20 September Thursday

ഹാദിയയുടെ വിവാഹത്തിന് നിയമസാധുത ; ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

എം അഖിൽUpdated: Friday Mar 9, 2018

ന്യൂഡൽഹി > വൈക്കം സ്വദേശിനി ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഭരണഘടനയുടെ 226‐ാം അനുച്ഛേദപ്രകാരം ഹേബിയസ് കോർപ്പസ് ഹർജിയിൽ വിവാഹം സ്വമേധയാ അസാധുവാക്കിയ ഹൈക്കോടതിനടപടി തെറ്റാണെന്ന് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഹാദിയ കോടതിയിൽ ഹാജരായി സ്വന്തം താൽപ്പര്യപ്രകാരമാണ് ഷെഫിൻ ജഹാനെ വിവാഹം ചെയ്തതെന്ന് സമ്മതിച്ച സാഹചര്യത്തിൽ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരവും സ്വാതന്ത്രവും അവർക്കുണ്ടെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാൻവിൽക്കർ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.  കേസിൽ ഏതെങ്കിലും രീതിയിലുള്ള ക്രിമിനൽ വശങ്ങളുണ്ടെങ്കിൽ ദേശീയ അന്വേഷണഏജൻസിക്ക് (എൻഐഎ) അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.

അന്താരാഷ്ട്ര വനിതാദിനത്തിലാണ് മാസങ്ങൾനീണ്ട നിയമപോരാട്ടത്തിൽ വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന കോടതിവിധി. 2017 മെയ് 25നാണ് കേരള ഹൈക്കോടതി ഡിവിഷൻബെഞ്ച് വിവാഹം അസാധുവാക്കി ഹാദിയയുടെ സംരക്ഷണച്ചുമതല രക്ഷിതാക്കൾക്ക് നൽകിയത്. ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ ജഹാൻ ഫയൽചെയ്ത പ്രത്യേകാനുമതി ഹർജിയിൽ എട്ടുമാസത്തോളംനീണ്ട വിചാരണയ്ക്കൊടുവിലാണ് സുപ്രീംകോടതിവിധി. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ഇഷ്ടപ്രകാരം വിവാഹം ചെയ്താൽ കോടതി ഉൾപ്പെടെ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാൻ നിയമപരമായ പരിമിതിയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വ്യക്തിനിയമങ്ങളിൽ പൊതുനിയമങ്ങൾക്ക് ഇടപെടാൻ അവസരമുണ്ടാക്കുന്നത് അപകടകരമായ കീഴ്വഴക്കങ്ങൾക്ക് വഴിയൊരുക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നറിയിപ്പുനൽകി. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനാണ് പ്രഥമപരിഗണന നൽകുന്നതെന്നും ഹാദിയക്ക് പറയാനുള്ളതെല്ലാം കേട്ടതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് അന്തിമവിധിയെന്നും കോടതി നിരീക്ഷിച്ചു. 

ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതിക്ക് സ്വമേധയാ വിവാഹം റദ്ദാക്കാനുള്ള അധികാരമുണ്ടോയെന്നും പ്രായപൂർത്തിയായ രണ്ട് പേർ സ്വന്തം താൽപ്പര്യപ്രകാരം വിവാഹിതരായാൽ അത് റദ്ദാക്കാൻ മൂന്നാമതൊരാൾക്ക് കോടതിയെ സമീപിക്കാമോയെന്നും ഷെഫിൻ ജഹാനുവേണ്ടി ഹാജരായ കപിൽ സിബൽ ചോദിച്ചു. 226‐ാം അനുച്ഛേദപ്രകാരം ഹൈക്കോടതിക്ക് വിശാലമായ അധികാരമുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ അവകാശപ്പെട്ടു. മാനസികനില പ്രശ്നമുള്ള മുതിർന്നവ്യക്തികളുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ കേസിൽ അത്തരം സാഹചര്യമില്ലെന്ന് കോടതി പ്രതികരിച്ചു. ഹാദിയയെ വിദേശത്തേക്ക് കടത്തുമായിരുന്നു എന്ന വാദവും കോടതി തള്ളി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top