16 November Friday

നീറ്റ‌്‐ജെഇഇ: സമ്മിശ്ര പ്രതികരണം

സ്വന്തം ലേഖകൻUpdated: Monday Jul 9, 2018

തിരുവനന്തപുരം

ദേശീയതലത്തിലുള്ള മെഡിക്കൽ, എൻജിനിയറിങ് പ്രവേശനത്തിനും കോളേജ‌് അധ്യാപക യോഗ്യതാ നിർണയത്തിനും ഉൾപ്പെടെ വിവിധ പരീക്ഷകൾ നടത്തുന്നതിന‌് കേന്ദ്രം കൊണ്ടുവന്ന പരിഷ‌്കാരത്തിന‌് സമ്മിശ്ര പ്രതികരണം. ഇവ രണ്ടുപ്രാവശ്യം നടത്താനുള്ള തീരുമാനം അക്കാദമിക‌് വിദഗ‌്ധരും വിദ്യാർഥികളും സ്വാഗതം ചെയ്യുമ്പോൾത്തന്നെ നടത്തിപ്പിന‌് ഏജൻസിയെ നിയോഗിക്കുന്നതിലെ ആശങ്കയും പങ്കുവയ‌്ക്കുന്നു. ഇതിനായി രൂപീകരിക്കുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രവർത്തനങ്ങളുടെ സുതാര്യതയെക്കുറിച്ചാണ‌് ആശങ്ക.കൂടുതൽ വിദ്യാർഥികളെ നീറ്റ‌് എഴുതിക്കുന്നതിൽ രണ്ടാംസ്ഥാനം കേരളത്തിനാണ‌്. റാങ്ക‌്‌ലിസ‌്റ്റിൽ ഉൾപ്പെടുന്നവരുടെയും പ്രവേശനം നേടുന്നവരുടെയും എണ്ണത്തിലും മുൻപന്തിയിലാണ‌്. കേരളത്തിൽ പരീക്ഷ എഴുതുന്നവരിൽ മൂന്നിൽ ഒരുഭാഗം രണ്ടാംതവണ പരീക്ഷ എഴുതുന്നവരാണ‌്.വർഷം രണ്ടുതവണ എഴുതാമെന്നത‌് അക്കാദമിക‌വർഷം ലാഭിക്കാൻ ഉപകരിക്കും. 

അസുഖംമൂലം പരീക്ഷ എഴുതാൻ കഴിയാത്തവർക്കും ഗുണമാകും. ആദ്യപരീക്ഷയിൽ കൂടുതൽ സ‌്കോർ ലഭിച്ചാൽ രണ്ടാംപരീക്ഷയിൽ നഷ്ടമാകുകയുമില്ല. ഓൺലൈൻ പരീക്ഷയെ സ്വാഗതം ചെയ്യുമ്പോഴും ഗ്രാമങ്ങളിലുള്ളവർക്ക‌് ആശങ്കയാണ‌്.ഒാൺലൈൻ പരീക്ഷയ‌്ക്ക‌് അടുത്തുള്ള കംപ്യൂട്ടർകേന്ദ്രങ്ങളിൽ പരിശീലനം നൽകുമെന്ന‌് കേന്ദ്ര മാനവവിഭവശേഷിമന്ത്രി പ്രകാശ‌് ജാവ‌്ദേകർ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഇന്റർനെറ്റ‌് സേവനങ്ങൾ ലഭ്യമാണെങ്കിലും ഓൺലൈൻ പരിശീലനത്തിന‌് സൗകര്യം ലഭ്യമല്ല. സ്വാശ്രയമേഖലയിലുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മുഴുവൻ കേന്ദ്ര സർക്കാരിന്റെ മുൻകൈയിൽ സൗജന്യ പരിശീല നത്തിന‌് അവസരമൊരുക്കിയാൽ ഗ്രാമീണമേഖലയ‌്ക്ക‌് ഉപകരിക്കും. നീറ്റ‌്, ജെഇഇ എന്നിവ പരിഷ‌്കരിച്ച‌് ഓൺലൈനായി നടപ്പാക്കുമ്പോൾ ജെഇഇ മതിയെന്നും കീം വേണ്ടെന്നും വാദഗതിയുമുണ്ട‌്. എന്നാൽ, ജെഇഇ താരതമ്യേന കടുപ്പമുള്ളതായിരിക്കും. സംസ്ഥാന പ്രവേശനപരീക്ഷയായ കീം റാങ്ക‌്‌ലിസ‌്റ്റിന‌് കട്ട‌് ഓഫ‌് മാർക്ക‌് പത്താക്കിയിട്ടുപോലും പ്രവേശനാർഹരാകുന്നവരുടെ എണ്ണം ആകെ സീറ്റിലും കുറവാണ‌്. സംസ്ഥാനത്ത‌്  എൻജിനിയറിങ് പ്രവേശനത്തിന‌് പരീക്ഷയേ വേണ്ടെന്ന‌് വാദിക്കുന്നവരുമുണ്ട‌്.

പ്ലസ‌്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം മതിയെന്നാണ‌് മാനേജ‌്മെന്റുകളുടെ വാദം. ഇത‌് ആരെയും പ്രവേശിപ്പിക്കാനുള്ള സ്വാശ്രയക്കാരുടെ തന്ത്രമാണ‌്. എൻജിനിയറിങിന‌് ജെഇഇ മാത്രമാക്കിയാൽ ചുരുക്കം കുട്ടികൾക്കേ പ്രവേശനം സാധ്യമാകൂ. പകരം കീംവേണ്ടെന്നുവച്ചാൽ സ്വാശ്രയ കോളേജുകൾക്ക‌് സഹായമാകുമെന്ന പശ‌്ചാത്തലത്തിൽ അടുത്തവർഷവും കീം തുടരാനാണ‌് സാധ്യത. കീം വേണ്ടെന്നുവയ‌്ക്കാനുള്ള അധികാരം സംസ്ഥാന ത്തിനാണ‌്. നിലവിൽ എൻജിനിയറിങ്‌ പ്രവേശനത്തിന‌് പ്രത്യേക പരീക്ഷ വേണമെന്ന ഭാഗം എഐസിടിഇയുടെ നോംസിൽനിന്ന‌് ഈവർഷം ഒഴിവാക്കിയിട്ടുണ്ട‌്. കഴിഞ്ഞതവണ കേരളത്തിൽ 1,12,000 പേർ എൻജിനിയറിങ്‌ പ്രവേശനത്തിന‌് കീം  എഴുതിയപ്പോൾ  പകുതിയിൽ താഴെപ്പേരാണ‌് ലിസ‌്റ്റിൽ ഇടംനേടിയത‌്.

ഈ സാഹചര്യത്തിലാണ‌് നിലവാരത്തകർച്ച തടയാൻ കീം തുടരുന്നത‌്. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലെ പ്രവേശനത്തിന‌് നീറ്റ‌് ഓൺലൈൻ പരീക്ഷ ബാധകമാകുമ്പോൾ എൻജിനിയറിങ്‌, ആർക്കിടെക‌്ചർ, ഫാർമസി ബിരുദ കോഴ‌്സുകൾക്ക‌് കേരളത്തിൽ കീം തുടരാനാണ‌് സാധ്യത.

പ്രധാന വാർത്തകൾ
Top