25 September Tuesday

മജിസ്ട്രേട്ടിനു നൽകിയ മൊഴിയിലും ആരോപണം ആവർത്തിച്ച‌് കന്യാസ്ത്രീ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


കുറവിലങ്ങാട്
ജലന്ധർ ബിഷപ്പ‌് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പരാതിക്കാരിയായ കന്യാസ്ത്രീ ചങ്ങനാശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 164 വകുപ്പ‌്  പ്രകാരം നൽകിയ രഹസ്യമൊഴിയിലും ബലാത്സംഗ ആരോപണം ആവർത്തിച്ചു. 108 പേജുള്ള മൊഴി പൊലീസിന് നൽകിയ മൊഴിയുമായി ഒത്തുപോകുന്നുണ്ടെന്ന‌് അന്വേഷണസംഘം വ്യക്തമാക്കി. കന്യാസ്ത്രീ നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി ശരിവയ്ക്കുന്ന വിധത്തിലാണ് ചങ്ങനാശേരി സിജെഎം ലൈജുമോൾ ഷെരീഫിന് മുമ്പാകെ ആറുമണിക്കൂർ സമയമെടുത്ത‌് നൽകിയ വിശദമായ മൊഴി.

രഹസ്യമൊഴിയുടെ പകർപ്പ‌് കേസന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷിന് തിങ്കളാഴ്ചയാണ് ലഭിച്ചത്. ഇതേതുടർന്ന‌് ചൊവ്വാഴ്ച ഉച്ചക്കുശേഷം അന്വേഷണസംഘം കുറവിലങ്ങാട്ടെ കന്യാസ്ത്രീയുമായി വീണ്ടും സംസാരിച്ചു. നേരത്തെ അന്വേഷണസംഘത്തിന് 27 പേജുള്ള മൊഴിയാണ് ഇവർ നൽകിയത്. പൊലീസിന് ലഭിച്ച മൊഴി മജിസ്ട്രേറ്റിനു മുന്നിലും ആവർത്തിച്ചതോടെ ജലന്ധർ ബിഷപ്പ‌് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങും. ഇതിന്റെ ഭാഗമായി ബുധനാഴ്ച ജില്ലാ പൊലീസ് മേധാവി എസ് ഹരിശങ്കറിന് വിശദമായ റിപ്പോർട്ട‌് നൽകും.

ജലന്ധർ രൂപതയുടെ കീഴിലുള്ള മീഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂർ ജില്ലയിലെ രണ്ടുമഠങ്ങളും അന്വേഷണസംഘം ബുധനാഴ്ച സന്ദർശിക്കും. ബിഷപ്പിന്റെ കേരളസന്ദർശനത്തിനിടെ കണ്ണൂരിലെ മഠങ്ങളും സന്ദർശിച്ചോ എന്നറിയാനാണിത‌്.  ബിഷപ്പ‌് കന്യാസ്ത്രീക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന‌് പറയുന്ന മൊബൈൽ ഫോണിനേക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രധാന വാർത്തകൾ
Top