18 August Saturday

ഒരു മാസത്തിനിടെ വീണ്ടും ക്യാമ്പിൽ

അഞ‌്ജുനാഥ‌്Updated: Friday Aug 10, 2018



കൊച്ചി
‘ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ‌് ദുരിതാശ്വാസ ക്യാമ്പിലേക്ക‌് പോകേണ്ടി വരുന്നത‌്. കഴിഞ്ഞ മാസം മഴ കനത്തപ്പോൾ ക്യാമ്പായിരുന്നു ശരണം. അണക്കെട്ടു തുറന്നതിനെ തുടർന്ന‌് ഇപ്പോൾ വീണ്ടും ക്യാമ്പിലെത്തി’. ചെങ്ങൽ വട്ടത്തറയിൽ പകുതി മുങ്ങിയ വീടിനു മുന്നിൽനിന്ന‌്  വടയപ്പാടത്ത‌് വി യു അൻവർ പറയുന്നു.

അണക്കെട്ടു തുറന്നതോടെ, പെരിയാറിന്റെ കൈവഴിയായ ചെങ്ങൽത്തോട‌് കരകവിഞ്ഞതാണ‌് ചെങ്ങൽ വട്ടത്തറ ഭാഗത്തുള്ളവരുടെ  ജീവിതം ദുസ്സഹമാക്കിയത‌്. വ്യാഴാഴ‌്ച ഉച്ചയോടെ ഇവിടെയുള്ള പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. തുടർന്ന‌് ഇവരെ ചെങ്ങൽ സെന്റ‌് ജോസഫ‌് കോൺവെന്റിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക‌് മാറ്റി പാർപ്പിച്ചു. മഴ കനത്തത്തിനെ തുടർന്ന‌് ജൂലൈയിൽ ക്യാമ്പിലേക്ക‌് പോകുമ്പോൾ വീട്ടിലുള്ള സാധനസാമഗ്രികൾ മറ്റു സ്ഥലങ്ങളിലേക്ക‌് മാറ്റിയിരുന്നു. തിരികെ വന്നപ്പോൾ അത്യാവശ്യമുള്ള വസ‌്ത്രങ്ങൾ മാത്രമാണ‌് എടുത്തത‌്. ഇതുമൂലം, വീണ്ടും ക്യാമ്പിലേക്ക‌് പോകേണ്ടി വന്നപ്പോൾ കാര്യമായ അടുക്കിപ്പെറുക്കൽ വേണ്ടിവന്നില്ലെന്ന‌് അൻവർ പറഞ്ഞു. സർക്കാർ സംവിധാനങ്ങളിലൂടെ കൃത്യമായ അറിയിപ്പ‌് ലഭിച്ചതും തുണയായി.

2013ൽ ഉണ്ടായ വെള്ളപ്പൊക്കമായിരുന്നു ഇതിലും ഭീകരം. അന്ന‌് വീടിന്റെ സൺഷേഡ‌് വരെ മുങ്ങി. യഥാസമയം മുന്നറിയിപ്പും ലഭിച്ചില്ല. ഇത്തവണ അത്രയും വെള്ളം ഉയർന്നിട്ടില്ലെങ്കിലും ആശങ്ക വിട്ടൊഴിയുന്നില്ല.

വെള്ളം ഇറങ്ങിക്കഴിഞ്ഞാലും ദുരിതം മാറില്ല. ചളി അടിഞ്ഞുകൂടിയ വീടും പരിസരവും വൃത്തിയാക്കി വേണം വീണ്ടും താമസം ആരംഭിക്കാൻ. വീടുകൾക്ക‌് കേടുപാടും ഉണ്ടാകും.  പാമ്പുകളുടെ ശല്യവും ഏറെയാണ‌്. ഒരാഴ‌്ച മുമ്പ‌് പരിസരത്തുനിന്ന‌് മലമ്പാമ്പിനെ പിടികൂടിയിരുന്നു.

രാവിലെ  ഏഴോടെ വെള്ളം  ഉയർന്നുതുടങ്ങിയെന്നും അപ്പോൾത്തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക‌് മാറേണ്ടിവരുമെന്ന‌് ഉറപ്പായതായും പുറവങ്കര പടനാടൻ വീട്ടിൽ സുഭദ്ര പറഞ്ഞു. കാഞ്ഞൂർ സെന്റ‌് സെബാസ‌്റ്റ്യൻ ഹൈസ‌്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ‌് ഇവർ. 2013ൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ നാലു ദിവസം ക്യാമ്പിൽ കഴിഞ്ഞതായി സുഭദ്ര പറഞ്ഞു. മുന്നൂറോളം പേരാണ‌് സെന്റ‌് സെബാസ‌്റ്റ്യൻ ഹൈസ‌്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയിട്ടുള്ളത‌്.

പ്രധാന വാർത്തകൾ
Top