23 September Sunday

ലൈറ്റ് മെട്രോ: സർക്കാർ പിന്നോട്ടില്ല

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018



തിരുവനന്തപുരം > കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതിയിൽനിന്ന് ഒരുകാരണവശാലും സർക്കാർ പിന്നോട്ടുപോകില്ല. ഡിഎംആർസിയെ സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടില്ല. തങ്ങളുടെ കരാർ കാലാവധി അവസാനിച്ചതിനാലാണ് അവർ പിന്മാറിയത്. ഡിഎംആർസിയെ നമ്മൾ സമീപിച്ചിരുന്ന കാലത്ത് നമുക്ക് ഒരു മെട്രോ ഉണ്ടായിരുന്നില്ല. ഇപ്പോൾ കൊച്ചി മെട്രോ പ്രവർത്തനപഥത്തിലാണ്. അവരുടെ വൈദഗ്ധ്യം നമുക്ക് ലഭ്യമാകും.

കൊച്ചി മെട്രോയുടെ മാതൃകയിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചത്.

ഡിഎംആർസി തയ്യാറാക്കിയ പദ്ധതിരേഖ സർക്കാർ അംഗീകരിക്കുകയും ഭരണാനുമതി നൽകുകയും ചെയ്തു. ഇതിനായി കേന്ദ്ര സർക്കാരിന് വിശദമായ പദ്ധതിരേഖയും സമഗ്ര ഗതാഗതപദ്ധതി റിപ്പോർട്ടും സമർപ്പിച്ചു. ഇതിന് കേന്ദ്രത്തിന്റെ അംഗീകാരം ആവശ്യമാണെന്നും വി എസ് ശിവകുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് ധന സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി സാമ്പത്തികബാധ്യത സംബന്ധിച്ച് വിശദമായി പരിശോധിക്കുന്നു. അത് കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. കൊച്ചി മെട്രോയുടെ അനുഭവം വൻ നഷ്ടത്തിന്റേതാണ്. ആ ബാധ്യത എത്രത്തോളം വരുമെന്നതും പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നയം വ്യക്തമായതിനുശേഷമേ പദ്ധതിപ്രവർത്തനങ്ങൾ ആരംഭിക്കാനാകൂ.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭനടപടികളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ സ്ഥലങ്ങളിൽ മേൽപ്പാലങ്ങളുടെ നിർമാണത്തിനും അതിനാവശ്യമായ സ്ഥലമെടുപ്പിനും 272 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ലൈറ്റ് മെട്രോ പദ്ധതിക്ക് തടസ്സം വരുന്ന നിലയിലല്ല ഇത് നിർമിക്കുന്നത്. കഴക്കൂട്ടംകേശവദാസപുരം പാത വികസനത്തിനും സ്ഥലമെടുപ്പിനും സർക്കാർ ഭരണാനുമതി നൽകി നടപടികൾ ആരംഭിച്ചു.

13.33 കി.മീ ദൈർഘ്യമുള്ള കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് 8.2819 ഹെക്ടർ സർക്കാർ ഭൂമി ഡിപ്പോ/യാർഡ് നിർമാണത്തിനായി അനുവദിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ മെട്രോ നയത്തിന് അനുസൃതമായി പദ്ധതിയിൽ മാറ്റങ്ങൾ ആവശ്യമായിവന്നു.

ഡിഎംആർസി തയ്യാറാക്കിയ അനുബന്ധരേഖ പരിശോധിക്കാൻ ധനകാര്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ പരിശോധനയ്ക്കുശേഷം സർക്കാരിന്റെ അംഗീകാരത്തോടെ ഇത് കേന്ദ്രാനുമതിക്കായി സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

പ്രധാന വാർത്തകൾ
Top