19 December Wednesday

തദ്ദേശസ്ഥാപനങ്ങളിൽ പ്ലാൻ സമർപ്പിക്കാൻ സോഫ്റ്റ് വെയര്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

തിരുവനന്തപുരം > തദ്ദേശഭരണവകുപ്പിൽ കെട്ടിടങ്ങളുടെ പെർമിറ്റ് നൽകുന്നതിനുള്ള ഐബിപിഎംഎസ് സോഫ‌്റ്റ‌് വെയര്‍ സമയബന്ധിതമായി നടപ്പാക്കും. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത സങ്കേതം എന്ന സോഫ്റ്റ് വെയറിൽ നൽകുന്ന അപേക്ഷകൾക്ക് അനുമതി കിട്ടാൻ കാലതാമസം നേരിടുന്നതായി ആക്ഷേപം ഉയർന്നിരുന്ന സാഹചര്യത്തിലാണ‌് പുതിയ സോഫ‌്റ്റ‌്‌വെയർ നടപ്പാക്കുന്നത‌്.  പ്ലാൻ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും നഗരാസൂത്രണകാര്യാലയത്തിലേക്ക് കൈമാറാനും സാധ്യമായിരുന്നില്ല. ആദ്യഘട്ടത്തിൽ കോർപറേഷനുകളിലും നഗരസഭകളിലുമാണ് സോഫ്റ്റ് വെയർ ഉപയോഗിക്കുക.

ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി കെഎസ്‌ഐഡിസി  ടെണ്ടറിലൂടെ കണ്ടെത്തിയ ഏജൻസി മുഖേനയാണ‌് ഐബിപിഎംഎസ് സോഫ്റ്റ് വെയർ (ഇന്റലിജന്റ് ബിൽഡിംങ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം). ആദ്യഘട്ടം കോഴിക്കോട് ഒഴികെ കോർപറേഷനുകളിലും  നഗരസഭകളിലും ഉപയോഗിക്കും. പ്രായോഗിക പരിശീലനം നടക്കുകയാണ‌്. പ്ലാൻ സമർപ്പണം, പരിശോധന, പെർമിറ്റ് അനുമതി നൽകൽ എന്നീ എല്ലാ ഘട്ടങ്ങളും സോഫ്റ്റ് വെയറിലൂടെ നിർവഹിക്കാൻ കഴിയും.

പ്രാരംഭഘട്ടത്തിൽ തന്നെ പോരായ്മകളുള്ള പ്ലാനുകൾ സമർപ്പിച്ചവർക്ക് വിവരം അറിയാനും തിരുത്തലുകൾ വരുത്താനും കഴിയും.  മാനുഷിക ഇടപെടലുകൾ പരമാവധി കുറക്കുന്നു എന്നതാണ്  മേന്മ.  മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ സാമ്പത്തിക സഹായത്തോടെ തയ്യാറാക്കിയ സുവേഗ  സോഫ്റ്റ് വെയർ ഇപ്പോൾ കോഴിക്കോട് കോർപറേഷനിൽ വിജയകരമായി ഉപയോഗിച്ചു വരുന്നുണ്ട്.


പ്രധാന വാർത്തകൾ
Top