19 October Friday

കൊലവിളിയുമായി എബിവിപി മാര്‍ച്ച്

സ്വന്തം ലേഖകന്‍Updated: Sunday Nov 12, 2017

തിരുവനന്തപുരം > ലോകത്തിന് മാതൃകയായ മതസൌഹാര്‍ദവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന കേരളത്തില്‍ മതവെറിയുടെ കനല്‍ വിതറി സംഘപരിവാറിന്റെ വിദ്യാര്‍ഥി വിഭാഗം എബിവിപിയുടെ റാലി. റാലിയില്‍ സംഘാടകര്‍ അവകാശപ്പെട്ടിരുന്നത് ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്നായിരുന്നു. 50,000 പേര്‍ സംസ്ഥാനത്തുനിന്നും 50,000 പേര്‍ ഇതരസംസ്ഥാനത്തുനിന്നും. സംഘാടകരുടെ വിലയിരുത്തലില്‍ പങ്കെടുത്തവരുടെ എണ്ണം ഇരുപത്തയ്യായിരമായി.

സിപിഐ എമ്മിനെയും കേരളത്തിന്റെ മുഖ്യമന്ത്രിയെയും ഇകഴ്ത്താനുള്ള വേദിയായി റാലിയെ മാറ്റി. ദേശീയ അധ്യക്ഷന്‍ നാഗേഷ് ഠാക്കൂര്‍, ജനറല്‍ സെക്രട്ടറി വിനയ് ബിദ്ര, ദേശീയ സെക്രട്ടറിമാരായ കിഷോര്‍ ബര്‍മന്‍, ആശിഷ് ചൌഹാന്‍, ഒ നിധീഷ്, ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി മഹാമേധാ നാഗര്‍, ജെഎന്‍യു യൂണിറ്റ്്് അധ്യക്ഷ നിധി ത്രിപാഠി, സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ്് തുടങ്ങിയവരാണ് റാലിയുടെ സമാപന യോഗത്തില്‍ സംസാരിച്ചത്.

സംസ്ഥാനത്താകെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുകയാണെന്ന് ഹിന്ദിയില്‍ നടത്തിയ പ്രസംഗത്തില്‍ എല്ലാ നേതാക്കളും ആവര്‍ത്തിച്ചു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ഉന്നതതല കേന്ദ്രസംഘത്തെ അയക്കണമെന്ന് വിനയ് ബിദ്ര ആവശ്യപ്പെട്ടതില്‍ ഭീഷണിയുടെ സ്വരമായിരുന്നു.

കേരളത്തില്‍നിന്നുള്ളവര്‍ പിഎംജി ജങ്ഷനില്‍ ഒത്തുകൂടി. വിദ്യാര്‍ഥികളുടെ എണ്ണം പരിമിതമായിരുന്നു. സംഘപരിവാര്‍ കുടുംബാംഗങ്ങള്‍ എല്ലാം റാലിക്കായി എത്തിയെന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ മ്യുസിയം  ജങ്ഷനിലും ഒത്തുകൂടി. ഇവര്‍ പാളയത്ത് ഒരുമിച്ച് മുന്നോട്ടുനീങ്ങുന്നതിനിടയില്‍ ഇതര സംസ്ഥാനത്തുനിന്നുള്ളവര്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചു. യൂണിവേഴ്സിറ്റി കോളേജിന്റെയും സംസ്കൃത കോളേജിന്റെയും മുന്നില്‍ റോഡരുകില്‍ കേരളത്തിലെ സംഘപരിവാര്‍ ഭീകരത വിവരിക്കുന്ന ബോര്‍ഡുകള്‍ കണ്ടിട്ടാണ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. പൊലീസ് ഇവരെ പിന്തിരിപ്പിച്ചു.

പ്രധാന വാർത്തകൾ
Top