Top
24
Friday, November 2017
About UsE-Paper

കാലാവസ്ഥാവ്യതിയാനം: വളന്തകാട് ദ്വീപുനിവാസികള്‍ ദുരിതത്തില്‍

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

തൃപ്പൂണിത്തുറ > കാലാവസ്ഥാവ്യതിയാനം മരട് നഗരസഭയിലെ വളന്തകാട് ദ്വീപുനിവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നു. കുറച്ചുദിവസങ്ങളായി വേലിയേറ്റസമയങ്ങളില്‍ ദ്വീപിലേക്ക് കായലിലെ ഓരുജലം കയറിവന്ന് വീടുകളും പറമ്പുകളും വെള്ളക്കെട്ടിലാവുന്നു. പൊതുവഴിയില്ലാത്ത ഇവിടെ വരമ്പിലൂടെയുള്ള നടപ്പാത പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്നതിനാല്‍ മുട്ടറ്റവും അതിനുമീതെയും വെള്ളമുണ്ട്. നീന്തിവേണം ദ്വീപുവാസികള്‍ക്ക് പുറത്തേക്കുപോകാന്‍. കുട്ടികളുടെ കാര്യമാണ് ഏറെ അപകടകരം. വേലിയിറക്കത്തില്‍ വെള്ളം ഇറങ്ങിയാലും വീടും പരിസരങ്ങളും പറമ്പുകളും വഴികളും ചെളിനിറഞ്ഞ അവസ്ഥയിലാണ്. സെപ്റ്റിക്ടാങ്കുകള്‍ വെള്ളത്തിനടിയിലാകുന്നത് പ്രശ്നം സങ്കീര്‍ണമാക്കിയിരിക്കുകയാണ്. രോഗവാഹികളായ കൊതുകുകള്‍ പെരുകിയ അവസ്ഥയാണ് നിലവിലുള്ളത്. ഉപ്പുവെള്ളം കയറി കെട്ടിക്കിടക്കുന്നത് വീടുകളുടെ ബലക്ഷയത്തിനും കാരണമാകുന്നുണ്ട്. എക്കല്‍ നിറഞ്ഞ് നീരൊഴുക്കുകുറഞ്ഞതും ജലാശയങ്ങള്‍ കൈയേറിയുള്ള നഗരസഭയ്ക്കു കീഴിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് വളന്തകാട് ദ്വീപിലേക്ക് വെള്ളം കയറുന്നതിന് ഇടയാക്കിയിട്ടുള്ളത്. സ്ഥിതിഗതികള്‍ രൂക്ഷമായിട്ടും നഗരസഭാ ഭരണസമിതി പ്രദേശം സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ദ്വീപുനിവാസികള്‍ക്ക് ഇതില്‍ പ്രതിഷേധമുണ്ട്. ദ്വീപുജനതയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് കൌണ്‍സിലര്‍ മിനി ദിവാകരനും ദ്വീപ് ജനകീയസമിതിയും ആവശ്യപ്പെട്ടു.