17 November Saturday

ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

കോട്ടയം > കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്യും. ബിഷപ്പിന് ഈ ആഴ്ച തന്നെ നോട്ടീസ് അയയ്ക്കും. നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്  ചോദ്യം ചെയ്യുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താനും തുടർനടപടികൾക്കുമായി കൊച്ചി റെയ്ഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് യോഗം ചേരും.

ബിഷപ്പിന്റെ അറസ്റ്റ‌് ആവശ്യപ്പെട്ട് കൊച്ചിയിൽ ചില സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ശക്തമായ തെളിവുകളോടെ മാത്രമെ അറസ്റ്റ‌് പോലുള്ള നടപടിയിലേക്ക് അന്വേഷണസംഘം നീങ്ങാൻ സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം, കോടതിയിൽ തിരിച്ചടി നേരിട്ടേക്കാം. പരാതിക്കാരിയുടെ മൊബൈൽഫോൺ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകളുടെ അഭാവത്തിൽ സാക്ഷിമൊഴികൾ മാത്രമാണുള്ളത്. ഈ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ച് പൊരുത്തക്കേടുകളില്ലാതെ കോടതിയിൽ എത്തിക്കാനും ബിഷപ്പിനെതിരായ നടപടിക്കുമായിരിക്കും അന്വേഷണസംഘം ശ്രമിക്കുക.

അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധറിൽ മാധ്യമപ്രവർത്തകരോട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. അതേസമയം, പരാതിയിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ച് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 20 പേർക്കും പരാതിക്കാരി കത്തയച്ചു.

സ്വാധീനം ഉപയോഗിച്ച് കേസിൽനിന്ന‌് രക്ഷപെടാനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്നാണ്് ആരോപണം. സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണന. നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ല. കഴുകൻ കണ്ണുകളോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തങ്ങളെ വീക്ഷിക്കുന്നതെന്ന് കത്തിൽ ആരോപിച്ചു.
 


പ്രധാന വാർത്തകൾ
Top