17 November Saturday

കർഷകർ ബിഎസ‌്എൻഎൽ ഓഫീസ‌ിനുമുന്നിൽ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


കേന്ദ്ര നിലപാടുകൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന ജയിൽ നിറയ‌്ക്കൽ സമരത്തെ പിൻതുണച്ച‌് ജില്ലയിലെ കർഷകരും  തൊഴിലാളികളും എറണാകുളം ബി‌എസ‌്എൻഎൽ ഓഫീസിനുമുന്നിൽ ധർണ നടത്തി. കർഷക സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിന‌് ഐക്യദാർഢ്യവുമായി സിഐടിയു തൊഴിലാളികളും എത്തി. 

അഖിലേന്ത്യാ കിസാൻസഭ കേന്ദ്ര കമ്മറ്റി അംഗം ഓമല്ലൂർ ശങ്കരൻ ഉദ‌്ഘാടനം ചെയ‌്തു. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ തമ്മിൽതല്ലിച്ച‌്   നേട്ടമുണ്ടാക്കാനാണ‌് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും നട്ടംതിരിയുന്ന കർഷകന്റെ പ്രയാസങ്ങളെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തുറമുഖങ്ങൾ വഴിയും റബ്ബർ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ റബർ കർഷകരോട‌് വൻ ചതിയാണ‌് ചെയ‌്തത‌്.

വിവിധ വില്ലേജുകളിൽനിന്ന‌് മൂവായിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു. കർഷക സംഘം ജില്ലാ പ്രസിഡന്റ‌് പി എം ഇസ‌്മയിൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ എൻ രാധാകൃഷ‌്ണൻ, മിനി ഗോപി, ജില്ലാ ട്രഷറർ കെ വി ഏലിയാസ‌്, പ്രൊഫ. രമാകാന്തൻ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌്, സംസ്ഥാന കമ്മറ്റി അംഗം അലി അക‌്ബർ  തുടങ്ങിയവർ സംസാരിച്ചു.  

കാർഷിക വിഭവങ്ങൾക്ക‌് ഉൽപ്പാദന ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില പ്രഖ്യാപിക്കുക, കാർഷിക കടങ്ങൾക്ക‌് മൊറട്ടോറിയം പ്രഖ്യാപിക്കുക, റബർ ഇറക്കുമതി നിയന്ത്രിക്കുക, റബറിനെ കാർഷിക ഉൽപ്പന്നമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കർഷക സമരത്തിന‌് ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് സിഐടിയു പ്രവർത്തകർ മേനകയിൽനിന്ന‌് സമരപ്പന്തലിലേക്ക‌് മാർച്ച‌് നടത്തി.

ഒരു ദിവസത്തെ സമരമായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും അണക്കെട്ടുകൾ തുറന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത‌് ഉച്ചയോടെ  സമരം അവസാനിപ്പിച്ച‌് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക‌ായി വിവിധ സ്ഥലങ്ങളിലേക്ക‌് പുറപ്പെട്ടു.

പ്രധാന വാർത്തകൾ
Top