Top
19
Tuesday, December 2017
About UsE-Paper
അഴിമതിക്കാര്‍ക്ക് മൂക്കുകയര്‍

ദേവസ്വം ബോര്‍ഡില്‍ സ്പെഷ്യല്‍ സ്ക്വാഡ്

Friday Dec 8, 2017
വെബ് ഡെസ്‌ക്‌


ശബരിമല > തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും അഴിമതിയും സാമ്പത്തിക ക്രമക്കേടും തടയാന്‍ സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിക്കുന്നു. ദേവസ്വങ്ങളില്‍ ജോലി നോക്കിയിട്ടുള്ള, ശിക്ഷണ നടപടികള്‍ക്ക് വിധേയരാകാത്ത, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്തവരെയാണ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുക. അസിസ്റ്റന്റ് ദേവസ്വം കമീഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ അടങ്ങുന്നതാണ് സ്ക്വാഡ്. വിജിലന്‍സ് ക്ളിയറന്‍സ് നടത്തിയശേഷമായിരിക്കും ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുക. ഇതിനായി ദേവസ്വം കമീഷണറെ ചുമതലപ്പെടുത്തി.

ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ മോഷണവും സാമ്പത്തികാപഹരണവും ക്രമക്കേടും വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. രസീതെഴുതാതെ വഴിപാടുകള്‍ നടത്തുക, വിവാഹനിരക്ക് മാത്രം രേഖപ്പെടുത്തി സദ്യാലയങ്ങള്‍ അനധികൃതമായി വിട്ടുകൊടുക്കുക, കാണിക്കവഞ്ചികളിലെ കണക്കുകളില്‍ കൃത്രിമം തുടങ്ങിയ സംഭവങ്ങളുണ്ട്. കുറ്റക്കാരെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ ബോര്‍ഡ് കൈക്കൊണ്ടത്. ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയും വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. മിന്നല്‍ പരിശോധനയടക്കമുള്ളവയുടെ റിപ്പോര്‍ട്ട് മാസാമാസം പ്രസിഡന്റിന് നേരിട്ട് നല്‍കണം. രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ സ്പെഷ്യല്‍ സ്ക്വാഡ് വിജിലന്‍സിന് കൈമാറും.

ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും ഹാജര്‍നില, രജിസ്റ്ററുകള്‍ യഥാസമയം സൂക്ഷിക്കുന്നുണ്ടോ, രസീത്, വഴിപാട് തുക എന്നിവ യഥാസമയം അടക്കുന്നുണ്ടോ, ബാങ്ക് ഇടപാടുകള്‍ സുതാര്യമാണോ, കാണിക്കവഞ്ചി സംരക്ഷിക്കുന്നുണ്ടോ, ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ, ആചാരലംഘനങ്ങള്‍ നടത്തുന്നുണ്ടോ, ക്ഷേത്രോപദേശകസമിതികള്‍ അനധികൃത പണപ്പിരിവ് നടത്തുന്നുണ്ടോ തുടങ്ങി 13 കാര്യങ്ങളാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ സ്ട്രോങ്റൂമുകളില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുശേഷമാണ് അമ്പലപ്പുഴ ക്ഷേത്രത്തിലെ വിലമതിക്കാനാവാത്ത സ്വര്‍ണത്തോല മോഷണം പോയത്. പല പ്രമുഖക്ഷേത്രങ്ങളിലെയും സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ളവ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായിട്ടുണ്ട്.