22 September Saturday

പനിപ്പേടി വേണ്ട; ചികിത്സയും പ്രതിരോധവും സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

മെഡിക്കൽ സർവീസ‌് കോർപറേഷൻ ജില്ലാഓഫീസിൽ നിന്ന‌് വണ്ടാനം മെഡി. കോളേജ‌് ആശുപതിയിലേക്ക‌് മരുന്ന‌് കയറ്റി വിടുന്നു


ആലപ്പുഴ
മഴക്കാലരോഗങ്ങളെ നേരിടാൻ  ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മികവുറ്റ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രോഗം പടർന്നുപിടിക്കാതിരിക്കാനുള്ള പ്രതിരോധപ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ‌്  നേതൃത്വത്തിൽ ജാഗ്രതയോടെ നടപ്പാക്കുന്നു.  മരുന്നുകൾ എല്ലാ ആശുപത്രികളിലും ലഭ്യമാണ‌്.  ഡോക്ടർമാരുടെയും ഇതര ജീവനക്കാരുടെയും ഒഴിവുകൾ നികത്തിയാണ‌് ആശുപത്രികൾ സജ്ജമാക്കിയത‌്. 

ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയാനും ചികിത്സ ഉറപ്പാക്കാനും ജാഗ്രതയോടെയാണ‌് പ്രവർത്തനങ്ങൾ.  ഇതുവരെയുള്ള പനിബാധിതരുടെയും മറ്റും കണക്കുകൾ ആരോഗ്യവിഭാഗം ശേഖരിച്ചിട്ടുണ്ട‌്.  രോഗം പടരുന്ന സാഹചര്യം ഇല്ലെന്നാണ‌് വിലയിരുത്തൽ. ജില്ലയിൽ 549 പേർക്കാണ‌് വെള്ളിയാഴ‌്ച പനി സ്ഥിരീകരിച്ചത‌്. വയറിളക്കം 101, ചിക്കൻപോക‌്സ‌് മൂന്ന‌് എന്നിവയാണ‌് മറ്റ‌് രോഗങ്ങൾ. ഇതിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവ കണ്ടെത്തിയ രോഗികളിൽ രോഗാവസ്ഥ ഭീതിദമല്ല. ഡെങ്കിപ്പനി സ്ഥിരീകരിച്ച തഴക്കരയിലും തകഴിയിലും  പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട‌്.

ആവശ്യത്തിന‌് മരുന്നുകൾ
ആലപ്പുഴ
മെഡിക്കൽകോളേജ‌് ഉൾപ്പെടെ ജില്ലയിലെ 99 ആശുപത്രികളിലേക്ക‌് മരുന്നുവിതരണം ചെയ്യുന്നത‌് കേരള മെഡിക്കൽ സർവീസ‌് കോർപറേഷന്റെ  ആലപ്പുഴ ജില്ലാ ഓഫീസ‌് മുഖേനയാണ‌്.  ഡെങ്കിപ്പനി, എലിപ്പനി മരുന്നുകൾ കരുതൽ സ‌്റ്റോക്കുണ്ട‌്. പനിക്ക‌് നൽകേണ്ട പാരസെറ്റമോൾ, സിപിഎം സിട്രിസൻ,  ആന്റിബയോട്ടിക്കുകളായ ഡോക‌്സിസൈക്ലിൻ, ചുമയ‌്ക്കുള്ള കഫ‌് സിറപ്പ‌്, എക‌്സ‌്പെഡോറന്റ‌് , എലിപ്പനിക്കുള്ള ബെൻസൈൽ പെൻസിലിൻ തുടങ്ങിയവയെല്ലാം ആശുപത്രികളിലുണ്ട‌്.

അമോക‌്സിസിലിൻ, സിപ്രൊപ്ലോക‌്സസിൻ, ഒഫ‌്സ്ലോവിൻ, സെഫിക‌്സിൻ, സെൽഫറോക‌്സിൻ എന്നീ ആന്റിബയോട്ടിക്ക‌് മരുന്നുകളും ഇൻജക്ഷൻ മരുന്നുകളായ ആംബുസിലിൻ, അമിക്കസിൻ, ജന്റാമൈസിൻ എന്നിവയും വിതരണം ചെയ‌്തു.  അടിയന്തരസാഹചര്യം കണക്കിലെടുത്ത‌് അവധിദിവസങ്ങളിലും ഓഫീസ‌് പ്രവർത്തിക്കുന്നതായി ജില്ലാമാനേജർ എം രാധിക പറഞ്ഞു. 40 കോടി രൂപയാണ‌് ഈ വർഷം മരുന്നുസംഭരണത്തിന‌് ജില്ലക്ക‌് അനുവദിച്ചത‌്.

ചെങ്ങന്നൂർ, മാവേലിക്കര ജില്ലാ ആശുപത്രികൾ, ആലപ്പുഴ ജനറൽ ആശുപത്രി, തുറവൂർ, ചേർത്തല, കായംകുളം ഹരിപ്പാട‌് താലൂക്ക‌് ആശുപത്രികൾ എന്നിവിടങ്ങളിലേക്ക‌് മരുന്ന‌് നൽകി. വെള്ളിയാഴ‌്ച വണ്ടാനം മെഡിക്കൽകോളേജിലേക്ക‌് മാത്രം 94പെട്ടി മരുന്നുകളാണ‌് നൽകിയത‌്. മരുന്ന‌് ആവശ്യപ്പെട്ട വളളികുന്നം, ഭരണിക്കാവ‌് പി‌എച്ച‌്സികളിലേക്ക‌് തിങ്കളാഴ‌്ച അയയ‌്ക്കുമെന്നും ജില്ലാ മാനേജർ പറഞ്ഞു.

അധികമുള്ള മരുന്നുകൾ മറ്റ‌് ജില്ലകളിലേക്കും ആലപ്പുഴയിൽനിന്ന‌് അയക്കുന്നുണ്ട‌്.  എച്ച‌്1, എൻ1 മരുന്നായ ഒസൽട്ടാമെഗർ പത്തനംതിട്ടയിലേക്ക‌ും ഡോക‌്സിസൈക്ലിൻ എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കും കൈമാറി.

പ്രധാന വാർത്തകൾ
Top