22 September Saturday

നീതിധാര ഹെൽപ‌് ഡെസ‌്ക‌് പ്രളയബാധിതർക്ക‌് ആശ്വാസമായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

പറവൂർ
പ്രളയ ദുരിതബാധിതർക്കായി ലീഗൽ സർവീസ‌് അതോറിറ്റി പറവൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നീതിധാര ഹെൽപ‌് ഡെസ‌്ക‌് ഒട്ടേറെ പേർക്ക് സഹായകമായി. പറവൂർ കോടതി വളപ്പിൽ  നടന്ന പരിഹാര ചർച്ചയിൽ 150 ഓളം പരാതികൾ പരിഹരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഹെൽപ‌് ഡെസ‌്ക‌് വഴി 20,000 ത്തോളം പരാതികളാണ് ലഭിച്ചത്. പ്രളയത്തിൽ സംഭവിച്ച നഷ്ടങ്ങൾക്കു പരിഹാരം തേടിയാണ് ജനങ്ങൾ പരാതി നൽകിയിട്ടുള്ളത്. ഈ പരാതികൾ പൂർണമായും  തരംതിരിച്ചെടുക്കാൻ ഒരാഴ്ച സമയമെടുക്കും. ഓരോ പരാതിയും വിവിധ ഡിപ്പാർട‌്മെന്റുകൾക്കു കൈമാറും. തുടർന്നു അവയുമായി സഹകരിച്ചു പ്രത്യേകം കൂട്ട അദാലത്തുകൾ സംഘടിപ്പിക്കും.

നഷ്ടപ്പെട്ട 16 റേഷൻ കാർഡുകളും 102 ഡ്രൈവിങ‌് ലൈസൻസുകളും വെള്ളിയാഴ്ച നടന്ന ചടങ്ങിൽ  നൽകി. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ട അഞ്ചു പേർക്ക് പരിഹാരം കൈമാറി. വീടു നഷ്ടപ്പെട്ട 5 പേർക്ക‌് ജുഡീഷ്യൽ ഓഫിസർമാരും കോടതി ജീവനക്കാരും ചേർന്നു 40,000 രൂപ വീതവും 3 പേർക്ക് 30,000 രൂപ വീതവും സഹായധനം നൽകി.

ഹെൽപ‌് ഡെസ‌്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ‌് ഋഷികേശ് റോയ്, ജസ്റ്റിസ‌് സുരേന്ദ്രമോഹൻ എന്നിവർ  എത്തിയിരുന്നു. പ്രിൻസിപ്പൽ ജില്ലാ ജഡ‌്ജി കൗസർ, ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറിയും സബ് ജഡ‌്ജിയുമായ  എ എം ബഷീർ, താലൂക്ക് ലീഗൽ സർവീസ്  അതോറിറ്റി സെക്രട്ടറി  വി വർഗീസ്, പറവൂരിലെ ജൂഡിഷ്യൽ ഓഫിസർമാർ, അഭിഭാഷകർ എന്നിവർ നേതൃത്വം നൽകി.


പ്രധാന വാർത്തകൾ
Top