Top
18
Saturday, November 2017
About UsE-Paper

സര്‍ക്കാര്‍ നടപടി മാതൃകാപരം: സ്പീക്കര്‍

Friday Nov 10, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > സമയബന്ധിതമായി നടപടി സ്വീകരിച്ച് സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ച സര്‍ക്കാര്‍ നടപടി മാതൃകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 1957 മുതല്‍ 134 ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടാണ് സഭയുടെ മേശപ്പുറത്ത് വച്ചത്. ഇവയെല്ലാം എന്‍ക്വയറീസ് ആന്‍ഡ് കമീഷന്‍ ആക്ട് പ്രകാരമുള്ള കാലപരിധിക്കുശേഷമാണ് സമര്‍പ്പിച്ചത്.

ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ ആറുമാസത്തിനകം ആക്ഷന്‍ ടേക്കിങ് സ്റ്റേറ്റ്മെന്റ് സഹിതം സഭയുടെ മേശപ്പുറത്തുവയ്ക്കണമെന്നാണ് നിയമം. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഇത് പൂര്‍ണമായി പാലിച്ചു. സെപ്തംബര്‍ 26നാണ് ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ആക്ഷന്‍ ടേക്കിങ് സ്റ്റേറ്റ്മെന്റ് സഹിതം സഭയുടെ മേശപ്പുറത്ത് വച്ച സര്‍ക്കാര്‍നടപടി ഉചിതവും മാതൃകാപരവുമാണ്. ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ധാരണ മാറ്റിമറിക്കുന്നതാണ് ഈ നടപടി. ജുഡീഷ്യല്‍ കമീഷന്റെ സാധ്യതകളെപ്പറ്റി പൊതുസമൂഹത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും നടപടി സഹായകമാകും. അതുവഴി ജനാധിപത്യം കൂടുതല്‍ അര്‍ഥപൂര്‍ണമാകുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് സഭയുടെ അധികാരവും അന്തസ്സും അംഗീകരിക്കുന്ന  നടപടി മാതൃകാപരവും ജനാധിപത്യത്തിന് മുതല്‍ക്കൂട്ടുമാണെന്ന് സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. സഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെയും അക്കാര്യത്തിലുള്ള മന്ത്രിസഭാ തീരുമാനത്തിന്റെയും വിശദാംശങ്ങള്‍മാത്രണ് ഒക്ടോബര്‍ 10ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഇത് തികച്ചും ന്യായമായതിനാല്‍ പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നം നിലനില്‍ക്കുന്നതല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

Related News

കൂടുതൽ വാർത്തകൾ »