Top
26
Wednesday, July 2017
About UsE-Paper

മഴക്കമ്മി തുടരുന്നു; കുറവ് വയനാട്ടില്‍

Monday Jul 10, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒന്നര മാസത്തോടടുക്കവേ, സംസ്ഥാനത്ത് മഴക്കുറവ് തുടരുന്നു. ഞായറാഴ്ച പകല്‍വരെ സംസ്ഥാനത്ത് 20.8 ശതമാനമാണ് കുറവ്. വയനാട് ജില്ലയില്‍ 61.2  ശതമാനം മഴ കുറഞ്ഞു. അടുത്ത നാലു ദിവസംകൂടി പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനമെങ്കിലും ശക്തിപ്പെടുന്നില്ല. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ 34 ശതമാനം കുറവുണ്ടായിരുന്നു.

ഇതുവരെ വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയ മഴക്കുറവ് ശതമാനത്തില്‍: വയനാട്-61.2, ഇടുക്കി- 33.6, തൃശൂര്‍- 16.2, പാലക്കാട്- 20.9, പത്തനംതിട്ട- 13.1, തിരുവനന്തപുരം- 19.6, മലപ്പുറം- 25, കോഴിക്കോട്- 7.1, കോട്ടയം- 4.1, കാസര്‍കോട്- 14.8, കണ്ണൂര്‍- 26.9, എറണാകുളം- മൂന്ന്, ആലപ്പുഴ- 12.4, കൊല്ലം- ശരാശരി മഴ.

ജൂണ്‍ ഒന്നുമുതല്‍ ജൂലൈ ഒമ്പതുവരെ സംസ്ഥാനത്ത് ശരാശരി 890 മില്ലിമീറ്റര്‍ മഴ കിട്ടണമെന്നിരിക്കെ കിട്ടിയത് 707. ജൂണ്‍, ജൂലൈ, ആഗസ്ത്, സെപ്തംബര്‍ ഉള്‍പ്പെട്ട കാലവര്‍ഷക്കാലത്ത് ശരാശരി 1928 മില്ലിമീറ്റര്‍ മഴയെങ്കിലും കിട്ടണം. മണ്‍സൂണ്‍ കാലത്ത് കൂടുതല്‍ മഴ ലഭിക്കേണ്ട ജൂണ്‍, ജൂലൈ മാസങ്ങളില്‍  മഴക്കുറവുണ്ടായാല്‍ അത് മൊത്തം കാലവര്‍ഷത്തെ പ്രതികൂലമായി ബാധിക്കും.

കഴിഞ്ഞ വര്‍ഷം കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 63 ശതമാനവും കുറഞ്ഞതുമൂലം രൂക്ഷമായ വരള്‍ച്ചയാണ് സംസ്ഥാനത്തുണ്ടായത്്. 2015ലും കേരളത്തില്‍ 26 ശതമാനം മഴ കുറഞ്ഞു. തുടര്‍ച്ചയായി മഴ കുറയുന്ന പശ്ചാത്തലത്തില്‍ ജലസംഭരണം, ജലവിനിയോഗം, ജലസേചനം തുടങ്ങിയ രംഗത്ത് ആസൂത്രിതവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍  അവലംബിക്കണമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു.