17 July Tuesday

പണം തട്ടിപ്പ്: മുന്‍ മന്ത്രിയുടെ പേഴ്‌‌‌‌സണല്‍ സ്റ്റാഫ് അംഗത്തിനും ഭാര്യയ്‌‌‌ക്കുമെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കാസര്‍കോട് > പണം തട്ടിപ്പ് നടത്തിയതിന് മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനും,  ഭാര്യക്കും എതിരെ പൊലിസ് കേസ് എടുത്തു. മുന്‍ മന്ത്രി കെ ബാബുവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ തിരുവനന്തപുരം ജില്ലയിലെ നേമം പാപ്പനംകോട് അമ്യത നഗറിലെ രാജപ്പന്‍ നായരുടെ മകന്‍ കിരണ്‍ ആര്‍ പി നായര്‍, ഇദ്ദേഹത്തിന്റെ ഭാര്യ ശിവശ്യാമ, ബന്ധുക്കളായ ശശികുമാര്‍ നായര്‍, ഇടപ്പഴഞ്ഞിയിലെ വി രാഹുല്‍, നെയ്യാറ്റിന്‍ക്കര അരച്ചുമുടിലെ ജയശങ്കര്‍ എന്നി അഞ്ച് പേര്‍ക്ക് എതിരെയാണ് കാസര്‍ഗോഡ് രാജപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

കെ ബാബു മന്ത്രിയായിരിക്കുന്ന കഴിഞ്ഞ മന്ത്രി സഭ കാലത്ത് പേഴ്‌സ‌ണല്‍ സ്റ്റാഫ് അംഗമായിരുന്ന കിരണ്‍ ആര്‍ പി നായരും മറ്റ് നാല് പേരും കൂടി കാസര്‍കോട് ജില്ലയിലെ കോടോംബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ പടിമരുതിലെ തച്ചപതിക്കാല്‍ ബിനിഷ് ജോര്‍ജില്‍ നിന്നും 2016 ജനുവരി 28നും ജൂലൈ 7 നും ഇടയില്‍ ഒരു കോടി രൂപ വിശ്വാസ വഞ്ചന കാണിച്ച് തട്ടിയെടുത്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാജപുരം പൊലിസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് മുന്‍ മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കേസ് എടുത്തിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന് അടുത്ത് റിയല്‍ എസ്റ്റേറ്റില്‍ തുല്യ പങ്കാളിത്തം ഉള്ള പാര്‍ട്‌ണര്‍ ആക്കാം എന്ന് പറഞ്ഞ് ബിനിഷ് ജോര്‍ജില്‍ നിന്നും ഒരു കോടി രൂപ ബാങ്ക് മുഖാന്തിരവും അല്ലാതെയും വാങ്ങിയെടുത്ത സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഈ പണത്തില്‍ 67 ലക്ഷം രൂപ കേസിലെ ഒന്നാം പ്രതിയും മുന്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ കിരണ്‍ ആര്‍ പി നായര്‍ ആണ് വാങ്ങിയിരുന്നുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് മുഖാന്തിരവും, നേരിട്ടും പണം നല്‍കിയതിന്റെ രേഖകള്‍ പരാതിയേടൊപ്പം നല്‍കിയിട്ടുണ്ട്. രാജപുരം എസ് ഐ ഷിജുവാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്‍ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കേസിന്റെ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ സംഘം രണ്ട് ദിവസത്തിനകം തിരുവനന്തപുരത്തേക്ക് പോകും.


 

പ്രധാന വാർത്തകൾ
Top