ad
Deshabhimani

വടക്കന്‍തീരദേശ ജില്ലകളില്‍ നിരോധിതരാസവസ്തു ചേര്‍ത്ത ഉണക്കമത്സ്യം വില്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ കമീഷണര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 10, 2017, 05:29 PM | 0 min read


കൊച്ചി > കേരളത്തിലെ വടക്കന്‍ തീരദേശ ജില്ലകളിലെ വഴിയോര കച്ചവടക്കാരില്‍ ഏറിയപങ്കും നിരോധിച്ച രാസവസ്തുക്കള്‍ ചേര്‍ത്ത ഉണക്കമത്സ്യവും മത്സ്യ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നവരാണെന്ന് ഭക്ഷ്യസുരക്ഷാ കമീഷണര്‍ നവജോത് ഖോസ പറഞ്ഞു. സിഎംഎഫ്ആര്‍ഐയിലെ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ചറല്‍ സയന്‍സും സെന്റ് തെരേസാസ് കോളേജ് ഫുഡ് പ്രോസസിങ് ടെക്നോളജി വൊക്കേഷണല്‍ സ്റ്റഡീസ് വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച ദേശീയ ഭക്ഷ്യസുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

കൂടുതല്‍കാലം കേടുകൂടാതിരിക്കാന്‍ ഭക്ഷ്യപദാര്‍ഥങ്ങളില്‍ സോഡിയം ബെന്‍സോയേറ്റും ആരോഗ്യത്തിന് ഹാനികരമാകുന്ന മറ്റ് രാസപദാര്‍ഥങ്ങളും കീടനാശിനികള്‍വരെയും ഉപയോഗിക്കുന്നത് ഫുഡ്സേഫ്റ്റി വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് പലരും രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ ഇറച്ചിവില്‍പ്പനശാലകളില്‍ ഏറിയപങ്കും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. മത്സ്യവിഭവങ്ങളില്‍ മാരക രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ 'ഓപ്പറേഷന്‍ സാഗരറാണി' എന്ന പേരില്‍ പരിശോധന നടത്തിവരികയാണെന്നും നവജോത് ഖോസ പറഞ്ഞു.

സെമിനാറില്‍ സിഎംഎഫ്ആര്‍എ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. ശ്രീനിവാസ ഗോപാല്‍, ഡോ. കെ പി സുധീര്‍, ഡോ. ജോര്‍ജ് ടി ഉമ്മന്‍, ഡോ. എസ് നസീമ ബീവി, ഡോ. അശോക്കുമാര്‍, ഡോ. പി ഐ ഗീവര്‍ഗീസ്, ഡോ. ജെസ്റ്റോ ജോര്‍ജ്, സെന്റ് തെരേസസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, ഡോ. സിസ്റ്റര്‍ വിനിത എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home