21 June Thursday

വി മുരളീധരന്റെ രാജ്യസഭാ സീറ്റ് : കുമ്മനത്തിന് വീണ്ടും തിരിച്ചടി

വിഷ്ണുപ്രസാദ്Updated: Monday Mar 12, 2018

തിരുവനന്തപുരം > വി മുരളീധരന്റെ രാജ്യസഭാ സ്ഥാനാർഥിത്വം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കനത്ത തിരിച്ചടിയായി.

രണ്ടുവർഷമായി രാജ്യസഭാസീറ്റ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകി ബിജെപി കൂടെനിർത്തുന്ന ബിഡിജെഎസും കടുത്ത രോഷത്തിലാണ്. ഇതോടെ ബിജെപിയിൽ മാത്രമല്ല, എൻഡിഎയിലും അടി രൂക്ഷമായി. ബിഡിജെഎസിനെപ്പോലെ സ്ഥാനമോഹവുമായി എൻഡിഎയിൽ കഴിയുന്ന ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനുവും രോഷത്തിലാണ്.

കുമ്മനത്തെ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമാക്കുമെന്ന് ഔദ്യോഗികപക്ഷം ഏതാനും മാസമായി പ്രചാരണം നടത്തവെ ഓർക്കാപ്പുറത്ത് വിമതപക്ഷത്തെ നേതാവിനെത്തന്നെ രാജ്യസഭാ സ്ഥാനാർഥിയാക്കിയത് ഇരട്ടപ്രഹരമായി. അൽഫോൺസ് കണ്ണന്താനത്തെ മന്ത്രിയാക്കിയതുപോലെ കുമ്മനത്തോട് ഒരുചർച്ചയും നടത്താതെയാണ് മുരളീധരനും രാജ്യസഭാ സീറ്റ് നൽകിയത്. ഇതോടെ പദവിയിൽ തുടരണമോ എന്ന ചോദ്യമാണ് അടുത്ത അനുയായികളോട് കുമ്മനം ചോദിക്കുന്നത്.

മെഡിക്കൽ കോളേജ് കോഴ ഉൾപ്പെടെ ഔദ്യോഗികപക്ഷം നേതാക്കൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന പലവിഷയങ്ങളും മാധ്യമങ്ങൾക്ക് ചോർത്തിനൽകിയത് മുരളീധരനും കൂടെനിൽക്കുന്നവരാണെന്നും കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നു. വിമതപക്ഷത്തെ ഒതുക്കാനാണ് ഇതെല്ലാം ചെയ്തതെങ്കിലും അത് നടന്നില്ലെന്ന് മാത്രമല്ല, കേന്ദ്ര നേതൃത്വം വിമതനേതാവിന് പദവി നൽകുകയും ചെയ്തതാണ് കുമ്മനത്തെ ചൊടിപ്പിക്കുന്നത്.

കുമ്മനമല്ലെങ്കിൽ പി കെ കൃഷ്ണദാസിന്് എന്തെങ്കിലും പദവി കിട്ടുമെന്നും കണക്കുകൂട്ടിയെങ്കിലും അതുംപൊളിഞ്ഞു. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം കടുത്ത നിരാശയിലാണ്. മെഡിക്കൽകുംഭകോണം സംബന്ധിച്ച പാർടി അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതിന് മുരളീധരപക്ഷത്തിന്റെ വക്താവായ വി വി രാജേഷിനെ സംഘടനാ ചുമതലയിൽനിന്ന് നീക്കിയിരുന്നു.

ഇതോടെ മുരളീധരനും കൂട്ടരും ഒതുങ്ങുമെന്ന് കണക്കുകൂട്ടി നിൽക്കവെയാണ് ഔദ്യോഗികപക്ഷത്തെ ഞെട്ടിച്ച് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം പുറത്തുവന്നത്. സംസ്ഥാനത്ത് വീണ്ടും മുരളീധരൻപക്ഷം പാർട്ടിയുടെ ആധിപത്യം പിടിച്ചെടുക്കുമെന്നും ഔദ്യോഗികപക്ഷം ഭയക്കുന്നു.

ആർഎസ്എസ് സംസ്ഥാനനേതൃത്വത്തിനും മുരളീധരനോട് വലിയ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ ബിജെപി, ആർഎസ്എസ് കേന്ദ്രനേതൃത്വവുമായുള്ള അടുപ്പമാണ് മുരളീധരന് തുണയായത്.
 

പ്രധാന വാർത്തകൾ
Top