16 November Friday

കന്യാസ‌്ത്രീകളുടെ സമരം ശക്തിയാർജിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


ജലന്ധർ ബിഷപ് മാർ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട‌് ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ജങ‌്ഷനിൽ  ആരംഭിച്ച സമരം ശക്തിയാർജിക്കുന്നു. വലിയ ജനപങ്കാളിത്തമാണ് തിങ്കളാഴ‌്ചയും സമരത്തിനുണ്ടായത്. ഹർത്താൽമൂലം കുറവിലങ്ങാട് മഠത്തിൽനിന്നുള്ള കന്യാസ്ത്രീകൾക്ക് സമരവേദിയിലെത്തിയില്ല. ചൊവ്വാഴ‌്ച  അഞ്ച് കന്യാസ്ത്രീകളുമെത്തുമെന്നാണ് വിവരം. 
എറണാകുളം റാണി മാതാ കോൺവന്റിലെ സിസ്റ്റർ ടീന ജോസ് സമരത്തിനു പിന്തുണയുമായി തിങ്കളാഴ‌്ച വേദിയിലെത്തി. ജാതിമതഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ തിങ്കളാഴ‌്ചയും സമരത്തിന‌് അഭിവാദ്യമർപ്പിച്ചു വഞ്ചി സ്ക്വയറിലെത്തി. സേവ് ഔവർ സിസ്റ്റേഴ്സ‌് (എസ്ഒഎസ്) ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം പുരോഗമിക്കുന്നത്. 101 പേർ അടങ്ങുന്ന കർമസമിതിയാണ് പരിപാടികൾക്ക് ചുക്കാൻപിടിക്കുന്നത്.

മൂന്നുദിവസമായി നിരാഹാരമനുഷ‌്ഠിച്ചിരുന്ന അഡ്വ. ജോൺ ജോസഫിനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് സ്റ്റീഫൻ മാത്യു  നിരാഹാരം ഏറ്റെടുത്തു.


പ്രധാന വാർത്തകൾ
Top