Top
18
Saturday, November 2017
About UsE-Paper

കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം : മുഖ്യമന്ത്രി

Saturday Nov 11, 2017
സ്വന്തം ലേഖിക

കൊല്ലം > വീടുകളില്‍ കോഴികളെ വളര്‍ത്തുന്ന പഴയ സംസ്കാരം വീണ്ടെടുക്കണമെന്നും വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന കോഴികളില്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓരോ വീട്ടിലും കുളങ്ങളിലും ടാങ്കുകളിലുമായി  മത്സ്യം വളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ച് കുടുംബ വരുമാനം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച ദേശീയ പക്ഷി മൃഗ പ്രദര്‍ശനം -2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീയുമായി സഹകരിച്ച് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന കോഴി വളര്‍ത്തല്‍ പദ്ധതി വേറിട്ടതാണ്.  കുടുംബശ്രീയിലൂടെ വീടുകളില്‍ കോഴികളെ വളര്‍ത്തുന്ന സംസ്കാരം നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാനാകും. ഹോര്‍മോണുകള്‍ കുത്തിവച്ച് കോഴികളുടെ വളര്‍ച്ചയും തൂക്കവും വര്‍ധിപ്പിച്ചാല്‍ അത് വില്‍പനക്ക് സഹായകരമാണ്. എന്നാല്‍ അത് കഴിക്കുന്നവരുടെ ആരോഗ്യത്തിന് പ്രയാസമുണ്ടാക്കുന്നു. അധിക ഹോര്‍മോണുകള്‍ ശരീരത്തില്‍ എത്തുന്നതിനാല്‍  ശിശു ആയിരിക്കുമ്പോള്‍ത്തന്നെ പെണ്‍കുഞ്ഞുങ്ങളില്‍ ശാരീരിക മാറ്റം ഉണ്ടാകുന്നു. ഇത്തരം കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം. കോഴി വ്യാപാരിയുടെ ലാഭം മാത്രം ആഗ്രഹിക്കുന്നവരല്ല, മറിച്ച് ജനങ്ങളുടെ ആരോഗ്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. വിഷമുക്തവും ആരോഗ്യ ദായകവും മാലിന്യ മുക്തവുമായ പാലും മുട്ടയും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

മലയാളികള്‍ കോഴി ഇറച്ചി കൂടുതലായി കഴിക്കുന്നതിനാലാണ് വ്യാപാരാടിസ്ഥാനത്തില്‍ കോഴി കൃഷി തുടങ്ങിയത്. അതോടെ കോഴിയുടെ ആരോഗ്യത്തില്‍ മാത്രമായി ശ്രദ്ധ. മനുഷ്യന്റെ ആരോഗ്യം ശ്രദ്ധിക്കാതെയുമായി.  ഇത്തരം വിനാശകരമായ അവസ്ഥ ഒഴിവാക്കാന്‍ കോഴികളെ വീട്ടില്‍ തന്നെ വളര്‍ത്തുകയാണ് ഏറ്റവും ഗുണപ്രദം. കേരളത്തില്‍ ഇപ്പോള്‍ 80ശതമാനം പാല്‍  ഉല്‍പാദിപ്പിക്കുന്നു. ഉല്‍പാദനം ഒന്നുകൂടി വര്‍ധിപ്പിച്ചാല്‍ നമ്മുടെ ആവശ്യവും കഴിഞ്ഞ് ഇതര സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാകും. 

രാജ്യത്ത്  വന്‍ സാമ്പത്തിക സ്രോതസാണ് കറവ മാടു വളര്‍ത്തല്‍. 90ദശലക്ഷം പേരാണ് കറവ മാടുകളെ വളര്‍ത്തുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 17ദശലക്ഷം പേര്‍ മൃഗ സംരക്ഷണമേഖലയില്‍ തൊഴില്‍ എടുക്കുന്നു. രാജ്യത്തെ ജനങ്ങളില്‍ നല്ലൊരു ഭാഗം കന്നുകാലി പരിപാലനമേഖലയുമായി ബന്ധപ്പെടുന്നു.

രാജ്യത്തെ കാര്‍ഷിക വരുമാനത്തിന്റെ 30ശതമാനവും ഈ മേഖലയാണ് സംഭാവന ചെയ്യുന്നത്. എന്നാല്‍  രാജ്യത്ത് പല ഭാഗങ്ങളിലും ഈ കര്‍ഷകര്‍ പ്രക്ഷോഭ പാതയിലാണ്. ബീഹാര്‍, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ലക്ഷക്കണക്കിന് ലിറ്റര്‍ പാല്‍ റോഡില്‍ ഒഴുക്കി.  രാജ്യത്ത് പ്രത്യേക കാലഘട്ടം വരെയാണ് കന്നുകാലികളെ കൃഷിക്കാര്‍ സംരക്ഷിക്കുക. നേരത്തെ ഇത്തരം കന്നുകാലികളെ മറ്റ് വഴിക്ക് ഉപയോഗിക്കാമായിരുന്നു.  ചില സംസ്ഥാനങ്ങളില്‍ ഇത്തരം രീതിയില്‍ ഉപയോഗിക്കാനാവാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. ഇത് രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ രാജു അധ്യക്ഷനായി.

Related News

കൂടുതൽ വാർത്തകൾ »