24 September Monday

മതേതരമൂല്യങ്ങൾ അപകടത്തിൽ: കെസിബിസി

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

കൊച്ചി > ഭരണഘടന വാഗ‌്‌‌ദാനംചെയ്യുന്ന മതേതര ജനാധിപത്യ മൂല്യങ്ങൾ അപകടത്തിലാകുന്നുവെന്ന കടുത്ത ആശങ്ക രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കുണ്ടെന്ന‌് കേരള കാത്തലിക‌് ബിഷപ‌് കൗൺസിൽ (കെസിബിസി) പ്രസിഡന്റ‌് ഡോ. സൂസൈപാക്യം പറഞ്ഞു. കേരളത്തിൽ അത്തരം ആശങ്കകൾക്ക‌് ഇടയില്ലെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു. കെസിബിസി വർഷകാല സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കാനായി വിളിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സൂസൈപാക്യം.

സമൂഹത്തിൽ കോർപറേറ്റ‌് താൽപ്പര്യങ്ങളും അധികാര രാഷ‌്ട്രീയവും ചേർന്നുള്ള അനാരോഗ്യ പ്രവണതയുണ്ട‌്. അത‌് ന്യൂനപക്ഷങ്ങളുടെയും ദുർബല ജനവിഭാഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലാക്കുന്നു. ഭരണഘടന പൗരന‌് വാഗ‌്ദാനംചെയ്യുന്ന മൂല്യങ്ങൾ അപകടഭീഷണി നേരിടുന്നു. ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കാൻ രാഷ‌്ട്രീയാധികാരത്തെ ഉപയോഗിക്കുന്നു. ഭരണഘടനയിലെ അവകാശങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞത ചൂഷണംചെയ്യുകയാണ‌്.  ഇതിനെതിരെ കെസിബിസി മുൻകൈയെടുത്ത‌് ഭരണഘടനാ സാക്ഷരതാ ബോധവൽകരണം സംഘടിപ്പിക്കും.

വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമന അനിശ‌്ചിതത്വം നീക്കാൻ സർക്കാർ മുൻകൈയെടുക്കണം. വിദ്യാഭ്യാസമേഖലയിലെ ന്യൂനപക്ഷ അവകാശം സംരക്ഷിക്കപ്പെടണം. പ്രവാസികളുടെ പുനരധിവാസത്തിനായി നിയമനിർമാണം നടത്തുക, കെവിൻ ജോസഫിന്റെ മരണം സിബിഐ അന്വേഷിക്കുക, ഇതരസംസ്ഥാനക്കാരുൾപ്പെടെയുള്ള തൊഴിലാളികളുടെ പൗരാവകാശം ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക, തോട്ടംമേഖലയിലെ തൊഴിൽ അനിശ‌്ചിതത്വം നീക്കുക എന്നീ ആവശ്യങ്ങൾ  ഉന്നയിച്ചതായി സൂസൈപാക്യം പറഞ്ഞു.

എറണാകുളം﹣അങ്കമാലി അതിരൂപതാ ആർച്ച‌് ബിഷപ‌് മാർ ജോർജ‌് ആലഞ്ചേരിയുമായി ബന്ധപ്പെട്ടുയർന്ന ഭൂമിവിവാദ സംഭവത്തിൽ വിശ്വാസികൾക്കിടയിൽ നിരവധി സംശയങ്ങളും ഭിന്നാഭിപ്രായങ്ങളുമുണ്ട‌്.  അത‌് രൂപതയിൽത്തന്നെ പരിഹരിക്കാവുന്ന വിഷയങ്ങളാണ‌്. വിവാദത്തിനുപിന്നിൽ നിക്ഷിപ്‌ത താൽപ്പര്യക്കാരുണ്ട‌്. സഭയുടെ ഉത്തരവാദപ്പെട്ട സമിതി പ്രശ‌്നം പഠിച്ച‌് വിശ്വാസി സമൂഹത്തിനുമുന്നിൽ  വിശദീകരണം നൽകുമെന്നും സൂസൈപാക്യം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top