയും പ്രത്യേകിച്ച് ഗുജറാത്തി സമൂഹത്തിന്റെ പിന്തുണ സര്‍ക്കാരിനുവേണ്ടി അഭ്യര്‍ഥിക്കുന്നതായും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആലപ്പുഴയുടെ പുനര്‍ജന്മത്തിനുവേണ്ടിയുള്ള സമഗ്രമായ ഈ പരിപാടി ഔപചാരികമായ ചടങ്ങോ ആഘോഷമോ അല്ലെന്നും, ഗതകാല സ്മരണകള്‍ എങ്ങനെ ഭംഗിയായി പ്രദര്‍ശിപ്പിക്കാം എന്നതിന്റെ ചര്‍ച്ചയാണെന്നും ശില്‍പ്പശാലയില്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഗുജറാത്തി ഹിത്ത്വര്‍ധക് വിദ്യാശാലയില്‍ ചേര്‍ന്ന ശില്‍പ്പശാലയില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി വി വേണു സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു.

ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍ വിഷ്ണു പാണ്ഡേ, ബാപേഷ് ഇറാനി, കലക്ടര്‍ ടി വി അനുപമ, കല്ലേലി രാഘവന്‍പിള്ള, അരുണ്‍ സമ്പത്ത്, അബ്ദുള്‍ റഹ്മാന്‍ സേട്ട്, ജിതേന്ദ്ര മഹേശ്വരി, അഡ്വ. ദേവകുമാര്‍, ബെന്നി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. മെഗാ ടൂറിസം പ്രൊജക്ട് ഓഫീസര്‍ എന്‍ പത്മകുമാര്‍ സ്വാഗതം പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top