23 September Sunday

ട്രെയിനില്‍ എബിവിപിക്കാരുടെ അഴിഞ്ഞാട്ടം; പ്രതിഷേധവുമായി യാത്രക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017


കോഴിക്കോട് > ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ മറ്റ് യാത്രക്കാരെ കയറ്റാതെ ഉത്തരേന്ത്യക്കാരായ എബിവിപിക്കാരുടെ  അഴിഞ്ഞാട്ടം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് കൊച്ചുവേളിയിലേക്കുള്ള എക്സ്പ്രസ് വ്യാഴാഴ്ച രാവിലെ കണ്ണൂരിലെത്തിയപ്പോഴാണ് സംഭവം. ട്രെയിനിന്റെ പിന്നിലുള്ള രണ്ട് ജനറല്‍ കംപാര്‍ട്ട്മെന്റുകളാണ് എബിവിപിക്കാര്‍ കൈയടക്കിയത്. യാത്രക്കാര്‍ കംപാര്‍ട്ട്മെന്റില്‍ കയറാന്‍ ചെന്നപ്പോള്‍ വാതില്‍ അടച്ച് തടഞ്ഞു. കയറാന്‍ ശ്രമിച്ച യാത്രക്കാരെ പിടിച്ചുതള്ളി. തുടര്‍ന്ന് കണ്ണൂരിലെ ആര്‍പിഎഫില്‍ യാത്രക്കാര്‍ പരാതിപ്പെട്ടു. കോഴിക്കോട്ടെത്തിയാല്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ യാത്രക്കാര്‍ മറ്റ് കംപാര്‍ട്ട്മെന്റില്‍ കയറി.

തിരുവനന്തപുരത്ത് 11ന് നടക്കുന്ന എബിവിപി റാലിയില്‍ പങ്കെടുക്കാനാണ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച രാത്രി  ഇന്‍ഡോറില്‍നിന്ന് പുറപ്പെട്ട ട്രെയിനില്‍ കയറിയത്. കേരളത്തിലെത്തുംവരെ മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തി കംപാര്‍ട്ട്മെന്റില്‍ കയറ്റിയില്ല.  കേരളത്തിനെതിരെ മുദ്രാവാക്യം മുഴക്കിയായിരുന്നു യാത്ര. കണ്ണൂരിലെത്തിയപ്പോള്‍ യാത്രക്കാര്‍ ഇടപെട്ടു. തങ്ങള്‍ മോഡിജിയുടെ ആള്‍ക്കാരാണെന്ന് പറഞ്ഞ്  ആര്‍പിഎഫിനോട്  തട്ടിക്കയറി. കോഴിക്കോട്ട് നടപടിയുണ്ടാകുമെന്ന് ആര്‍പിഎഫ് ഉറപ്പുനല്‍കി.

കോഴിക്കോട്ട്  രാവിലെ ഒമ്പതരയ്ക്ക് എത്തിയ ട്രെയിന്‍ ബഹളത്തെത്തുടര്‍ന്ന് അര മണിക്കൂറിലധികം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ആര്‍പിഎഫുകാരുടെ അകമ്പടിയോടെ ടിക്കറ്റ് പരിശോധകര്‍ ട്രെയിനിലെ എബിവിപിക്കാരുടെ ടിക്കറ്റ് പരിശോധിച്ചു. 70 പേരില്‍ 15 പേര്‍ക്ക് ടിക്കറ്റില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവരില്‍നിന്ന് പിഴ ഈടാക്കാന്‍ തീരുമാനിച്ചശേഷമാണ് ട്രെയിന്‍ കോഴിക്കോട് വിട്ടത്. തുടര്‍ന്ന് മറ്റ് യാത്രക്കാരും കയറി. ഷൊര്‍ണൂരിലെത്തുന്നതിനിടയില്‍ ഇവരില്‍നിന്ന് 11,250 രൂപ പിഴ ഈടാക്കി. മൂന്ന് ഇന്‍ഡോര്‍ സ്വദേശികള്‍ക്കെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു.

തങ്ങളെ കംപാര്‍ട്ട്മെന്റില്‍ കയറിയപ്പോള്‍ പിടിച്ചുതള്ളിയതായി യാത്രക്കാരനായ പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി മനോഹരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ആള്‍ക്കാരാണെന്നുപറഞ്ഞാണ് കംപാര്‍ട്ട്മെന്റില്‍ കയറുന്നത് തടഞ്ഞതെന്ന് യാത്രക്കാരനായ കെ ബാബു പറഞ്ഞു. കോഴിക്കോട് ആര്‍പിഎഫില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top